ജനാധിപത്യത്തിലും ലിംഗനീതിയിലും വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം വേദനിപ്പിക്കുന്ന രണ്ടു കാഴ്ചകൾക്കാണ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിക്കേണ്ടിവന്നത്. ഒന്ന് മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ബിന്ദു കൃഷ്ണയുടെ കണ്ണീർ. രണ്ടു ഇപ്പോഴത്തെ അധ്യക്ഷ ലതികാ സുഭാഷിന്റെ തല മൊട്ടയടിച്ചുള്ള പ്രതിഷേധം. ലിംഗനീതിയുടേയും സാമൂഹ്യനീതിയുടേയും രാഷ്ട്രീയം തിരിച്ചറിയാത്തവർക്ക് ഇതു രണ്ടും സ്ഥാനാർത്ഥിത്വത്തിനായുള്ള നാടകമായിരിക്കാം. എന്നാൽ യാഥാർത്ഥ്യം അതല്ല.
സമൂഹത്തിന്റെ സമസ്ത മേഖലകളിലും, പ്രത്യേകിച്ച് അധികാരത്തിന്റെ അകത്തളങ്ങളിൽ നിലനിൽക്കുന്ന പുരുഷാധിപത്യത്തിനെതിരായ രാഷ്ട്രീയ പ്രതിരോധമായിരുന്നു ഈ രണ്ടു പ്രവൃത്തികളും. പ്രത്യേകിച്ച് ലതികാ സുഭാഷിന്റെ പ്രതിഷേധം. നേരത്തെ മഹിളാ കോൺഗ്രസ് മുൻ പ്രസിഡന്റ്.
ഈ തെരഞ്ഞെടുപ്പിൽ കൊല്ലത്തുനിന്നു മത്സരിക്കുക ബിന്ദു കൃഷ്ണയായിരിക്കുമെന്ന് ഒരു രാഷ്ട്രീയ വിദ്യാർത്ഥിക്കും സംശയമുണ്ടായിരുന്നില്ല. എന്നാൽ സമയമായപ്പോൾ ഹൈബി ഈഡനു വേണ്ടി അവരെ കുണ്ടറയലേക്കു മാറ്റാനുള്ള നീക്കം നടന്നു. അതിനോടുള്ള പ്രതിഷേധമായിരുന്നു ബിന്ദു കൃഷ്ണയുടെ കണ്ണീർ. എന്തായാലും ബിന്ദു കൃഷ്ണയുടെ ആവശ്യം അംഗീകരിക്കപ്പെട്ടു. എന്നാൽ ലതികാ സുഭാഷിന്റെ ന്യായമായ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഏറ്റുമാനൂർ സീറ്റായിരുന്നു സ്വാഭാവികമായും ലതികാ സുഭാഷ് ആവശ്യപ്പെട്ടത്. ഘടക കക്ഷിയായ കേരള കോൺഗ്രസ് കാലങ്ങളായി മത്സരിക്കുന്ന സീറ്റാണ് ഏറ്റുമാനൂർ എന്ന ന്യായീകരണത്തിലാണ് ആ സീറ്റ് അവർക്ക് നിഷേധിച്ചത്. കേരള കോൺഗ്രസിന്റെ വലിയൊരു ഭാഗം ഇന്ന് ഇടതുമുന്നണിയിലാണ്. സ്വാഭാവികമായും അവർ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണവും കുറഞ്ഞു. പറയുന്ന കാര്യങ്ങളോട് അൽപമെങ്കിലും പ്രതിബദ്ധതയുണ്ടായിരുന്നെങ്കിൽ ലതികാ സുഭാഷിനു വേണ്ടി സമ്മർദം ചെലുത്തി പ്രസ്തുത സീറ്റ് കോൺഗ്രസിനു ഏറ്റെടുക്കാമായിരുന്നു. പ്രഖ്യാപിച്ച പട്ടികയിൽ തന്നെ ഒഴിച്ചുനിർത്തപ്പെടേണ്ട എത്രയോ പേർ പലവിധ സമ്മർദങ്ങളിലൂടെ സ്ഥാനം പിടിച്ചിരിക്കുന്നു. എന്നാൽ ലതികാ സുഭാഷിനൊരു സീറ്റ് നൽകുക എന്നത് ഗൗരവമായ വിഷയമായി നേതൃത്വം കണ്ടില്ല എന്നതു തന്നെയാണ് പ്രശ്നം. ജനസംഖ്യയുടെ പകുതിയേക്കാൾ കൂടുതലുള്ള സ്ത്രീകൾക്ക് 10 ശതമാനം സീറ്റ് പോലും നൽകാൻ സോണിയാ ഗാന്ധി നയിക്കുന്ന കോൺഗ്രസ് തയാറായില്ല എന്നതു ക്ഷമിക്കാവുന്ന തെറ്റല്ല. അതിനെതിരെയുള്ള രാഷ്ട്രീയമായ പൊട്ടിത്തെറിയാണ് തല മൊട്ടയടിക്കലിലൂടെ പുറത്തു വന്നത്.
