Sorry, you need to enable JavaScript to visit this website.

യെമൻ പ്രസിഡൻഷ്യൽ പാലസിൽ ഇരച്ചുകയറ്റം: സൗദി അറേബ്യ അപലപിച്ചു

റിയാദ് - നിയമാനുസൃത യെമൻ ഭരണകൂടത്തിന്റെ താൽക്കാലിക ആസ്ഥാനമായ ഏദനിൽ അൽമആശീഖ് പ്രസിഡൻഷ്യൽ പാലസിൽ പ്രതിഷേധക്കാർ ഇരച്ചുകയറിയതിനെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നതായി വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഡോ. മഈൻ അബ്ദുൽമലികിന്റെ നേതൃത്വത്തിൽ ഡിസംബർ 30 നു ചുമതലയേറ്റ യെമൻ ഗവൺമെന്റിനെ സൗദി പിന്തുണക്കുന്നു. കടുത്ത മാനുഷിക, സാമ്പത്തിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ യെമൻ ജനതക്ക് സേവനങ്ങൾ നൽകാൻ പുതിയ ഗവൺമെന്റിന് പൂർണമായും അവസരം നൽകണം. റിയാദ് സമാധാന കരാറിൽ അവശേഷിക്കുന്ന വകുപ്പുകൾ കൂടി ഇരു വിഭാഗവും നടപ്പാക്കണം. റിയാദ് സമാധാന കരാർ നടപ്പാക്കുന്നത് യെമനിൽ വ്യത്യസ്ത കക്ഷികളെ ഒരുമിപ്പിക്കുകയും രക്തച്ചൊരിച്ചിൽ തടയുകയും വിള്ളലുകൾ നികത്തുകയും ചെയ്യും. ഇത് രാഷ്ട്രവും സുരക്ഷാ ഭദ്രതയും വീണ്ടെടുക്കാനുള്ള പ്രയാണത്തെയും യെമനിൽ സമഗ്ര രാഷ്ട്രീയ പരിഹാരം കാണാനുള്ള ശ്രമങ്ങളെയും പിന്തുണക്കുമെന്നും സൗദി വിദേശ മന്ത്രാലയം പറഞ്ഞു. 


രാജ്യത്തെ ഗുരുതരമായ സാമ്പത്തിക സാഹചര്യങ്ങളിൽ രോഷം പ്രകടിപ്പിച്ച് ഒരു കൂട്ടം പ്രകടനക്കാർ ഏദനിലെ അൽമആശീഖ് പാലസിൽ ചൊവ്വാഴ്ച അതിക്രമിച്ചു കയറുകയായിരുന്നു. ഇവരെ പിന്നീട് സമാധാനപരമായി പിരിച്ചുവിട്ടു. മോശം സേവനങ്ങളിലും വേതനം വിതരണം ചെയ്യാത്തതിലും പ്രതിഷേധിച്ചും യെമൻ കറൻസിയുടെ മൂല്യശോഷണവും മോശം സാമ്പത്തിക സ്ഥിതിയും തടയണമെന്ന് ആവശ്യപ്പെട്ടുമാണ് റിയാദ് കരാർ പ്രകാരം രൂപീകരിച്ച സർക്കാർ കഴിയുന്ന അൽമആശീഖ് പാലസിൽ പ്രതിഷേധക്കാർ ഇരച്ചുകയറിയത്. 


അതേസമയം, പ്രസിഡൻഷ്യൽ പാലസിൽ പ്രതിഷേധക്കാർ ഇരച്ചുകയറിയ സംഭവം നിയമം അനുവദിക്കുന്ന സമാധാനപരമായ പ്രതിഷേധ പ്രകടനങ്ങളുടെ ഗണത്തിൽ പെടില്ലെന്ന് യെമൻ ഗവൺമെന്റ് പറഞ്ഞു. സമാധാനപരമായി പ്രകടനം നടത്താനുള്ള പൗരന്മാരുടെ അവകാശം സർക്കാർ മാനിക്കുന്നു. സമാധാനപരമായി പ്രകടനം നടത്താനുള്ള പൗരന്മാരുടെ അവകാശം ഭരണഘടനയും നിയമവും ഉറപ്പു നൽകുന്നു. സമാധാന പാതയിൽ നിന്ന് വ്യതിചലിച്ചുള്ള പ്രതിഷേധ പ്രകടനങ്ങൾ അരാജകത്വവാദികൾക്കും രാജ്യത്ത് സമാധാനത്തിനും ഭദ്രതക്കും ഭീഷണി സൃഷ്ടിക്കുന്ന ഹൂത്തികൾക്കും മാത്രമാണ് ഗുണം ചെയ്യുക. പൗരന്മാരുടെ നിയമാനുസൃത ആവശ്യങ്ങൾക്ക് സർക്കാർ മുൻഗണന കൽപിക്കുമെന്നും യെമൻ ഗവൺമെന്റ് പറഞ്ഞു. 


2014 സെപ്റ്റംബർ മുതൽ ഹൂത്തികൾ ആരംഭിച്ച യുദ്ധം, അട്ടിമറി, റിയാദ് സമാധാന കരാർ നടപ്പാക്കാൻ നേരിടുന്ന കാലതാമസം, രൂപീകരിച്ച ശേഷം ഇതുവരെ യെമൻ ഗവൺമെന്റിന് സാമ്പത്തിക സഹായങ്ങൾ ലഭിക്കാത്തത് എന്നിവയെല്ലാമാണ് രാജ്യത്ത് സാമ്പത്തിക, സേവന സ്ഥിതിഗതികൾ വഷളാകാൻ കാരണമെന്നും ഗവൺമെന്റ് പ്രസ്താവനയിൽ പറഞ്ഞു. 
അതേസമയം, സൗദി അറേബ്യക്കെതിരെ ഹൂത്തികൾ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ രൂക്ഷമാക്കിയതിൽ യു.എൻ ദൂതൻ മാർട്ടിൻ ഗ്രിഫിത്‌സ് ആശങ്ക പ്രകടപ്പിച്ചു. 
അൽഹുദൈദയിൽ ഇന്ധനവും റിലീഫ് വസ്തുക്കളും എത്തിക്കുന്നത് തടയുന്നത് ഹൂത്തികൾ തുടരുകയാണ്. മാരിബിൽ ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങൾ ആയിരക്കണക്കിന് യെമനികളുടെ ജീവന് ഭീഷണിയാണെന്നും യെമനിലേക്കുള്ള യു.എൻ ദൂതൻ പറഞ്ഞു. 


 

Latest News