ത്വായിഫ്- കഴിഞ്ഞ ഫെബ്രുവരി 28 ന് റിയാദ് ആസ്ഥാനമായ അൽഅദാൽ കമ്പനിയിലെ നഴ്‌സുമാരുമായി ജിദ്ദയിലേക്ക്സഞ്ചരിച്ച മിനി ബസ് അപകടത്തിൽപെട്ട് മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലയച്ചു. തായിഫിൽനിന്ന് 200 കിലോമീറ്റർ അകലെ അൽമോയയിൽവെച്ചായിരുന്നു അപകടം. കൊല്ലം ആയൂർ സ്വദേശിനി സുബിയുടെയും കോട്ടയം വൈക്കം വെച്ചൂർ സ്വദേശിനി അഖിലയുടെയും മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത്. അപകടത്തിൽ മരിച്ച ഡ്രൈവർ ബിഹാർ സ്വദേശി മുഹമ്മദ് ഖാദിർ അഖീൽ (45) ന്റെ ജനാസ ദുഹർ നമസ്‌കാരശേഷം അൽമോയ ഖബർസ്ഥാനിൽ മറവുചെയ്തു. നാളെ പുലർച്ചെ 1:40 ന്ജിദ്ദ എയർപോർട്ടിൽനിന്നും ഇത്തിഹാദ് വിമാനത്തിൽ അബുദാബി വഴി കൊച്ചിയിലേക്ക് എത്തിക്കുന്ന മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങിസംസ്‌കരിക്കും.
അൽമോയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾതായിഫ്കെ.എം.സി.സി പ്രസിഡന്റും കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ കമ്മിറ്റി അംഗവുമായ നാലകത്ത് മുഹമ്മദ് സാലി, ജിദ്ദ നവോദയതായിഫ് കമ്മിറ്റി ഭാരവാഹി മോബിൻ തോമസിന്റെയും പേരിലായിരുന്നു യഥാക്രമം സുബിയുടെയും അഖിലയുടെയും പവർഓഫ് അറ്റോണി. ബ്രദേഴ്‌സ് തായിഫ് പ്രസിഡന്റും കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ കമ്മിറ്റി അംഗവുമായ പന്തളം ഷാജിയും ചേർന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി. മൂവരും ചേർന്ന് മൃതദേഹങ്ങൾ ഏറ്റുവാങ്ങി ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റിലെ എംബാമിംഗ് കേന്ദ്രത്തിൽ എത്തിച്ചു.
എംബാമിംഗ് കഴിഞ്ഞ് തിരച്ചറിയലിനും എയർപോർട്ടിലേക്ക് അയക്കുന്നതിനും നാലകത്ത് മുഹമ്മദ് സാലിയും മോബിൻ തോമസും ഇന്നലെ വൈകീട്ട് ജിദ്ദയിലുണ്ടായിരുന്നു.
നാലകത്ത് മുഹമ്മദ് സാലിയുടെ ശ്രമഫലമായി റിദ്‌വാൻ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിൽനിന്ന് അവസാന അനുമതിയും ലഭ്യമാക്കിയാണ് മുഹമ്മദ് അഖീലിന്റെ മൃതദേഹം അൽമോയ ജനറൽ ആശുപത്രി മോർച്ചറിയിൽനിന്ന് ഏറ്റുവാങ്ങിയത്.
മൂന്നു വർഷം മുമ്പാണ് അഖീൽ ഈ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. ഇതിനുമുമ്പ് റിയാദിൽ തന്നെ ഹൗസ് ഡ്രൈവറായി ജോലി നോക്കിയിരുന്നു. പരേതന് രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണുള്ളത്. മയ്യിത്ത് നമസ്‌കാരത്തിലും ഖബറടക്ക ചടങ്ങിലുംഖസീമിൽനിന്നും ഭാര്യാ സഹോദരി ഭർത്താവും റിയാദിലും ഖസീമിലും ജിദ്ദയിലുമുള്ളനാട്ടുകാരും സുഹൃത്തുക്കളും മുഹമ്മദ് സാലിയും പങ്കെടുത്തു.
അപകടത്തിൽ പെട്ട മിനി ബസിൽ എട്ടു പേരാണുണ്ടായിരുന്നത്. പത്തനംതിട്ട അർത്തുങ്കൽ സ്വദേശിനി ആൻസി ജിജി തായിഫ് കിംഗ് ഫൈസൽ ഹോസ്പിറ്റലിലും, കുമുദ അറുമുഖം, റോമിയാ കുമാർ എന്നീ തമിഴ്‌നാട് സ്വദേശിനികൾ തായിഫ് കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിലും ഇപ്പോഴും ചികിത്സയിലാണ്. ശസ്ത്രക്രിയ കഴിഞ്ഞ ആൻസി ജിജിയെ മുഹമ്മദ് സാലിയുടെ സാന്നിധ്യത്തിൽ കമ്പനി പ്രതിനിധി കഴിഞ്ഞ ദിവസം സന്ദർശിച്ചു. വിദഗ്ധ ചികിത്സ നൽകാനുള്ള സാധ്യതകൾ ആരായാൻ മെഡിക്കൽ റിപ്പോർട്ട് വാങ്ങി വേണ്ടത് ചെയ്യാമെന്ന വാഗ്ദാനം നൽകിയിട്ടുണ്ട്. കൊല്ലം പുനലൂർ സ്വദേശിനി പ്രിയങ്ക, തമിഴ്‌നാട് സ്വദേശിനി വജിത റിയാസ് എന്നിവർ ചികിത്സ കഴിഞ്ഞ് ഹോസ്പിറ്റൽ വിട്ടിരുന്നു.