ഹരിപ്പാട്ടെ കണ്‍വെന്‍ഷനില്‍ വിതുമ്പിക്കരഞ്ഞ് ചെന്നിത്തല

ആലപ്പുഴ- ഹരിപ്പാട്ടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയില്‍ വികാരാധീനനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് എന്നും തനിക്ക് പ്രിയപ്പെട്ടതാണ്. എന്നും ഈ നാട് തന്നെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയിട്ടുണ്ടെന്നും വിതുമ്പിക്കൊണ്ട്  ചെന്നിത്തല പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ജിവന്‍മരണ പോരാട്ടമാണെന്നും ചെന്നിത്തല പറഞ്ഞു.

ജീവിതത്തില്‍ ഏതു സ്ഥാനം കിട്ടുന്നതിനെക്കാള്‍ വലുതാണ് ഹരിപ്പാട്ടെ ജനങ്ങളുടെ സ്നേഹം. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഉയര്‍ച്ചകളിലും താഴ്ചകളിലും ഹരിപ്പാട്ടെ ജനങ്ങള്‍ തന്നെ ഹൃദയത്തോട് ചേര്‍ത്തുവെച്ചു. ഒരു രാഷ്ട്രീയ നേതാവിന് ഇതിനെക്കാള്‍ വലിയ സൗഭാഗ്യം മറ്റെന്താണ്. ആ സ്നേഹവും വാത്സല്യവും ശക്തിയും ഹരിപ്പാട്ടെ ജനങ്ങള്‍ എന്നും തനിക്ക് നല്‍കി.

നാല് തവണ ഇവിടെനിന്നും എം.എല്‍.എ ആകാനുള്ള അവസരം ജനങ്ങള്‍ നല്‍കി. അഞ്ചാമത്തെ തവണയാണ് ജനവിധി തേടുന്നത്. നിയമസഭയില്‍ മത്സരിക്കുമെങ്കില്‍ അത് ഹരിപ്പാട് മാത്രമായിരിക്കും എന്നുള്ള നിശ്ചയദാര്‍ഢ്യമാണ് തന്നെ നയിച്ചത്. ഒരുഘട്ടത്തില്‍ നേമത്ത് മത്സരിക്കണമെന്ന് അഭിപ്രായം വന്നപ്പോള്‍ ചെന്നിത്തല ഹരിപ്പാട് തന്നെ മത്സരിച്ചാല്‍ മതിയെന്ന് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞതായും ചെന്നിത്തല വ്യക്തമാക്കി.

 

Latest News