ഉദുമ- കെ.സുധാകരന് പോലും പരാജയം സമ്മാനിച്ച ഇടതു കോട്ടയായ ഉദുമയുടെ മണ്ണിൽ വിജയക്കൊടി പാറിക്കാൻ കോൺഗ്രസ് കളത്തിലിറക്കിയിരിക്കുന്നത് ബാലകൃഷ്ണൻ പെരിയ എന്ന ലോക മലയാളികളുടെ ബാലേട്ടനെ. എതിരാളിയാണെങ്കിൽ മഞ്ചേശ്വരത്തെ പച്ചക്കോട്ടയിൽ ചെർക്കളത്തെ മലർത്തിയടിച്ച വിപ്ലവ പോരാളി സി.എച്ച് കുഞ്ഞമ്പു. എൽ.ഡി.എഫ്-യു.ഡി.എഫ് സ്ഥാനാർഥികൾ കളത്തിലിറങ്ങിയതോടെ ഉദുമയിലെ പോരാട്ടം തീപ്പാറുമെന്നുറപ്പായി.
ബാലകൃഷ്ണൻ പെരിയ, കാസർകോട് ജില്ലയിലെ ഉദുമ നിയമസഭാ മണ്ഡലത്തിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിലെത്തിയ ജനകീയ നേതാവ്. ഇപ്പോൾ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറി. യു.ഡി.എഫ് വേദികളിലെ അറിയപ്പെടുന്ന പ്രസംഗകനായ ബാലകൃഷ്ണൻ പെരിയ, ലോക മലയാളികളുടെ ഇടയിൽ 'ബാലേട്ടൻ' എന്ന വിളിപ്പേരിൽ റേഡിയോ അവതാരകനായും പ്രശസ്തനാണ്. പെരിയയിലെ ചാണവളപ്പിൽ തറവാട്ടിൽ ക്ഷേത്ര സ്ഥാനികനായിരുന്ന കുട്ടിവെളിച്ചപ്പാടിന്റെയും കുഞ്ഞമ്മയുടെയും അഞ്ചാമത്തെ മകനായി 1972 ൽ ജനനം. സ്‌കൂൾ പഠന കാലത്ത് കെ.എസ്.യു പ്രവർത്തകനായി തുടങ്ങി.
കാസർകോട് ഗവൺമെന്റ് കോളേജിൽനിന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കൗൺസിലറായി. കെ.എസ്.യു ജില്ലാ സെക്രട്ടറിയായും യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. തുടർന്ന് കാസർകോട് ഡി.സി.സി സെക്രട്ടറിയായി. ഗൾഫിലെ ഉമ്മുൽ ഖൈൻ റേഡിയോയിൽ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആകാശവാണിയിലെ പ്രോഗ്രാമിലൂടെ തുടർന്നു. നിസ്വാർഥ സേവനത്തിലൂടെ നിരാലംബർക്ക് സാന്ത്വനമേകി കേരളത്തിലെ ഏറ്റവും ജനകീയ റേഡിയോ പ്രോഗ്രാം ആയി അതിനെ ഉയർത്തി. രണ്ടു പതിറ്റാണ്ട് കാലം ലക്ഷക്കണക്കിന് ശ്രോതാക്കളുടെ പ്രിയപ്പെട്ട ബാലേട്ടൻ ആയി ജീവിച്ചു. 24 മണിക്കൂർ തുടർച്ചയായി റേഡിയോയിലൂടെ അക്രമ രാഷ്ട്രീയത്തിനെതിരെ സംസാരിച്ചതിന് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ജേതാവു കൂടിയാണ് ബാലകൃഷ്ണൻ പെരിയ. ക്രിയേറ്റീവ് മാർക്കറ്റിങ് മേഖലയിൽ വിവിധ ബ്രാൻഡുകൾക്ക് വേണ്ടി പ്രവർത്തിച്ച ബാലകൃഷ്ണൻ പെരിയ, കേരള അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ ഭാരവാഹി കൂടിയാണ്.
