Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അൽപം ആര്യവൈദ്യ ചിന്ത

കേരളത്തിൽ ഉപഭോക്ത്രൃ പ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ പെടുന്ന മുരളീധാരൻ നായർ എന്ന കെ ജി എം നായരെ ഞാൻ പരിചയപ്പെട്ടത് അര നൂറ്റാണ്ടു മുമ്പായിരുന്നു.  മുറിഞ്ഞും വീണ്ടും മുളച്ചും  ആ പരിചയം അങ്ങനെ തുടർന്നുപോന്നു.  തീവ്രവാദവും പ്രണയവും ഉപഭോക്തൃ പ്രസ്ഥാനവും സർക്കാരുദ്യോഗവുമൊക്കെയായി അദ്ദേഹം അദ്ദേഹത്തിന്റെ വഴിക്കും ഞാൻ എന്റെ ഊടുവഴിക്കും നീങ്ങുകയായിരുന്നു.  അങ്ങനെയിരിക്കേ കഴിഞ്ഞ ആഴ്ച ഞങ്ങൾ വീണ്ടും കണ്ടുമുട്ടി.  ഇത്തവണ കണ്ടപ്പോൾ ഞങ്ങളുടെ സംസാരം അധികവും ആര്യവൈദ്യത്തെപ്പറ്റിയായിരുന്നു. ഒരാൾക്ക് എനിക്ക്ആയുർവേദത്തെപ്പറ്റി ഒരു ഗ്രാഹ്യവുമില്ലാതിരിക്കുകയും മറ്റേയാൾക്ക,് മുരളിക്ക്, കുറെ പിടിപാട് ഉണ്ടാവുകയും ചെയ്യുന്നതുകൊണ്ട് സംസാരം ഫലപ്രദവും രസകരവുമായി.
മുരളി വൈദ്യനല്ല. പക്ഷേ വൈദ്യശാലക്കു വേണ്ട ഒരുക്കം ഏർപ്പെടുത്താനും വൈദ്യപുസ്തകങ്ങൾ ഇറക്കാനും മുരളിക്ക് യോഗമുണ്ടായി.  ആ വഴിയേ മുന്നേറിയപ്പോൾ ആയുർവേദത്തിന്റെ ഭാവത്തെയും യോഗത്തെയും പറ്റി ആലോചിക്കാൻ ഇട വന്നു.  പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഗമവും സംഘർഷവും വിലയിരുത്താൻ നോക്കി.  അതിനുപകരിക്കുന്നതായിരുന്നു മാവേലിക്കരയിലെ വലിയൊരു വൈദ്യൻ.  മുരളിക്ക് ജാമാതാവും ഗുരുനാഥനുമായിരുന്ന അദ്ദേഹം മാവേലിക്കരക്കാർക്ക്
ധന്വന്തരിയുടെ അംശാവതാരമായിരുന്നു.  ബൃഹത്തും സർഗാത്മകവുമായ ഒരു ചികിത്സാ ക്രമത്തിന്റെ ഒടുവിലത്തെ കണ്ണിയായിരുന്നു കെ സി കുഞ്ഞിരാമൻ വൈദ്യർ.  പരസ്യവും വ്യാപാരവുമില്ലാത്ത ആ ചികിത്സാക്രമത്തെപ്പറ്റിയുള്ള ചിന്തകൾ വൈദ്യർ അപ്പപ്പോൾ ഉദീരണം ചെയ്യുകയും മുരളി കുറിച്ചും ക്രോഡീകരിച്ചും എടുക്കുകയും ചെയ്തു.
പരസ്യവും വ്യാപാരവുമാണ് വാസ്തവത്തിൽ ആധുനികതയുടെ രണ്ടു നിർണായ കഘടകങ്ങൾ.  കുഞ്ഞിരാമൻ വൈദ്യരുടെ ലോകത്തെ പരമ്പരാഗതമെന്നോ പഴഞ്ചെനെന്നോ പറയുന്നുണ്ടെങ്കിൽ അതിനൊരു കാരണം അതിൽ പരസ്യത്തിനും വാണിജ്യത്തിനും സ്ഥാനമില്ലായിരുന്നു എന്നതു തന്നെ.  മുട്ടിന്റെയോ മൂലത്തിന്റെയോ അവസ്ഥ മാറ്റിയെടുക്കാനുള്ള മരുന്നിനെപ്പറ്റി നാടു നീളെ പറഞ്ഞു നടക്കുന്ന രീതി കുഞ്ഞിരാമൻ വൈദ്യർക്ക് സങ്കൽപിക്കാൻ വിഷമമായിരുന്നിരിക്കണം.  രോഗികൾ കേട്ടും പറഞ്ഞും പ്രചരിപ്പിച്ച അനുഭവ പാഠങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രശസ്തിയുടെ ആധാരം.  പണമെറിഞ്ഞ് പരസ്യം കൊടുക്കുകയും പരസ്യത്തെ ധനവൽക്കരിക്കാൻ ആതുരരായ രോഗികളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന രീതിയും ആ സംസ്‌കൃതിയും തമ്മിൽ ചേരില്ല.
