പരിശോധന വ്യാപകം; മക്ക പ്രവിശ്യയില്‍ 37 ജ്വല്ലറികള്‍ അടച്ചുപൂട്ടി

തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ പ്രതിനിധികള്‍ ജ്വല്ലറികളില്‍ പരിശോധന നടത്തുന്നു.

റിയാദ്- സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കിയ ജ്വല്ലറി മേഖലയില്‍ പരിശോധന ഊര്‍ജിതമാക്കി. മക്ക പ്രവിശ്യയില്‍ വിദേശികളെ ജോലിക്ക് നിയോഗിച്ച 37 ജ്വല്ലറികള്‍ അടച്ചുപൂട്ടിയതായി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന് പുറമെ ഗവര്‍ണറേറ്റ്, ഗ്രാമകാര്യ നഗര വികസന മന്ത്രാലയം, വാണിജ്യ നിക്ഷേപ മന്ത്രാലയം, പൊതുസുരക്ഷാ വിഭാഗം, ജനറല്‍ ജവാസാത്ത് ഡയരക്ടറേറ്റ് എന്നീ വകുപ്പുകള്‍ ആഭരണ വിപണിയില്‍ സ്വദേശിവത്കരണം നടപ്പാക്കിയെന്ന് ഉറപ്പു വരുത്തും.  
മദീന പ്രവിശ്യയില്‍ 60 ശതമാനം ജ്വല്ലറികളും കഴിഞ്ഞ ദിവസം അടച്ചിട്ട നിലയിലായിരുന്നുവെന്ന് പരിശോധക സംഘം വെളിപ്പെടുത്തി.
ജ്വല്ലറികളില്‍ വിദേശികള്‍ ജോലി ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും വേഗം വിവരം നല്‍കണമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അഭ്യര്‍ഥിച്ചു. നിയമം നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് വരുംദിവസങ്ങളിലും റെയ്ഡ് ഊര്‍ജിതമാക്കും.
ആഭരണ വില്‍പന ശാലകള്‍ മുഴുവന്‍ സ്വദേശി യുവാക്കളുടെ നേതൃത്വത്തില്‍ ഇന്നലെ പ്രവര്‍ത്തിച്ചതായി ജ്വല്ലറി ഷോപ്പുകളുടെ സൗദി ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് ശൈഖ് സ്വാഅ പറഞ്ഞു. സൗദി യുവാക്കള്‍ക്ക് ജ്വല്ലറികള്‍ നടത്തുന്നതിന് പ്രാപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 22 ബില്യണ്‍ വരെ ദേശീയ വരുമാനം നേടിത്തരുന്ന വമ്പന്‍ സാമ്പത്തിക മേഖലയില്‍ സ്വദേശികളുടെ പ്രാതിനിധ്യം അനിവാര്യമാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വദേശി വനിത ദാനഅല്‍ഇല്‍മി അഭിപ്രായപ്പെട്ടു.

ജിസാനിലെ ബത്ഹാനിൽ അടഞ്ഞു കിടക്കുന്ന ജ്വല്ലറികൾ
 

 ജ്വല്ലറികള്‍ നടത്തുന്നതില്‍ തങ്ങള്‍ക്ക് യാതൊരു പ്രയാസവുമില്ലെന്നും ഈ മേഖലയില്‍ മതിയായ പ്രാവീണ്യം നേടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഏതാനും സ്വദേശി യുവാക്കള്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ച മാത്രം നിരവധി സ്വദേശികള്‍ ജ്വല്ലറികളില്‍ ജോലി ചെയ്യുന്നതിനായി മുന്നോട്ടു വന്നുവെന്ന് ഈസ്റ്റ് കൊമേഴ്‌സ്യല്‍ കോംപ്ലക്‌സിലെ ജീവനക്കാരനായ മുഹമ്മദ് അല്‍സഹ്‌റാനി പറഞ്ഞു. രണ്ടു ദിവസം മുമ്പ് ജോലിയില്‍ പ്രവേശിച്ച തനിക്ക് ഇപ്പോള്‍ ഉടമയെ ആശ്രയിക്കാതെ തന്നെ വില്‍ക്കുന്നതിനും വാങ്ങുന്നതിനും സാധിക്കുന്നുണ്ടെന്ന് ഖാലിദ് അല്‍ശഹ്‌രി പറഞ്ഞു. സ്വകാര്യ മേഖലയില്‍ സൗദികള്‍ക്ക് ഇത്രയും യോജിച്ചതും സ്ഥായിയുമായ മറ്റൊരു ജോലിയില്ലെന്നാണ് മുഹമ്മദ് അല്‍ഖഹ്താനിയുടെ അഭിപ്രായം.


 

 

Latest News