പറയാനുള്ളത് ഇനിയും പറയും, കേന്ദ്രത്തിനെതിരെ വീണ്ടും കടുപ്പിച്ച് മേഘാലയ ഗവര്‍ണര്‍

ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചും ബിജെപിയെ വിമര്‍ശിച്ചും വീണ്ടും മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രംഗത്ത്.  നാലുമാസമായി തുടരുന്ന കര്‍ഷക സമരം കാരണം ബിജെപിക്ക് യുപിയിലും ഹരിയാനയിലും രാജസ്ഥാനിലും പിന്തുണ ഇടിയുമെന്ന് അദ്ദേഹം പ്രവചിച്ചു. ഒരു പട്ടി ചത്താല്‍ പോലും ആളുകള്‍ ദുഃഖിക്കും. 250 കര്‍ഷകരാണ് ഇതുവരെ മരിച്ചത്. എന്നിട്ടും ആരും ദുഃഖം അറിയിച്ചിട്ടില്ല- കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു. ഈ സമരം ഇങ്ങനെ തന്നെ തുടര്‍ന്നാല്‍ ബിജെപിക്കുള്ള പിന്തുണ ഇടിയുമെന്നും എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

കര്‍ഷക സമരം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും സംസാരിച്ചിരുന്നു. കര്‍ഷകരെ ഒരിക്കലും വെറും കയ്യോടെ മടക്കി അയക്കരുത്. സര്‍ക്കാര്‍ അവരുമായി ഉടന്‍ ചര്‍ച്ചകള്‍ക്ക് വഴിതുറക്കണം- അദ്ദേഹം പറഞ്ഞു. 

സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നതില്‍ ഭയമുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: 'ഞാന്‍ ശല്യമാണെന്ന് സര്‍ക്കാരിന് തോന്നുകയാണെങ്കില്‍ പദവി ഒഴിയും. ഗവര്‍ണര്‍ അല്ലെങ്കിലും പറയാനുള്ളത് ഞാന്‍ തുറന്നു പറയും. കര്‍ഷകര്‍ ഇത്രത്തോളം അനുഭവിക്കുന്നത് എനിക്ക് സഹിക്കില്ല. നാട്ടുകാര്‍ എംഎല്‍എമാരെ പിടികൂടി അടിക്കുന്നതിനാല്‍ ബിജെപി നേതാക്കള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ഒരു പരിഹാരം ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നത് അവരാണ്. എന്റെ പ്രസ്താവന പാര്‍ട്ടിക്ക് ദോഷമല്ല. തങ്ങള്‍ക്കു വേണ്ടി ആരെങ്കിലും സംസാരിക്കുന്നുണ്ടല്ലോ എന്ന് കര്‍ഷകര്‍ക്ക് ബോധ്യപ്പെടും,' അദ്ദേഹം പറഞ്ഞു.

2019ല്‍ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തു മാറ്റി രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കുമ്പോള്‍ സംസ്ഥാന ഗവര്‍ണറായിരുന്നു സത്യപാല്‍ മാലിക്. താമസിയാതെ അദ്ദേഹത്തെ ഗോവയിലെ ഗവര്‍ണറാക്കി മാറ്റി നിയമിച്ചു. അവിടെ ബിജെപി സര്‍ക്കാരുമായി ഭിന്നത ഉണ്ടായതിനെ തുടര്‍ന്നാണ് മേഘാലയയിലേക്കു സ്ഥലംമാറ്റിയത്.

Latest News