പരസ്യത്തെപ്പറ്റിയുള്ള  പഴയ ഒരു മൊഴി ഓർക്കുക. തീർത്തും ആവശ്യമില്ലാത്ത ഒരു സാധനം കൂടിയേ തീരൂ എന്നു തോന്നിപ്പിക്കുന്നതാണ് പരസ്യ വിദ്യ.  വിരുതനാണ് പരസ്യം തയ്യാറാക്കുന്നതെങ്കിൽ, ആ സാധനം കഴിക്കാൻ അവസരം തരുമാറ്, അതുകൊണ്ട് ഭേദപ്പെടുത്താമെന്നു പറയുന്ന അസുഖം പിടിപെടട്ടെ എന്നു പോലും ആഗ്രഹിക്കുന്നവർ ഉണ്ടാകാം.  കുഞ്ഞിരാമൻ വൈദ്യരുടെ ചിന്താപദ്ധതി നിലവിലിരുന്ന കാലത്ത്, എന്നുവെച്ചാൽ, ആയുർവേദം വ്യാപാരവൽക്കരിക്കപ്പെടാതിരുന്നപ്പോൾ, പരസ്യപ്പെടുത്തിയിരുന്ന ചില സാധനങ്ങൾ ഓർക്കുന്നു.  എന്റെ കുട്ടിക്കാലത്ത് ധാരാളം പരസ്യങ്ങളിൽ തിളങ്ങിനിന്നിരുന്ന ഒന്നാണ് മദനകാമേശ്വരി ലേഹ്യം.  
പിന്നെ ആരോ പറഞ്ഞ പോലെ, ഇരുമ്പ് കൊണ്ടുള്ള ഞരമ്പുകളും ഉരുക്ക് കൊണ്ടുള്ള പേശികളും ഉണ്ടാക്കാൻ സഹായിക്കുന്ന ജീവൻ ടോൺ.  ആ രണ്ടു സാധനങ്ങളും അവശ്യ വസ്തുക്കളാണെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നില്ല.  അവയേക്കാൾ കൂടുതൽ ആവശ്യമാകാവുന്നതായിരുന്നു 'ആന്ധ്രയിൽനിന്നു വരുന്ന ആണിരോഗ വിദഗ്ധൻ' അനുഷ്ഠിക്കുന്ന സേവനം.  രോഗം മാറിയതുകൊണ്ടോ സേവനം ഫലിക്കാത്തതുകൊണ്ടോ, ആന്ധ്രയിൽനിന്നുള്ള ആണിരോഗ വിദഗ്ധൻ ഇപ്പോഴൊന്നും പരസ്യത്തിൽ വിലസാറില്ല.   
അതിശയോക്തിയാണ് പരസ്യത്തിന്റെ സ്വഭാവം തന്നെ. മരുന്നിന്റെയോ മന്ത്രത്തിന്റെയോ ഭാവവും ഫലവും അഞ്ചാറു വരി വാക്കുകളിൽ കാര്യമാത്ര പ്രസക്തമായി വിവരിച്ചാൽ പരസ്യമാവില്ല.  രോഗിയുടെയും കാണിയുടെയും മനസ്സിൽ വിസ്മയം വിടർത്തുന്നതാവണം വിവരണവും ചിത്രീകരണവും.  യാഥാർഥ്യമെന്നു തോന്നാവുന്ന ആകർഷകമായ അയാഥാർഥ്യം.  അതൊപ്പിച്ചെടുക്കാൻ സുന്ദരികളെ വേണം.  അവർ പരിചിതരല്ലാതിരുന്നാൽ അത്രയും കൊള്ളാം.  അതിനാകട്ടെ കൂടുതൽ പണം മുടക്കേണ്ടിവരും. മുടങ്ങട്ടെ.  മരുന്നാണെങ്കിൽ രോഗിയിൽനിന്നും ആഭരണമാണെങ്കിൽ അണിയുന്നവരിൽനിന്നും വേണ്ട തുക ഈടാക്കാമല്ലോ.  നാലാൾ കൂടുതൽ കാണാൻ പാകത്തിലുള്ള പരസ്യമാണെങ്കിൽ ലക്ഷക്കണക്കിനാകും ചെലവ്. അതും കൂടെക്കൂടെ കാണിക്കേണ്ടിയും വരും.  
