Sorry, you need to enable JavaScript to visit this website.

മമതയ്ക്കു വേണ്ടി ശരദ് പവാറും തേജസ്വിയും പ്രചാരണം നടത്തരുതെന്ന് ബംഗാളിലെ കോൺഗ്രസ്

കൊൽക്കത്ത- എൻസിപി നേതാവ് ശരദ് പവാറും ആർജെഡി നേതാവ് തേജസ്വി യാദവും പശ്ചിമബംഗാളിൽ മമതയ്ക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങരുതെന്ന് അഭ്യർത്ഥിച്ച് കോൺഗ്രസ്. കോൺഗ്രസ് നേതാവും ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗവുമായ പ്രദീപ് ഭട്ടാചാര്യയാണ് ഇരുവർക്കും നേരിട്ട് കത്തെഴുതി ഇക്കാര്യം അഭ്യർത്ഥിച്ചിരിക്കുന്നത്. കോൺഗ്രസും എൻസിപിയും തമ്മിലുള്ള സഖ്യത്തിലാണ് മഹാരാഷ്ട്രയിലെ ശിവസേനാ നേതൃത്വത്തിലുള്ള സർക്കാർ നിലനിൽക്കുന്നത്. ബിഹാറിൽ കോൺഗ്രസും ആർജെഡിയും തമ്മിൽ സഖ്യം നിലവിലുണ്ട്.

"പശ്ചിമബംഗാളിൽ കോൺഗ്രസും തൃണമൂലും ശക്തമായ രാഷ്ട്രീയ പോരാട്ടത്തിലാണ്. ഒരു താരപ്രചാരകനെന്ന നിലയിൽ നിങ്ങളുടെ സാന്നിധ്യം ബംഗാളിലുണ്ടായാൽ അത് സാധാരണ വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കും," ഭട്ടാചാര്യ തന്റെ കത്തിൽ പറയുന്നു. ആർജെഡി, സമാജ്‍വാദി പാർട്ടി, ശിവസേന, എൻസിപി, ജെഎംഎം എന്നീ പാർട്ടികളെല്ലാം തൃണമൂലിനാണ് ബംഗാളിൽ പിന്തുണ കൊടുക്കുന്നത്. ജാർഖണ്ഡ് മുക്തിമോർച്ചാ നേതാവും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ തങ്ങളുടെ നിലപാട് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. കോൺഗ്രസുമായുള്ള സഖ്യത്തിലൂടെയാണ് ജാർഖണ്ഡ് സർക്കാർ മുമ്പോട്ടു പോകുന്നത്.

അതെസമയം സഖ്യങ്ങളെല്ലാം അതത് സംസ്ഥാനങ്ങളുടെ സാഹചര്യങ്ങൾക്ക് അനുസൃതമായിട്ടാണെന്ന് ജാർഖണ്ഡിലെ കോൺഗ്രസ് പറയുന്നു. തൃണമൂലുമായി ജെഎംഎം സഖ്യം പ്രഖ്യാപിച്ചതിനെ ഇങ്ങനെയാണ് സംസ്ഥാന കോൺഗ്രസ് പ്രസിഡന്റും ധനമന്ത്രിയുമായ രാമേശ്വർ ഓറാവോൺ വ്യാഖ്യാനിക്കുന്നത്.

ഹേമന്ത് സോറന്റെ അഭിപ്രായത്തിൽ വർഗീയ ശക്തികളെ തുരത്താൻ മമതാ ബാനർജി അധികാരത്തിൽ തിരിച്ചെത്തണം. ഹേമന്ത് സോറനും പശ്ചിമബംഗാളിൽ മമതയ്ക്കു വേണ്ടി പ്രചാരണത്തിനിറങ്ങും. ശരദ് പവാറും ഹേമന്ത് സോറനും അഖിലേഷ് യാദവും തേജസ്വി യാദവുമെല്ലാം പ്രചാരണത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസിന്റെ എതിർപ്പ് മൂലം ഇതൊന്നും മാറ്റിവെക്കപ്പെടില്ലെന്നാണ് അറിയുന്നത്. ശരദ് പവാർ താൻ സംസ്ഥാനത്ത് പ്രചാരണത്തിനെത്തുന്ന തീയതി പ്രഖ്യാപിച്ചിട്ടുണ്ട്.

Latest News