Sorry, you need to enable JavaScript to visit this website.

ട്രെയിൻ യാത്ര പഴയത് പോലെ 

കോവിഡ് ആശങ്കയുടെ നീണ്ട ഒരു വർഷത്തിന് ശേഷം കേരളത്തിൽ ട്രെയിൻ യാത്ര ഏതാണ്ട് പഴയ നില കൈവരിച്ചു. സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളുടെയെല്ലാം പ്രവർത്തനം പൂർവ സ്ഥിതിയിലായി. ഈ വർഷം തുടങ്ങുമ്പോഴുള്ള അവസ്ഥയല്ല ഇപ്പോൾ. ബുക്ക് സ്റ്റാളുകൾ ഒഴികെ എല്ലാ സ്റ്റാളുകളും റിഫ്രഷ്്‌മെന്റ് സെന്ററുകളും പ്രവർത്തിക്കുന്നു. ട്രെയിനുകളും യാത്രക്കാരും സജീവമായതോടെ അനുബന്ധ വ്യവസായങ്ങളും മെച്ചപ്പെട്ടു. ഓട്ടോ റിക്ഷകൾക്കും ടാക്‌സികൾക്കും നല്ല ഓട്ടം ലഭിച്ചു തുടങ്ങി. ഡിസംബർ മാസം വരെ സ്‌റ്റേഷനുകൾ ആളൊഴിഞ്ഞ കേന്ദ്രങ്ങളായിരുന്നു. 


ആദർശ് കാറ്റഗറിയിലുൾപ്പെടുത്തി  അഞ്ച് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്ന വടകരയിലും മറ്റും കോവിഡ് വഴി ലഭിച്ച സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്തുകയുണ്ടായി. ഇന്ന് മുതൽ മെമു ട്രെയിൻ സർവീസുകൾ ഓടിത്തുടങ്ങും. ഷൊർണൂരിനിപ്പുറം മെമു ആദ്യമായാണ് സർവീസ് നടത്തുന്നത്. 
ഗുരുവായൂർ മുതൽ കൊല്ലം വരെ മെമു സർവീസിൽ സീസൺ ടിക്കറ്റെടുത്ത്് യാത്ര ചെയ്യാനും സൗകര്യമുണ്ട്. ഷൊർണൂർ-കോഴിേേക്കാട്-കണ്ണൂർ മെമുവിന്റെ കന്നി ഓട്ടം ചൊവ്വാഴ്ചയാണ്. അടുത്തിടെ പ്രധാന എക്‌സ്പ്രസ് ട്രെയിനുകളുടെ സർവീസ് പുനരാരംഭിച്ചു. പരശുറാം, ഏറനാട്, മലബാർ, മാവേലി, മംഗള, ചെന്നൈ സൂപ്പർ ഫാസ്റ്റ്, ജനശതാബ്ദി എന്നീ സുപ്രധാന ട്രെയിനുകൾ ഇപ്പോഴുണ്ട്. 
മംഗലാപുരം-ചെന്നൈ വെസ്റ്റ് കോസ്റ്റും സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. കോയമ്പത്തൂർ-മംഗലാപുരം, കോയമ്പത്തൂർ-കണ്ണൂർ ലോക്കൽ ട്രെയിനുകൾ എക്‌സ്പ്രസായാണ് സർവീസ് നടത്തുന്നത്. പൂർണമായും എയർകണ്ടീഷൻ ചെയ്ത ഹിസാർ-കോയമ്പത്തൂർ ട്രെയിൻ വേനൽക്കാലത്ത്് യാത്രികർക്ക് അനുഗ്രഹം തന്നെയാണ്. മെമു ഒഴികെ ലഭ്യമായ എല്ലാ ട്രെയിനുകളിലും റിസർവ് ചെയ്ത യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. അൺ റിസർവ്ഡ് ട്രെയിനായ മെമുവിലേത് കൗണ്ടറിൽ ലഭിക്കും. ദീർഘദൂര എക്‌സ്പ്രസ് ട്രെയിനുകളുടെ റിസർവേഷൻ സ്റ്റേഷൻ കൗണ്ടറിൽ ട്രെയിൻ വരുന്നതിന് അര മണിക്കൂർ മുമ്പ് അവസാനിക്കും. പാസഞ്ചർ തീവണ്ടികൾ പൂർണമായും ഓടിത്തുടങ്ങിയിട്ടില്ല. 