പരസ്യത്തെയും സത്യത്തെയും പറ്റി പഴയ ചില ധാരണകൾ മാറിയിരിക്കുന്നു.  പണം വിരിയിക്കുന്ന പരസ്യമാകാനിടയുള്ളത് വാർത്തയായി കൊടുക്കരുതെന്നൊരു നിബന്ധന ഉണ്ടായിരുന്നു.  പരസ്യത്തേക്കാൾ വിശ്വാസ്യതയുണ്ടാകാം വാർത്തക്ക് എന്നു തോന്നിയപ്പോൾ പരസ്യം വർത്തമാനം പോലെ ആക്കിനോക്കി.  പണ്ടൊരിക്കൽ മുടി മുളപ്പിക്കുന്ന ഒരു മരുന്നു കണ്ടുപിടിച്ചു, ഒരു വിദ്വാൻ. വൈദ്യനല്ല.  അതു വാർത്തയായി.  മുടിയില്ലാത്ത മനുഷ്യരെ എപ്പോഴും മുടിയുള്ള ദേവന്മാരാക്കുന്ന ആ തന്ത്രം പരസ്യമെന്ന നിലയിൽ ഏറ്റു.  മുടി മുളക്കുന്നോ എന്നു നോക്കാൻ ലേഖകർ മെനക്കെട്ടില്ല. കുട്ടിക്കാലത്ത് എന്റെ തലയിൽ അമ്മ തേപ്പിച്ചിരുന്നതും തന്റെ തലയിലും പതിവായി തേച്ചിരുന്നതും ആയ എണ്ണയിൽ ചേർത്തിരിക്കുന്നത് അതേ കയ്യോന്നിയല്ലേ എന്നു ഞാൻ എന്നോടു തന്നെ ചോദിച്ചു. ചോദ്യവും ഉത്തരവും ഫലിതമാകുന്ന കാലം എത്തിക്കഴിഞ്ഞിരുന്നു.  
മുരളിയുൾപ്പടെ ചിലർ ഉപഭോക്തൃ പ്രസ്ഥാനവുമായി ചാടിപ്പുറപ്പെട്ടപ്പോൾ ഉപഭോഗവും പരസ്യവും വാസ്തവികതയും നിയമവും തമ്മിൽ ഒരു ബന്ധമുണ്ടായിരുന്നു.  പരസ്യത്തിലെ അവകാശവാദം വാസ്തവത്തിനു നിരക്കാത്തതായാൽ അത് ഉന്നയിക്കുന്നവരും ഉണ്ടാക്കുന്നവരും ഉത്തരം പറയുകയും നഷ്ടം നികത്തുകയും വേണ്ടിവരും എന്നായിരുന്നു ധാരണ. പരസ്യം പോയിട്ട്, വാർത്ത പോലും തെറ്റായാൽ ഒരു ചുക്കും വരാനില്ല എന്നായിരിക്കുന്നു സാമൂഹ്യ സ്ഥിതി.  മണ്ടയിൽ മുടി മുളച്ചില്ലെന്നോ മുട്ടുകാലിൽ മുക്കുറ്റി വിടർന്നില്ലെന്നോ പരാതിപ്പെട്ട് ആരും കച്ചേരി കേറിയ ചരിത്രമില്ല.  ഒരു എമണ്ടൻ നുണ വിഴുങ്ങിയതു കൂടാതെ, കോടതിച്ചെലവിന് പിന്നെയും പണം ഇറക്കാൻ ആര് ഇഷ്ടപ്പെടും? കുഞ്ഞിരാമൻ വൈദ്യർക്ക് മനസ്സിലാകുന്നതോ പൊറുക്കാവുന്നതോ ആവില്ല പരസ്യമായ ഈ രഹസ്യം.
