ജനീവ- കൂടുതൽ മികവുള്ള കോവിഡ് വാക്സിനുകൾ ഈ വർഷം ഒടുവിലായോ അടുത്ത വർഷത്തോടെയോ എത്തിച്ചേരുമെന്ന് ലോകാരോഗ്യ സംഘടന. പ്രത്യേക താപനിലയിൽ സൂക്ഷിക്കേണ്ടതില്ലാത്ത സ്ഥിതിയിലേക്ക് കോവിഡ് വാക്സിനുകൾ മാറും. എട്ടോളം പുതിയ വാക്സിൻ വികസന പരിപാടികൾ അടുത്ത തലത്തിലേക്ക് കടന്നതായും ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൌമ്യ സ്വാമിനാഥൻ പറഞ്ഞു. 2022ഓടെ വാക്സിനുകൾ കൂടുതൽ മെച്ചപ്പെട്ട നിലയിലാകുമെന്ന് അവർ പറഞ്ഞു. ഇപ്പോഴുള്ളവയുടെ കാര്യക്ഷമത ആവേശകരമാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഇപ്പോൾ പരീക്ഷണത്തിലുള്ള വാക്സിനുകൾ ബദൽ സാങ്കേതികതകളാണ് ഉപയോഗിക്കുന്നതെന്ന് സൌമ്യ സ്വാമിനാഥൻ പറഞ്ഞു. ഒറ്റ ഡോസ് വാക്സിനുകളും, വായിലൂടെ നൽകാവുന്ന വാക്സിനുകളും മൂക്കിലൂടെ സ്പ്രേ ചെയ്യാവുന്ന വാക്സിനുകളുമെല്ലാം ഇതിലുൾപ്പെടുന്നു. ഇത്തരത്തിൽ കൂടുതൽ മികവിലേക്കെത്തിയ വാക്സിനുകൾ നിലവിൽ ഒഴിവാക്കപ്പെട്ടിട്ടുള്ള വിഭാഗങ്ങളെക്കൂടി വാക്സിനേഷനിൽ ഉൾപ്പെടുത്താൻ സഹായകമാകും. ഗർഭിണികളടക്കമുള്ള വിഭാഗങ്ങളെ നിലവിൽ വാക്സിനേറ്റ് ചെയ്യുന്നില്ല.
ഒരു ഡോസുള്ള കോവിഡ് വാക്സിനേഷനിലേക്ക് ഭാവിയിൽ നീങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ലോകാരോഗ്യ സംഘടന. ഇത്തരം വാക്സിനുകൾ ലോകത്തിലെ വാക്സിൻ ലഭ്യതക്കുറവ് വലിയൊരു പരിധി വരെ കുറയ്ക്കും. വാക്സിൻ എല്ലായിടത്തും എത്തിക്കുന്നതിനുള്ള ചെലവിലും വലിയ കുറവുണ്ടാക്കും. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം വെറും 122 രാജ്യങ്ങളിൽ മാത്രമേ കോവിഡ് വാക്സിനേഷൻ തുടങ്ങിയിട്ടുള്ളൂ. ഇത് കോവിഡ് ഭീഷണി ദീർഘകാലം നിലനിന്നേക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്.