പൗരത്വ ബില്ലിനെതിരെയുളള സമരത്തിൽ കേരളമാകെ ആവേശം വിതറിയ ബാലകൃഷ്ണൻ പെരിയയുടെ പ്രസിദ്ധമായ 100 പ്രസംഗങ്ങൾ ശ്രദ്ധേയമാണ്. നിരവധി ദേശീയ നേതാക്കളുടെ പ്രസംഗ പരിഭാഷകനായും ഇദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. പാരലൽ കോളേജ് അധ്യാപകനായും പത്താം ക്ലാസ് പരീക്ഷയ്ക്ക് വേണ്ടി വിദ്യാർഥികളെ സ്വന്തം നിലയിൽ പരിശീലിപ്പിച്ചും വലിയൊരു ശിഷ്യ സമ്പത്തിനുടമയായ പ്രിയപ്പെട്ട ഗുരുനാഥൻ കൂടിയാണ് ഇദ്ദേഹം. സമാന മനസ്‌കരായ ചെറുപ്പക്കാരെ സംഘടിപ്പിച്ച് സ്വന്തം നാടായ പെരിയയിൽ 'അക്കാദമി' ആരംഭിച്ച് വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവന്ന ഇദ്ദേഹം ഇപ്പോൾ കാസർകോട് പെരിയയിലെ ശ്രീനാരായണ ആർട്‌സ് ആൻഡ് സയൻസ് കോളേജിന്റെ സി.ഇ.ഒ ആണ്. ഉത്തര കേരളത്തിന്റെ ഫോക്‌ലോർ കലാരൂപമായ പൂരക്കളിയിലും ഇദ്ദേഹത്തിന് പ്രാവീണ്യം ഉണ്ട്.
കേരള പ്രസ്സ് അക്കാദമിയിൽ നിന്ന് ജേർണലിസത്തിൽ മാസ്റ്റർ ബിരുദം നേടിയ ബാലകൃഷ്ണൻ മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഗൾഫിലും കേരളത്തിലും പ്രവർത്തിച്ചിട്ടുണ്ട്. 'മീഡിയ ഗ്രാമം' എന്ന യൂട്യൂബ് ചാനലിലൂടെ പൊതുപ്രവർത്തനത്തിന്റെ തുടർച്ചയെന്നവണ്ണം സമൂഹത്തിനു വേണ്ടി ശബ്ദിച്ചു. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകർ പിന്തുടരുന്ന അവർക്കൊപ്പം ചർച്ചകളും ആശയ സംവാദങ്ങളും നടത്തുന്ന പുതിയ കാലത്തിന്റെ പ്രതിനിധി കൂടിയാണ് ബാലകൃഷ്ണൻ പെരിയ. കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസ പദ്ധതി കാസർകോട് പെരിയ എസ്.എൻ ട്രസ്റ്റിനു കീഴിൽ കൊണ്ടുവന്ന പ്രൊജക്ട് ഡയറക്ടറായ ബാലകൃഷ്ണൻ 2 വർഷത്തിനകം ജില്ലയിലെ ഗ്രാമീണ മേഖലയിലെ അഞ്ഞൂറോളം യുവതീ യുവാക്കളെ തൊഴിൽ പരിശീലനം നൽകുകയും ഇതിൽ 278 വിദ്യാർഥികൾക്ക് സംസ്ഥാനത്തിനകത്തും വിദേശത്തും ജോലി നൽകാൻ കഴിഞ്ഞ വിദ്യാഭ്യാസ പ്രവർത്തകനുമാണ്. 140 സ്ഥാപനങ്ങളെ പിന്നിലാക്കി എസ്.എൻ ട്രസ്റ്റ് ഇന്ന് സർക്കാറിന്റെ റാങ്കിംഗിൽ ഒന്നാമതെത്തി നിൽക്കുന്നത് കാസർകോട് ജില്ലക്ക് തന്നെ അഭിമാനകരമായ നേട്ടമായി മാറിയിരിക്കുകയാണ്.