കൊടക്കാട്ടിൽ ശങ്കരൻ വൈദ്യർ നാടിന്റെ നാലതിരിനുള്ളിൽ ഒതുങ്ങിനിന്ന വിശ്വസ്തനായിരുന്നു.  മുട്ടു കവിയുന്ന കയ്യുള്ള കുപ്പായവും മുഴങ്ങുന്ന ശബ്ദവും ഇടവഴി നിറഞ്ഞുനീങ്ങുന്ന നടത്തവും ഉള്ള ശങ്കരൻ വൈദ്യർ എല്ലാവർക്കും അഭിഗമ്യനായിരുന്നു. അദ്ദേഹം ചികിൽസിച്ചാൽ മാറാത്ത രോഗമില്ല. അങ്ങനെയൊന്നുണ്ടെങ്കിൽ അതു മരണത്തിലേ കലാശിക്കൂ.  ശരിയായാലും തെറ്റായാലും ഒരു ജനതയുടെ രക്ഷാമന്ത്രമായിരുന്നു ശങ്കരൻ വൈദ്യരുടെ വചനം.  ആ ആശ്വാസത്തിനു വിലയില്ല.  ആവുന്നവർ ആവുന്ന തോതിലും രൂപത്തിലും അദ്ദേഹത്തിന് ഉപഹാരം എത്തിച്ചു.  അതെന്തെന്നോ എന്തിനെന്നോ അദ്ദേഹം നോക്കിയില്ല.  വാണിജ്യമല്ല വൈദ്യം.  
ബാലൻ വൈദ്യർ രോഗിയെപ്പോലെ കാണപ്പെട്ടു.  കണങ്കാൽ തൊടാത്ത മുണ്ടും തുണി വെട്ടിയെടുത്ത കയ്യില്ലാത്ത ബനിയനും ആയിരുന്നു സ്ഥിരം ചമയം.  നേരിയ വിളർപ്പും വായിൽ എപ്പോഴും ശബ്ദമില്ലാതെ ഇഴഞ്ഞുകൊണ്ടിരുന്ന നാക്കും അദ്ദേഹത്തെ വേറിട്ടു നിർത്തി.  രോഗിയുടെ വേദനയുടെ വിവരണം വൈദ്യർ എപ്പോഴും അനുകരിച്ചു കാണിച്ചു.  അതു വഴി നിഗൂഢമായ ഒരു പാരസ്പര്യം രൂപം കൊള്ളുകയായിരുന്നു.  ഇടനേരത്ത് കവിത എഴുതി.  മരണത്തോടടുത്തിരുന്ന എന്റെ ടൈഫോയ്ഡ് മാറ്റിയത് ബാലൻ വൈദ്യർ ആയിരുന്നു.  രോഗം മാറാതിരിക്കുകയും മരുന്ന് ഫലിക്കാതിരിക്കുകയും ചെയ്തപ്പോൾ ധന്വന്തരിയെ ധ്യാനിച്ച് അദ്ദേഹം തന്ന ഔഷധം അത്ഭുതമായിരുന്നുവെന്ന് അമ്മ പറയുമായിരുന്നു.  ധന്വന്തരി വ്യാപാരിയായിരുന്നില്ല.
ധന്വന്തരിയോ വ്യാപാരിയോ അല്ലാത്ത രാമുട്ടിയെ ഓർക്കട്ടെ.  ശങ്കരൻ വൈദ്യരോ ബാലൻ വൈദ്യരോ ഇല്ലാത്ത നേരത്ത് രാമുട്ടി പ്രയോജനപ്പെട്ടു.  വില്ലു പോലെ വളഞ്ഞുകുത്തിനിൽക്കുന്ന രാമുട്ടി എവിടെന്നെല്ലാമോ മരുന്ന് പറിച്ചെടുത്ത് തന്റേതായ യോഗങ്ങൾ അവതരിപ്പിക്കുമായിരുന്നു.  ഇത് ഞങ്ങളുടെ യോഗമല്ലല്ലോ എന്ന് ശങ്കരൻ വൈദ്യർ ഒരിക്കൽ ഒട്ടൊരു പരിഹാസത്തോടെ പറഞ്ഞത് ഓർക്കുന്നു.  
