ന്യൂദല്‍ഹി- ആസ്ട്രസെനക്കയുടെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നതിന് പ്രത്യക്ഷ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് ദല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. വാക്സിന്‍ സുരക്ഷിതമാണെന്ന ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന രണ്‍ദീപ് ശരിവെച്ചു.
യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രമല്ല ഇന്ത്യയും യു.കെയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ വാക്സിന്‍ ഉപയോഗിക്കുന്നുണ്ട്. പരീക്ഷണഘട്ടത്തിലോ തുടര്‍ന്നോ വാക്സിന്‍ കാരണം രക്തം കണ്ടപിടിച്ചതിന്റെ പ്രത്യക്ഷ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഡാറ്റ പരിശോധിക്കുന്നതിനും പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുമായി അവിടുത്തെ വാക്സിന്‍ ഉപയോഗം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ആസ്ട്രാസെനെക്ക വാക്സിന്‍ ഉപയോഗിച്ച സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിന്‍ സ്വീകരിച്ച ചിലരില്‍ രക്തം കട്ടപിടിക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആസ്ട്രസെനക്കയുടെ കോവിഡ് വാക്‌സിന്‍ വിതരണം ഇറ്റലിയും ജര്‍മനിയും ഫ്രാന്‍സും നിര്‍ത്തിയിരുന്നു. അതേസമയം വാക്‌സിന് എതിരായ ആരോപണത്തിന് തെളിവുകളില്ലെന്ന് കമ്പനിയും യൂറോപ്യന്‍ റെഗുലേറ്റേഴ്‌സും പ്രതികരിച്ചു.






