തെരഞ്ഞെടുപ്പു ഫലങ്ങൾ വരുമ്പോൾ എന്നും ഒരേ വിജയാരവങ്ങൾ മുഴങ്ങുന്ന മണ്ഡലങ്ങളാണ് കോട്ടക്കലും തിരൂരങ്ങാടിയും വള്ളിക്കുന്നും. മുസ്ലിം ലീഗിലൂടെ സംസ്ഥാന നിയമസഭയിൽ യു.ഡി.എഫ് മൂന്നു സീറ്റുകൾ ഉറപ്പിച്ചു വരുന്ന മണ്ഡലങ്ങൾ. തിരൂരരങ്ങാടിക്ക് വലിയ രാഷ്ട്രീയ ചരിത്രമുണ്ട്. കോട്ടക്കലും വള്ളിക്കുന്നും ഒടുവിൽ രൂപം കൊണ്ട മണ്ഡലങ്ങളാണ്.
മുസ്ലിം ലീഗിലെ ഒട്ടേറെ പ്രമുഖരെ വിജയിപ്പിച്ച മണ്ഡലമാണ് തിരൂരങ്ങാടി. ലീഗിന്റെ പ്രതാപം കൊടികുത്തി വാണ മലപ്പുറം ജില്ലയിലെ നിരവധി മണ്ഡലങ്ങളിലൊന്ന്. കേരള രാഷ്ട്രീയം പ്രാധാന്യത്തോടെ ചർച്ച ചെയ്ത തെരഞ്ഞെടുപ്പുകൾക്കും വേദിയായ മണ്ഡലം.
മലബാർ കലാപനായകൻ ആലിമുസ്ല്യാരുടെ പ്രവർത്തന കേന്ദ്രമെന്ന നിലയിലും ചരിത്ര,ആത്മീയ പ്രാധാന്യമുള്ള മമ്പുറം പള്ളിയുടെ സാന്നിധ്യം കൊണ്ടും ജനശ്രദ്ധ നേടിയ പ്രദേശമാണ് തിരൂരങ്ങാടി. പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകളും നന്നമ്പ്ര,തെന്നല,എടരിക്കോട്,പെരുമണ്ണ ക്ലാരി പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് നിയമസഭാ മണ്ഡലം.
കേരളത്തിന് ഒരു മുഖമന്ത്രിയെയും നിരവധി തവണ മന്ത്രിമാരെയും സമ്മാനിച്ച മണ്ഡലമാണ് തിരൂരങ്ങാടി. മുസ്ലിം ലീഗ് നേതാവും മുൻമന്ത്രിയുമായിരുന്ന കെ.അവുക്കാദർ കുട്ടി നഹയുടെ മണ്ഡലമെന്നാണ് ഏറെ കാലം അറിയപ്പെട്ടിരുന്നത്. കേരളപിറവിക്ക് ശേഷം നടന്ന ആദ്യത്തെ ഏഴ് തെരഞ്ഞെടുപ്പുകളിൽ ഒന്നൊഴിച്ചെല്ലാം വിജയിച്ചത് അദ്ദേഹമായിരുന്നു. നിയമസഭയിൽ മൂന്നു പതിറ്റാണ്ടു കാലം തിരൂരങ്ങാടിയുടെ ജനപ്രതിനിധിയായി. 1982 വരെയുള്ള തെരഞ്ഞെടുപ്പുകളിൽ 67 ൽ മാത്രമാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെടാതിരുന്നത്.87 ൽ സി.പി കുഞ്ഞാലികുട്ടി കേയി,91 ൽ യു.എ. ബീരാൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
1995 ൽ കേരള രാഷ്ട്രീയത്തിൽ സുപ്രധാന വഴിത്തിരിവുണ്ടായപ്പോൾ തിരൂരങ്ങാടി ശ്രദ്ധയിലേക്കുയർന്നു. ചാരക്കേസ് വിവാദവുമായി ബന്ധപ്പെട്ട് കെ.കരുണാകരൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടർന്ന് എ.കെ. ആന്റണി മുഖ്യമന്ത്രിയായി ചുമതലയേറ്റു. അന്ന് എം. എൽ.എ അല്ലായിരുന്ന ആന്റണിക്ക് സുരക്ഷിതമായി മൽസരിച്ച് ജയിക്കാൻ മുസ്ലിംലീഗ് ഒഴിഞ്ഞു കൊടുത്ത മണ്ഡലമാണ് തിരൂരങ്ങാടി. ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചാണ് ആന്റണി ഒരു വർഷക്കാലം മുഖ്യമന്ത്രി പദത്തിൽ തുടർന്നത്. 1996 മുതൽ 2006 വരെയുള്ള മൂന്നു തെരഞ്ഞെടുപ്പുകളിൽ വിജയിച്ചത് ലീഗിലെ കെ.കുട്ടി അഹമ്മദ് കുട്ടിയാണ്.തുടർന്നുള്ള രണ്ട് തെരഞ്ഞെടുപ്പുകളിൽ പി.കെ.അബ്ദുറബ്ബ് വിജയം കണ്ടു. ഇവർ രണ്ടു പേരും മന്ത്രിമാരുമായി. കേരളത്തിൽ ഏറ്റവുമധികം കാലം തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ചുമതല വഹിച്ചത് തിരൂരങ്ങാടി മണ്ഡലത്തിൽ നിന്ന് വിജയിച്ചെത്തിയ മന്ത്രിമാരാണ്. മുസ്ലിം ലീഗ് സ്ഥാനാർഥികൾക്ക് വലിയ ഭൂരിപക്ഷം നൽകി വരുന്ന തിരൂരങ്ങാടിയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവരുടെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞിരുന്നു.