ശങ്കരൻ വൈദ്യർക്കും ബാലൻ വൈദ്യർക്കും വശമല്ലാത്ത ഒരു സിദ്ധി ഉണ്ടായിരുന്നു രാമുട്ടിക്ക്.  വനയെക്ഷിയെ വശത്താക്കിയിരുന്ന രാമുട്ടി മന്ത്രം വാദത്തിനും പ്രയോഗത്തിനും കൊള്ളാവുന്നതാക്കി.  അവിടെയും വാണിജ്യമില്ലായിരുന്നു.  ഒരു ഇടങ്ങഴി അരിയോ ഒരു മുണ്ടോ കിട്ടിയാൽ രാമുട്ടി തൃപ്തനായി.  പക്ഷേ പിന്നെപ്പിന്നെ തൃപ്തിയുടെ ലോകം ചുങ്ങിച്ചുങ്ങിപ്പോയി.
വാണിജ്യത്തെയും വ്യാപാരത്തെയും പരസ്യത്തെയും മൊത്തത്തിൽ തള്ളിപ്പറയുകയല്ല.  ലഭ്യമായ സൗകര്യത്തെപ്പറ്റി പൊതുവായി അറിവ് നൽകാൻ പരസ്യം വേണം.  ഉൽപന്നം ഉണ്ടാക്കാനും വിതരണം ചെയ്യാനും ചെലവുണ്ട്. അതിൽ ഏർപ്പെട്ടിരിക്കുന്നവരുടെ കുടുംബം പുലരണം.  അതിനു വേണ്ട പണം ആകാശത്തുനിന്നു വരില്ല. 
 ഏറെ പരിമിതമായ ആവശ്യങ്ങളും ഉൽപാദന വിപണന രീതികളും ഉള്ള ഒരു ജനപദം കൂടുതൽ ബന്ധങ്ങളിലേക്കു നീങ്ങുമ്പോൾ പഴയ ശീലുകൾ മാറും, മാറണം. എന്നാലേ അര നൂറ്റാണ്ടു മുമ്പ് അൻപത് ആയിരുന്ന ശരാശരി ആയുസ്സ് എഴുപത്തഞ്ച് ആയി ഉയരുകയുള്ളൂ.  പുതിയ ഉൽപന്നങ്ങളും കൈമാറ്റ രീതികളും വന്നാലേ അതു സാധ്യമാകൂ.  മറ്റൊരു ശീലിൽ പറഞ്ഞാൽ, ആഗോളവൽക്കരണത്തിന്റെ ഭാഗമാണ് വാണിജ്യം.  അതു ഫലപ്രദമാകണമെങ്കിൽ ലാഭം ഉണ്ടാകണം.  ലാഭം, ആ അർഥത്തിൽ, നന്മയാകുന്നു.  നമ്മൾ യാന്ത്രികമായി വിവക്ഷിക്കാറുള്ളതു പോലെ 'കൊള്ളലാഭം' ആവരുതെന്നേയുള്ളൂ. 
ലാഭമുണ്ടാക്കാത്ത ഒരു ധനസമൂഹത്തെ ഇനി വിഭാവനം ചെയ്യാനാവില്ല.  എല്ലാം ലാഭത്തിനു വേണ്ടി, എപ്പോഴും പെരുകുന്ന ലാഭത്തിനു വേണ്ടി എന്ന സ്ഥിതി വരുന്നതാകും ആപത്ത്.  ആഗോളവൽക്കരണത്തിന്റെ നന്മതിന്മകളെപ്പറ്റി ചർച്ച ചെയ്യുന്ന കൂട്ടത്തിൽ മൈക്കേൽ സാന്റൽ എന്ന അമേരിക്കൻ ചിന്തകൻ ഉന്നയിച്ച ഒരു മുന്നറിയിപ്പ് ഓർത്തുപോവുന്നു: 'വിപണിയിൽ വിൽക്കാത്തതും പണം കൊടുത്ത് വാങ്ങാത്തതുമായ'
ചിലതും ജീവിതത്തിൽ അനുഭവിക്കാം. വിലയ്ക്ക് വാങ്ങുകയും വിൽക്കുകയും ചെയ്യാൻ വയ്യാത്ത ചിലതാണ് സംസ്‌കൃതിയുടെ ശ്വാസമായി വർത്തിക്കുന്നത്.  വൈദ്യം വിൽപനയും വാങ്ങലും മാത്രമല്ലാത്ത രീതിയിൽ നില നിർത്താൻ കുഞ്ഞിരാമൻ വൈദ്യരെപ്പോലുള്ളവരുടെ ഓർമ്മ ഉപകരിക്കും.   


 

Latest News