വാസ്തവത്തിൽ സ്ത്രീകൾക്ക് വലിയ പ്രാതിനിധ്യമുണ്ടാകുമെന്ന അവകാശവാദത്തിൽ നിന്ന് മൂന്നു മുന്നണികളും പിറകോട്ടു പോയ കാഴ്ചയാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കണ്ടത്. കോൺഗ്രസ് 9 വനിതകൾക്കാണ് സീറ്റ് കൊടുത്തെങ്കിൽ സിപിഎമ്മും വലിയ അന്തരമൊന്നുമില്ല. 12 മാത്രം. സിപിഐ വെറും 2. അതിലൊന്നാകട്ടെ ഇപ്പോഴും വിവാദത്തിലാണ്. ബിജെപിയിലും കാര്യങ്ങൾ വ്യത്യസ്തമല്ല. ശോഭാ സുരേന്ദ്രനു പോലും സീറ്റില്ലാത്ത അവസ്ഥയാണെന്നു കേൾക്കുന്നു. ലീഗിന്റേയും കേരള കോൺഗ്രസിന്റേയും അവസ്ഥ ഊഹിക്കാമല്ലോ. ഏറെ സമ്മർദങ്ങൾക്കു ശേഷം അവസാനം ലീഗ് ഒരു സീറ്റ് വനിതക്ക് നൽകിയിട്ടുണ്ട്. അതിനെതിരെ ശക്തമായ പ്രതിഷേധം പാർട്ടിക്കുള്ളിൽ ഉണ്ടായി എന്നതു വേറെ കാര്യം. എന്തിനേറെ, ആർ എം പി പോലും മത്സരിക്കുന്ന ഏക സീറ്റ് കെ കെ രമക്കു നൽകുന്നില്ല എന്നാണ് വാർത്ത.
എത്രയോ വർഷം മുമ്പ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായ രാജ്യമാണ് ഇന്ത്യ. തൊട്ടടുത്ത സംസ്ഥാനത്ത് ജയലളിത പതിറ്റാണ്ടുകൾക്കു മുന്നെ മുഖ്യമന്ത്രിയായി. ഷീലാ ദീക്ഷിത്, മായാവതി, മമത ബാനർജി തുടങ്ങി എത്രയോ വനിതകൾ ഇന്ത്യയിൽ മുഖ്യമന്ത്രിമാരായി. എന്നാൽ രാഷ്ട്രീയ പ്രബുദ്ധമെന്നഹങ്കരിക്കുന്ന കേരളത്തിൽ അതൊരു സ്വപ്നം മാത്രം. മിക്കവാറും സംസ്ഥാനങ്ങളിലെ നിയമസഭകളിലെ വനിതാ പ്രാതിനിധ്യം കേരളത്തേക്കാൾ കൂടുതലാണ്. 50 ശതമാനം സംവരണം നടപ്പാക്കിയതിനാൽ മാത്രമാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ധാരാളം വനിതകൾ മത്സരിക്കുന്നത്. എന്നാൽ അധികാരത്തിന്റെ സുപ്രധാന കോട്ടകളിൽ നിന്ന് ഇന്നും നമ്മളവരെ അകറ്റി നിർത്തുന്നു. സ്ത്രീകൾക്കും അവർണർക്കുമൊക്കെ അധികാരം നിഷേധിക്കുന്ന മനുസ്മൃതി മൂല്യങ്ങളുടെ സ്വാധീനം തന്നെയാണ് അതിന്റെ മൂലകാരണം. ജനാധിപത്യമെന്നത് ഇന്നോളം അധികാരത്തിൽ നിന്നു പുറന്തള്ളപ്പെട്ടവരുടെ പ്രതിനിധികളെ അങ്ങോട്ടെത്തിക്കൽ കൂടിയാണ്. പക്ഷേ ആ പ്രക്രിയയിൽ നാം ഏറെ പിറകിലാണ്. ഇനിയും പട്ടിക ജാതി - പട്ടിക വർഗക്കാരെ ജനറൽ സീറ്റിൽ മത്സരിപ്പിക്കാനും ആരും തയാറാകുന്നില്ല എന്നതും ഇതുമായി കൂട്ടിവായിക്കാവുന്നതാണ്. കാലഹരണപ്പെട്ട ഇത്തരം മൂല്യങ്ങൾക്കെതിരായ പ്രതിഷേധമാണ് അറിഞ്ഞോ അറിയാതെയോ തല മുണ്ഡനത്തിലൂടെ ലതികാ സുഭാഷ് ചെയ്തിരിക്കുന്നത്. അതിനോട് ഏറ്റവും മോശമായ രീതിയിലാണ് കെ പി സി സി പ്രസിഡന്റ് പോലും പ്രതികരിച്ചത്.
