Sorry, you need to enable JavaScript to visit this website.

ആ മതേതരത്വം വേണ്ട, കെ.എൻ.എ ഖാദറിനെതിരെ ഹമീദ് ഫൈസി അമ്പലക്കടവ്

കോഴിക്കോട്- തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയർപ്പിച്ച മുസ്്‌ലിം ലീഗ് സ്ഥാനാർത്ഥി കെ.എൻ.എ ഖാദറിനെതിരെ പ്രതികരണവുമായി സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. മതത്തിൽനിന്ന് പുറത്തുപോകുന്ന കാര്യമാണ് കെ.എൻ.എ ഖാദർ ചെയ്തതെന്ന് ഹമീദ് ഫൈസി വ്യക്തമാക്കി. 
ഹമീദ് ഫൈസിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
'തീർച്ചയായും ഭഗവാൻ ഗുരുവായൂരപ്പൻ എന്റെ മനസ്സു കാണും തീർച്ചയായും അദ്ദേഹം അനുഗ്രഹിച്ചിട്ടുണ്ട് എന്നാണ് ഞാൻ കരുതുന്നത് ഈ കുചേലന്റെ അവിൽപ്പൊതി സ്വീകരിക്കാതിരിക്കില്ല എന്ന് എനിക്കുറപ്പുണ്ട്.' ഒരു മുസ്ലിം ഇപ്രകാരം പറഞ്ഞാൽ തുടർന്ന് അദ്ദേഹത്തിന് മതത്തിലുള്ള സ്ഥാനം എന്തായിരിക്കും?
'ഭഗവാൻ ഗുരുവായൂരപ്പന്റെ മുമ്പിൽ ചെറിയ അവിൽ പൊതിയുമായി വരുന്ന  രാഷ്ട്രീയ കുചേലനാണ് ഞാൻ. എന്റെ  ഇനീഷ്യൽ കണ്ണനാവിൽ എന്നാണ്. ഇവിടെ വലിയ മാറ്റം വരും അത് കണ്ണനാൽ ഉണ്ടാകുന്ന മാറ്റമാണ്.'
ഇങ്ങനെ ഒരു മുസ്ലിം പ്രസംഗിച്ചാലോ?
'ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിലെത്തി ചെരുപ്പ് അഴിച്ചുവച്ച് കാണിക്ക അർപ്പിച്ചു' ഒരു മുസ്ലിം ഇപ്രകാരം ചെയ്താൽ മതത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം എന്തായിരിക്കും?
'ഗുരുവായൂർ ക്ഷേത്രത്തിലെത്തി കൈകൂപ്പി തൊഴുതു'
ഇങ്ങനെ ഒരു മുസ്ലിം ചെയ്താലോ.?
ഇസ്‌ലാമിക കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ ഒരു അധ്യായമുണ്ട്  'കിതാബുരിദ്ധത്ത്' എന്നാണ് അതിന്റെ തലവാചകം. മതത്തിൽ നിന്ന് പുറത്തു പോകാൻ ഇടയാക്കുന്ന കാര്യങ്ങളാണ് അതിൽ ചർച്ച ചെയ്യുന്നത്. ആ അധ്യായം മാത്രം ഒന്ന് വായിച്ചാൽ ഉദ്ധൃത വിഷയങ്ങളുടെ  ഗൗരവം ബോധ്യപ്പെടും.
മുസ്ലിം സംഘടനകളുടെ നേതൃസ്ഥാനത്ത് ഇരിക്കുന്നവർ ഇപ്രകാരം ചെയ്താൽ അത് അവരെ മാത്രമല്ല ബാധിക്കുക പാവപ്പെട്ട അനുയായികൾക്ക് ഇങ്ങനെയൊക്കെ ആകാം  എന്ന അതീവ ഗുരുതരമായ തെറ്റായ സന്ദേശം നൽകുക കൂടി ചെയ്യും.
മതേതരത്വമെന്നാൽ എല്ലാ മതങ്ങളിൽ നിന്നും അൽപാൽപം എടുക്കലല്ല. അതിന് പേര് അക്ബർ ചക്രവർത്തിയുടെ 'ദീനെ ഇലാഹി' എന്നാണ്. ഇതര മതങ്ങളുടെ ആചാരങ്ങളും വിശ്വാസങ്ങളും ആവശ്യാനുസരണം സ്വീകരിക്കലാണ് മതേതരത്വമെങ്കിൽ ആ മതേതരത്വം നമുക്ക് വേണ്ട. നിലവിളക്ക് കൊളുത്തൽ എന്റെ മത വിശ്വാസത്തിന് എതിരാണെന്ന് പറഞ്ഞ് വിട്ടുനിന്ന മുൻ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെ അഭിമാനപൂർവ്വം ഓർക്കുന്നു.
നെറ്റിയിൽ പൊട്ടു തൊട്ട് ഇതര മതാചാരങ്ങൾ സ്വീകരിച്ച ഒരു മുസ്ലിം മന്ത്രിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച ആദർശ നായകൻ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളെ ആദരപൂർവം അനുസ്മരിക്കുകയും ചെയ്യുന്നു.
1000 വോട്ടിനു വേണ്ടി  തെറ്റ് ചെയ്യുന്നവർ 10,000 വോട്ടും പരലോകവും  നഷ്ടപ്പെട്ടു പോകുന്നത് ശ്രദ്ധിക്കുക.
 

Latest News