Sorry, you need to enable JavaScript to visit this website.

വിസ വേണോ? ആദ്യം ചെന്ന് ചൈനീസ് വാക്‌സീനെടുക്കൂ 

ബെയ്ജിങ്- ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പാകുന്നതിനു മുന്‍പുതന്നെ ചൈനീസ് വാക്‌സീന്‍ അംഗീകരിക്കാന്‍ മറ്റു രാജ്യങ്ങള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തിയ ചൈന പുതിയ തന്ത്രവുമായി രംഗത്ത്. ചൈന നിര്‍മിക്കുന്ന കോവിഡ് വാക്‌സീന്‍ കുത്തിവച്ചാല്‍ മാത്രമേ ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികള്‍ക്ക് ചൈനയിലേക്കു വിസ അനുവദിക്കൂ. ജോലിക്കും പഠനത്തിനുമായി ചൈനയിലേക്കു പോകുന്ന മറ്റു രാജ്യക്കാര്‍ ഇനി ചൈനീസ് വാക്‌സീന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടി വരും. മറ്റു രാജ്യങ്ങളുടെ വാക്‌സീനുകളൊന്നും ചൈന അംഗീകരിക്കുന്നില്ല.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മുതല്‍ വിദേശികള്‍ക്ക് ചൈന വിസ അനുവദിക്കുന്നില്ല. ഇപ്പോള്‍ ചൈനയില്‍ കോവിഡ് നിയന്ത്രണ വിധേയമാണ്. വിസ നടപടികള്‍ വേഗത്തിലാക്കുമെന്നും ചൈനീസ് വാക്‌സീന്‍ സ്വീകരിക്കുന്നവര്‍ക്കു മാത്രമായിരിക്കും ചൈനയിലേക്കു പ്രവേശനമെന്നും ചൈനീസ് എംബസികള്‍ ഇന്ത്യ, അമേരിക്ക, പാക്കിസ്ഥാന്‍ എന്നിവയടക്കം 20 ഓളം രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ ചൈനീസ് വാക്‌സീന്‍ ലഭ്യമല്ല. ചൈനീസ് വാക്‌സീന്‍ വിതരണത്തിന് ഇന്ത്യന്‍ സര്‍ക്കാരിന് പദ്ധതിയുമില്ല. ഈ സാഹചര്യത്തില്‍ തൊഴിലിനും പഠനത്തിനുമായി ചൈനയിലേക്കു പോകേണ്ട ഇന്ത്യക്കാരുടെ നില പരുങ്ങലിലായി.  23000 ത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ചൈനയിലേക്കു മടങ്ങാനാവാതെ വിഷമിക്കുന്നത്.
ചൈനയില്‍ ജോലി ചെയ്യുന്നവര്‍, അവിടെ കുടുങ്ങിയ കുടുബാംഗങ്ങളെ കാണാന്‍ പോകുന്നവര്‍, ബിസിനസ് യാത്രക്കാര്‍ തുടങ്ങിയവര്‍ക്കാണ് നിലവില്‍ വിസ അനുവദിക്കുക. അപേക്ഷ സമര്‍പ്പിക്കുന്നതിനു 14 ദിവസം മുന്‍പ് ചൈനീസ് വാക്‌സീന്‍ സ്വീകരിച്ചാല്‍ മാത്രമേ വിസ അനുവദിക്കൂ. ഒരു ഡോസ് വാക്‌സീന്‍ എങ്കിലും സ്വീകരിച്ചിരിക്കണമെന്നാണ് പുതിയ വ്യവസ്ഥ. ചൈനീസ് വാക്‌സീനു രാജ്യാന്തര തലത്തില്‍ അംഗീകാരം ലഭിക്കാനുള്ള കുറുക്കുവഴിയല്ല ഇതെന്നും ചൈനീസ് വാക്‌സീന്‍ എടുക്കാത്തവര്‍ക്ക് പ്രവേശനം അനുവദിക്കാവില്ലെന്നും ഇന്ത്യന്‍ എംബസിയുടെയും വിദ്യാര്‍ഥികളുടെയും നിരന്തര അഭ്യര്‍ഥനയെ തുടര്‍ന്നാണ് വിസ അനുവദിക്കാന്‍ തീരുമാനിച്ചതെന്നും ചൈന വിശദീകരിക്കുന്നു. 
 

Latest News