കെ സുധാകരന്‍ കോണ്‍ഗ്രസ് വിടും, വെളിപ്പെടുത്തലുമായി പി സി ചാക്കോ

ന്യൂദല്‍ഹി- കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ എം പി ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ട് പുറത്തു വരുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് രാജിവച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ. ശരത് പവാറുമായി അടുപ്പമുള്ള ചാക്കോ കഴിഞ്ഞ ദിവസം എന്‍സിപിയില്‍ ചേര്‍ന്നിരുന്നു. സുധാകരുള്‍പ്പെടെ പല നേതാക്കളും എന്‍സിപിയിലേക്ക് വരുമെന്നും ചാക്കോ പറഞ്ഞു. കെ സുധാകരന് കോണ്‍ഗ്രസില്‍ തുടരാന്‍ താല്‍പ്പര്യമില്ല. ഇക്കാര്യം തനിക്കറിയാം, ഏതാനും മുതിര്‍ന്ന നേതാക്കള്‍ കൂടി ഉടന്‍ കോണ്‍ഗ്രസ് വിട്ട് എന്‍സിപിയിലേക്കു വരുമെന്നും ചാക്കോ പറഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിലാണ് ചാക്കോ കഴിഞ്ഞ ദിവസം എന്‍സിപിയില്‍ ചേര്‍ന്നത്. 

കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ച സ്ഥാനാര്‍ത്ഥി പട്ടികയിലുള്ള അതൃപ്തി സുധാകരന്‍ പരസ്യമായി കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു. കെ സി വേണുഗോപാലിനെതിരെ പരസ്യമായി ആഞ്ഞടിക്കുകയും ചെയ്തിരുന്നു. വേണുഗോപാലിന് അദ്ദേഹത്തിന്റേതായ താല്‍പര്യങ്ങളുണ്ട്. അദ്ദേഹത്തിന്റെ കുറെ ആളുകളെ പട്ടികയില്‍ കയറ്റി. വര്‍ക്കിങ് പ്രസിഡന്റ് എന്ന ആലങ്കാരിക പദവിയില്‍ തുടരാന്‍ താല്‍പര്യമില്ല. തെരഞ്ഞെടുപ്പ് വിജയത്തിനു മങ്ങലേല്‍ക്കാതിരിക്കാന്‍ കാരണമാകരുത് എന്നു കരുതിയാണ് രാജിവയ്ക്കാത്തതെന്നും കഴിഞ്ഞ ദിവസം സുധാകരന്‍ തുറന്നടിച്ചിരുന്നു.

 

Latest News