റെയിൽവേ സ്‌റ്റേഷൻ കൗണ്ടറുകളിൽ നിന്ന് നിയന്ത്രണ വിധേയമായാണ് ടിക്കറ്റുകൾ ഇഷ്യൂ ചെയ്യുന്നതെന്ന പരിമിതിയുണ്ടെങ്കിലും ഈ വർഷാരംഭത്തിൽ നിന്ന് കാര്യങ്ങൾ ഏറെ മാറിയിട്ടുണ്ടെന്നതിന് തെളിവാണ് എല്ലാ ബോഗികളിലും യാത്രക്കാരുമായി സഞ്ചരിക്കുന്ന ട്രെയിനുകൾ. 24 കോച്ചുകളുമായി പകൽ സമയത്ത് കടന്നു പോകുന്ന എക്‌സ്പ്രസ് ട്രെയിനുകളിലെ എല്ലാ കമ്പാർട്ട്‌മെന്റുകളിലും ഇപ്പോൾ യാത്രക്കാരുണ്ട്. കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചർ ട്രെയിൻ അടുത്തിടെയാണ് പുനരാരംഭിച്ചത്. പോപ്പുലർ ട്രെയിനായ ഇതിൽ ആദ്യ ദിവസം മുതൽ മികച്ച തിരക്ക് അനുഭവപ്പെടുന്നുണ്ടെന്ന് പതിവു യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു. ഇതിലും മറ്റു എക്‌സ്പ്രസ് ട്രെയിനുകളിലും യാത്ര ചെയ്യാൻ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്. റെയിൽവേയുടെ അംഗീകൃത ഏജൻസികളിൽ നിന്നോ, ഐ.ആർ.സി.ടി.സി വെബ് സൈറ്റുകളിൽ നിന്നോ ടിക്കറ്റ് ബുക്ക് ചെയ്യാം. പുറത്തെ ഏജൻസികൾ ഓരോ ടിക്കറ്റിനും മുപ്പത് രൂപ കൂടുതൽ ഈടാക്കും. ആപ്പുകൾ വഴി വാങ്ങുമ്പോഴും ബാങ്കിന്റെ കമ്മീഷൻ നൽകണം. കോവിഡ് കാലത്ത് കൗണ്ടറിലെ ആൾതിരക്ക് കണ്ടറിഞ്ഞ്് ഒഴിവാക്കുന്നതാവും ബുദ്ധി. 
റെയിൽവേ സ്റ്റേഷനിൽ മംഗളൂരു ട്രെയിനെത്തിയപ്പോൾ ഗൾഫിൽ നിന്നെത്തി ടിക്കറ്റിന് ശ്രമിച്ചാൽ ലഭിക്കില്ലെന്ന് കണ്ട് വടക്കോട്ടുള്ള തീവണ്ടിയിൽ രണ്ട്് പ്രവാസികൾ പാഞ്ഞു കയറുന്നതും കണ്ടു. ടിക്കറ്റില്ലെങ്കിലും ടി.ടി.ഇ വന്നാൽ പരമാവധി അഞ്ഞൂറ് രൂപ പിഴ കൊടുത്താൽ മതിയല്ലോ എന്നതായിരുന്നു അവരുടെ ആത്മഗതം.കോവിഡ് ഭീതിയകന്ന്് നാടിനൊപ്പം ഇന്ത്യൻ റെയിൽവേയും കുതിക്കുകയാണ് ... ശോഭനമായ നാളെയിലേക്ക്്.

Latest News