മറുവശത്ത് 10 ശതമാനം മാത്രം സ്ത്രീകളെ മത്സരിപ്പിച്ച് തങ്ങൾക്കിടയിൽ, കണ്ടോ പ്രതിഷേധമൊന്നുമില്ല എന്ന അവകാശവാദത്തിലാണ് ഇടതുപക്ഷം. കാരണം വ്യക്തം. അച്ചടക്കത്തിന്റെ മൂർച്ചയേറിയ പടവാൾ തന്നെ. ന്യായമായ കാര്യത്തിൽ പ്രതിഷേധമില്ലെങ്കിൽ അവിടെ ജനാധിപത്യമല്ല, അടിമത്തമാണ് എന്നാണർത്ഥം. ലതികാ സുഭാഷിന്റെ പ്രതിഷേധം കേരള ചരിത്രത്തിലെ അവിസ്മരണീയമായ സംഭവമാകും. വരും തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥി നിർണയം വരുമ്പോൾ മുഴുവൻ പാർട്ടി നേതാക്കളും ഓർക്കുകയും ചെയ്യും. ഇടതുപക്ഷത്തും വലതുപക്ഷത്തും മത്സരിക്കുന്ന വനിതകളല്ല, ലതികാ സുഭാഷാണ് ചരിത്രത്തിൽ സ്ഥാനം പിടിക്കാൻ പോകുന്നത്.അതേസമയം ഇത്തവണ കണ്ട മറ്റൊരു പ്രതിഭാസം കാഡർ പാർട്ടികളെന്നവകാശപ്പെടുന്ന ഇടതുപക്ഷ അണികളും സ്ഥാനാർത്ഥി നിർണയത്തിനെതിരെ പലയിടത്തും രംഗത്തിറങ്ങി എന്നതാണ്. കുറ്റിയാടി സീറ്റ് കേരള കോൺഗ്രസിൽ നിന്നു തിരിച്ചുപിടിക്കാൻ ഈ പ്രതിഷേധത്തിനാവുകയും ചെയ്തു. അവിടെ ഉയർന്ന ഒരു മുദ്രാവാക്യം വളരെ പ്രസക്തമാണ്. നേതാക്കളെ പാർട്ടിയും പാർട്ടിയെ ജനങ്ങളും തിരുത്തുമെന്നതാണത്. ഈ മുദ്രാവാക്യമാകട്ടെ, സാക്ഷാൽ ലെനിന്റേതുമാണ്. ജനാധിപത്യ സംവിധാനത്തിൽ ഏറ്റവും പ്രസക്തമായ മുദ്രാവാക്യമാണത്. ജനാധിപത്യത്തിൽ അന്തിമ വിധികർത്താക്കൾ ജനങ്ങളാണ്. മുമ്പൊരിക്കൽ വി.എസിനു സീറ്റ് നിഷേധിച്ചപ്പോൾ അനുയായികൾ മാത്രമല്ല, ജനങ്ങളും തെരുവിലിറങ്ങിയ കാഴ്ച മറക്കാറായിട്ടില്ലല്ലോ. മനുഷ്യ ചരിത്രം കണ്ട ഏറ്റവും വലിയ വിപ്ലവം ജനാധിപത്യമാണ്. എന്നാൽ ഇപ്പോഴും ആ യാഥാർത്ഥ്യത്തെ ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളാൻ നമുക്കാവുന്നുണ്ടോ എന്ന് സംശയമാണ്. ഉണ്ടായിരുന്നെങ്കിൽ എട്ടും പത്തും തവണ ഒരേ വ്യക്തികൾ മത്സരിക്കില്ലല്ലോ.
തുടർച്ചയല്ല, മാറ്റമാണ്, ചലനമാണ് ജനാധിപത്യത്തിന്റെ സ്വഭാവം. അല്ലെങ്കിൽ ജനാധിപത്യത്തിൽ നിന്ന് രാജഭരണത്തിലേക്കുള്ള തിരിച്ചുനടത്തത്തിനായിരിക്കും നാം സാക്ഷ്യം വഹിക്കുക. തീർച്ചയായും ലതികാ സുഭാഷിന്റെയും കുറ്റിയാടിയിലെയും പ്രതിഷേധങ്ങളിൽ നിന്ന് പാഠം പഠിക്കാനും സ്വയം കൂടുതൽ കൂടുതലായി ജനാധിപത്യവൽക്കരണത്തിനു വിധേയമാകാനും നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇനിയെങ്കിലും ശ്രമിക്കുമെന്നും കരുതാം.






