ന്യൂദൽഹി- വിമാനത്തിനകത്ത് കോവിഡ് പ്രോട്ടോകോളുകൾ അനുസരിക്കാൻ വിസമ്മതിച്ച നാല് യാത്രക്കാരെ വിമാനത്തിൽ നിന്നിറക്കി സുരക്ഷാ ഏജൻസിയെ ഏൽപ്പിച്ചു. ജമ്മുവിൽ നിന്ന് ദൽഹിയിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് സംഭവം. കോവിഡ് രോഗബാധ രാജ്യത്ത് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സുരക്ഷാമാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് എയർപോർട്ട്, എയർലൈൻ അധികാരികൾക്ക് കഴിഞ്ഞദിവസം സർക്കാർ നിർദ്ദേശം നൽകിയിരുന്നു. നാല് യാത്രക്കാരും ലംഘിച്ചത് അടിസ്ഥാന കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളാണ്. മാസ്ക് ധരിക്കാൻ ഇവർ കൂട്ടാക്കിയില്ല. പലതവണ വിമാനജീവനക്കാർ പറഞ്ഞിട്ടും ഇവർ അനുസരിച്ചില്ല. മാർച്ച് 16നായിരുന്നു സംഭവം.
ദൽഹി എയർപോർട്ടിലെത്തിയ ശേഷമാണ് ഈ യാത്രക്കാരെ സുരക്ഷാ ഏജൻസിയെ ഏൽപ്പിച്ചത്. ഇവർക്കെതിരെ സിവിൽ ഏവിയേഷൻ ചട്ടങ്ങൾ പ്രകാരം നടപടികളെടുക്കും. ഇത്തരം പെരുമാറ്റങ്ങൾക്ക് 3 മാസം മുതൽ 2 വർഷം വരെ വിമാന യാത്രാവിലക്കാണ് ശിക്ഷ.