മലപ്പുറം ജില്ലയിൽ ഏറ്റവുമൊടുവിൽ നിലവിൽ വന്ന മണ്ഡലങ്ങളിലൊന്നാണ് കോട്ടക്കൽ. 2011 ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ എം.പി.അബ്ദുസമദ് സമദാനിക്കായിരുന്നു വിജയം. 2016 ൽ വിജയിച്ചത് മുസ്ലിം ലീഗിലെ തന്നെ കെ.കെ. ആബിദ് ഹുസൈൻ തങ്ങളും. തിരൂർ താലൂക്കിൽ ഉൾപ്പെടുന്ന കോട്ടക്കൽ,വളാഞ്ചേരി നഗരസഭകളും പൊൻമള,മാറാക്കര, എടയൂർ, ഇരുമ്പിളിയം,കുറ്റിപ്പുറം ഗ്രാമപഞ്ചായത്തുകളും ചേർന്നതാണ് കോട്ടക്കൽ മണ്ഡലം.
വള്ളിക്കുന്ന് മണ്ഡലത്തിലും ഇത് മൂന്നാമത്തെ തെരഞ്ഞെടുപ്പാണ്. ആദ്യത്തെ രണ്ട് തെരഞ്ഞെടുപ്പുകളിലും മുസ്ലിം ലീഗിനായിരുന്നു വിജയം. 2011 ൽ കെ.എൻ.എ ഖാദറും 2016 ൽ പി.അബ്ദുൽ ഹമീദും വള്ളിക്കുന്നിന്റെ ജനപ്രതിനിധികളായി. കൊണ്ടോട്ടി താലൂക്കിലെ ചേലേമ്പ്ര, പുളിക്കൽ പഞ്ചായത്തുകളും തിരൂരങ്ങാടി താലൂക്കിലെ പെരുവള്ളൂർ,തേഞ്ഞിപ്പലം,വള്ളിക്കുന്ന്,മൂന്നിയൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഈ മണ്ഡലം.
വോട്ടുനില 2016
തിരൂരങ്ങാടി
പി.കെ. അബ്ദുറബ്ബ് (മുസ്ലിം ലീഗ്)- 63027
നിയാസ് പുളിക്കലകത്ത് (എൽ.ഡി.എഫ്)-56884
ഗീത മാധവൻ (ബി.ജെ.പി)-8046
അഡ്വ.കെ.സി.നസീർ (എസ്.ഡി.പി.ഐ)-2478
അബ്ദുറസാഖ് ഹാജി (പി.ഡി.പി)-1902
മിനു മുംതാസ് (വെൽഫെയർ)-1270
പി.കെ.അബ്ദുറബ്ബ് ഭൂരിപക്ഷം-6043
കോട്ടക്കൽ
കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ (മുസ്ലിം ലീഗ്)-71768
എൻ.എ മുഹമ്മദ്കുട്ടി (എൻ.സി.പി)-56726
വി. ഉണ്ണികൃഷ്ണൻ (ബി.ജെ.പി)-13205
എൻ. കുഞ്ഞിമുഹമ്മദ് (പി.ഡി.പി)-2763
കെ.പി.ഒ. റഹ്മത്തുള്ള (എസ്.ഡി.പി.ഐ) -1719
ആബിദ് ഹുസൈൻ തങ്ങൾ ഭൂരിപക്ഷം- 15042
വള്ളിക്കുന്ന്
പി.അബ്ദുൽ ഹമീദ് (മുസ്ലം ലീഗ്)-59720
അഡ്വ.ഒ.കെ.തങ്ങൾ (ഐ.എൻ.എൽ)-47110
കെ.ജനചന്ദ്രൻ (ബി.ജെ.പി)-22887
നിസാർ മേത്തർ (പി.ഡി.പി)-2975
ഹനീഫ ഹാജി (എസ്.ഡി.പി.ഐ)-2499
പ്രവീൺകുമാർ (ബി.എസ്.പി)-705
പി. അബ്ദുൽഹമീദ് ഭൂരിപക്ഷം-12610






