Sorry, you need to enable JavaScript to visit this website.

ബിജെപിക്കെതിരെ കോണ്‍ഗ്രസില്ലാത്ത പുതിയ പ്രതിപക്ഷ മുന്നണി വരുന്നു, നയിക്കാന്‍ പവാര്‍

ന്യൂദല്‍ഹി- കരുത്തുറ്റ നേതൃത്വമില്ലാതെ തുടരുന്ന കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി ദേശീയ തലത്തില്‍ പ്രാദേശിക പാര്‍ട്ടികളുടെ ഒരു മൂന്നാം മുന്നണി രൂപംകൊള്ളുന്നു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) അധ്യക്ഷന്‍ ശരത് പവാറിന്റെ നേതൃത്വത്തിലാണ് ഇങ്ങനെ ഒരു നീക്കം നടക്കുന്നത്. വിവിധ പാര്‍ട്ടികളുമായി കൂടിയാലോചന നടത്തി വരികയാണെന്ന് പവാര്‍ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സിപിഎമ്മുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി സി ചാക്കോയ്ക്ക് എന്‍സിപി അംഗത്വം നല്‍കിയ ശേഷം ചൊവ്വാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പവാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് വിവിധ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി ഒരു മൂന്നാം മുന്നണി അനിവാര്യമാണ്. ഇക്കാര്യം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ മുന്നണിക്ക് രൂപമായിട്ടില്ല- പവാര്‍ പറഞ്ഞു.

പിസി ചാക്കോയ്ക്കു പുറമെ കോണ്‍ഗ്രസില്‍ വിമതസ്വരം ഉയര്‍ത്തിയ ചില മുതിര്‍ന്ന നേതാക്കളും എന്‍സിപിയിലേക്ക് ചേക്കേറിയേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്. പുതിയ പാര്‍ട്ടി പ്രസിഡന്റിനെ തെരഞ്ഞെടുക്കാത്തതില്‍ പ്രതിഷേധിച്ച് 23 മുതിര്‍ന്ന നേതാക്കള്‍ കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയിരുന്നു. ഇവര്‍ ഇപ്പോഴും അതൃപ്തരായാണ് തുടരുന്നത്.

ദേശീയ തലത്തില്‍ പവാര്‍ നേതൃത്വം നല്‍കുന്ന മുന്നണിയായിരിക്കും വരികയെന്ന് എന്‍സിപി വൃത്തങ്ങള്‍ പറയുന്നു. കേരളത്തില്‍ കരുത്തുള്ള ഇടതു പക്ഷത്തോടൊപ്പമാണ് എന്‍സിപി. ബംഗാളില്‍ തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജിയുമായും പവാര്‍ നല്ല ബന്ധത്തിലാണ്. യുപിയിലെ സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും പവാറുമായി നല്ല ബന്ധത്തിലാണ്. 

തെലങ്കാനയിലെ ടിആര്‍എസിനേയും ആന്ധ്രപ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസിനേയും കര്‍ണാടകയിലെ ജെഡിഎസിനേയും മൂന്നാം മുന്നണിയിലേക്ക് ക്ഷണിക്കാനുള്ള നീക്കവുമുണ്ട്. എന്‍സിപിയുമായി ഇവര്‍ക്ക് ഏറ്റുമുട്ടല്‍ ഇല്ലെങ്കിലെ ഇതു സാധ്യമാകൂ. 

ഇപ്പോള്‍ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ പ്രചരണത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിലെ രൂക്ഷമായ നേതൃത്വ പ്രതിസന്ധിയാണ് മറ്റു കക്ഷികളെ ഇത്തരമൊരു ആലോചനയിലേക്ക് നയിച്ചത്. തുടര്‍ച്ചയായ രണ്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ ലോക്‌സഭയില്‍ രണ്ടക്കം കടക്കാന്‍ പോലും കോണ്‍ഗ്രസിനു സാധിച്ചിരുന്നില്ല. ഇതിനു ശേഷം രണ്ടു വര്‍ഷം പിന്നിട്ടിട്ടും കരുത്തുറ്റ ഒരു നേതൃത്വം കോണ്‍ഗ്രസിന് ഇല്ലാതെ പോകുന്നതാണ് പുതിയ പ്രതിപക്ഷ ഏകീകരണത്തിന് ഇടയാക്കിയിരിക്കുന്നത്.

Latest News