Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജലീലിന്റെ തേരോട്ടം തടയാൻ ഫിറോസിനാകുമോ

എടപ്പാൾ- അട്ടിമറിയിൽ തുടങ്ങിയ വിജയം തുടരുന്ന മന്ത്രി കെ.ടി ജലീലിനെ തടയാൻ ഫിറോസ് കുന്നുംപറമ്പിലിനാകുമോ. മലപ്പുറം ജില്ലയും കേരളവും ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് ഗോദയായി തവനൂർ മാറിക്കഴിഞ്ഞു. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് തവനൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഫിറോസ് കുന്നുംപറമ്പിൽ മത്സരിക്കാനെത്തുന്നത്. തുടക്കത്തിൽ മത്സരിക്കുമെന്ന് അറിയിച്ച ഫിറോസ് പിന്നീട് ഈ അഭിപ്രായം മാറ്റി. എന്നാൽ അധികം വൈകാതെ വീണ്ടും മത്സരിക്കുമെന്ന് അറിയിച്ച് രംഗത്തെത്തുകയായിരുന്നു. ഉമ്മൻ ചാണ്ടിയാണ് ഫിറോസിനോട് വീണ്ടും മത്സരിക്കാൻ ആവശ്യപ്പെട്ടത്. തവനൂരിലേക്ക് കണ്ടുവെച്ചിരുന്ന റിയാസ് മുക്കോളി പട്ടാമ്പിയിലേക്ക് മാറിയതോടെ തവനൂരിൽ ഫിറോസ് മാത്രമായി.

മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ 2006-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചാണ് കെ.ടി ജലീൽ സംസ്ഥാന നിയമസഭയിലേക്ക് ആദ്യമായി എത്തിയത്. ലീഗിൽ കലാപം ഉയർത്തി പുറത്തെത്തിയ ജലീൽ കുഞ്ഞാലിക്കുട്ടിയെ അദ്ദേഹത്തിന്റെ സിറ്റിംഗ് സീറ്റായ കുറ്റിപ്പുറത്ത് അട്ടിമറിക്കുകയായിരുന്നു. കുറ്റിപ്പുറം മണ്ഡലം പിന്നീട് ഇല്ലാതാകുകയും പകരം ഈ മണ്ഡലത്തിന്റെ ചില ഭാഗങ്ങൾ കൂട്ടിച്ചേർത്ത് തവനൂർ മണ്ഡലം രൂപീകരിക്കുകയുമായിരുന്നു. മലപ്പുറം ജില്ലയിലെ പതിനാറ് മണ്ഡലങ്ങളിൽ കോൺഗ്രസ് മത്സരിക്കുന്ന നാലു മണ്ഡലങ്ങളിലൊന്നാണ് തവനൂർ. കഴിഞ്ഞ രണ്ടു തവണ നടന്ന തെരഞ്ഞെടുപ്പിലും ജലീലിനെ മണ്ഡലം പൂർണമനസോടെ സ്വീകരിച്ചു. മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നും അനായാസ വിജയം സ്വന്തമാക്കാനാകുമെന്നും ജലീലും ഇടതുമുന്നണിയും വിചാരിക്കുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നൽകിയ വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും പൂർത്തിയാക്കാൻ ജലീലിന് സാധിച്ചിട്ടുണ്ട്. ഇതിന്റെ ആത്മവിശ്വാസം തന്നെയാണ് ഇടതുമുന്നണിയുടെയും ജലീലിന്റെയും കരുത്ത്. എന്നാൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കുമെന്നാണ് യു.ഡി.എഫിന്റെ വിശ്വാസം.

എടപ്പാളിലെ ഫ്‌ളൈ ഓവറുമായി ബന്ധപ്പെട്ട് വ്യാപാരികൾക്കുണ്ടായ അനിഷ്ടവും ജലീലിന് വിനയാകുമെന്നാണ് യു.ഡി.എഫ് കരുതുന്നത്.
അതേസമയം, ഫിറോസ് കുന്നുംപറമ്പിൽ മത്സരിക്കാൻ എത്തിയതോടെ യു.ഡി.എഫ് ക്യാംപ് വർധിച്ച ആത്മവിശ്വാസത്തിലാണ്. സോഷ്യൽ മീഡിയ ചാരിറ്റിയിലൂടെ പ്രശസ്തനായ ഫിറോസ് എവിടെ എത്തിയാലും ആൾക്കൂട്ടം ചുറ്റും കൂടാറുണ്ട്. ഫിറോസിന്റെ താര പരിവേഷം വോട്ടായി മാറുമെന്നാണ് യു.ഡി.എഫ് വിശ്വാസം. ചൊവ്വാഴ്ച തവനൂർ മണ്ഡലത്തിൽ ഫിറോസ് നടത്തിയ റോഡ് ഷോയിൽ ആയിരങ്ങൾ പങ്കെടുത്തിരുന്നു. മണിക്കൂറുകൾ എടുത്താണ് റാലി സമാപിച്ചത്. മണ്ഡലത്തിൽ റിബൽ ഭീഷണി മുഴക്കുന്ന ചില നേതാക്കളും ഫിറോസിന്റെ റോഡ് ഷോയിൽ പങ്കെടുത്തിരുന്നു. വ്യാഴാഴ്ച ഫിറോസ് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

പതിനഞ്ച് വർഷം എം.എൽ.എയായി പ്രവർത്തിച്ച ജലീലിന്റെ തേരോട്ടം തടയാൻ യു.ഡി.എഫിന് സാധിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു തവണ നടന്ന തെരഞ്ഞെടുപ്പിലും ജലീലിനെ തടയാൻ യു.ഡി.എഫിന് സാധിച്ചില്ല. അതുകൊണ്ട് തന്നെ ഇക്കുറി മുഴുവൻ ശക്തിയും ഉപയോഗിച്ചാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിന് സജ്ജമായത്. ഫിറോസിന്റെ സാന്നിധ്യം തീർക്കുന്ന താരപരിവേഷം ഉപയോഗിച്ച് ജലീലിനെ തടയാൻ പര്യാപ്തമാണോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
കഴിഞ്ഞ പതിനഞ്ചുവർഷം കൊണ്ട് ഇടതുമുന്നണിയുടെ അവിഭാജ്യഘടകമായി ജലീൽ ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുത്ത ബന്ധം തന്നെയായിരുന്നു ജലീലിന്റെ ഉയർച്ചയിലെ മുഖ്യഘടകം. പാർട്ടിക്കകത്തും പുറത്തുമുള്ള പിന്തുണയും കാന്തപുരം അബൂബക്കർ മുസ്്‌ലിയാർ നേതൃത്വം നൽകുന്ന സമസ്തയുടെ പിന്തുണയും ജലീലിന്റെ വിജയത്തിനുള്ള പ്രധാന ഘടകങ്ങളിൽ ഒന്നാണ്. 
ഫിറോസ് കുന്നുംപറമ്പിലിലൂടെ ജലീലിന്റെ വിജയഗാഥക്ക് തടയിടാനുള്ള നീക്കം വിജയിച്ചോ എന്നറിയാൻ ഫലമറിയുന്നത് വരെ കാത്തിരിക്കണം. തുടക്കത്തിൽ ഈസി വാക്കോവർ പ്രതീക്ഷിച്ചിരുന്ന തവനൂർ മണ്ഡലം ഏതായാലും ആ അവസ്ഥയിൽനിന്ന് മാറിയിട്ടുണ്ട്.
 

Latest News