ഐഫോണ്‍ വിപണിയെ ആശങ്കയിലാക്കി പേറ്റന്റ് യുദ്ധം

ന്യൂയോര്‍ക്ക്- പേറ്റന്റ് ലംഘനം ആരോപിച്ച് ടെക്ക് ഭീമന്‍മാരായ ആപ്പിളും ക്വാല്‍കോമും വീണ്ടും കൊമ്പ് കോര്‍ക്കുന്നു. സ്മാര്‍ട് ഉപകരണങ്ങളുടെ മുന്‍നിര ചിപ് നിര്‍മാതാക്കളായ ക്വാല്‍കോമാണ് ആപ്പിള്‍ വീണ്ടും പേറ്റന്റ് ലംഘനം നടത്തിയെന്നാരാപിച്ച് പുതിയ മൂന്ന് പരാതികളുമായി കോടതിയെ സമീപിച്ചത്. 
ഇതോടെ യുഎസ് ഡിസ്ട്രിക്റ്റ് കോടതികളില്‍ ആപ്പളിനെതിരെ ക്വാല്‍േകാം നല്‍കിയ പേറ്റന്റ് ലംഘന പരാതികളുടെ എണ്ണം 16 ആയി. ഇവ ഓരോന്നിനുമെതിരെ ആപ്പിളും എതിര്‍ പരാതി നല്‍കിയിട്ടുണ്ട്. ടെക്ക് ഭീമന്‍മാരുടെ ഒരിക്കലും അവസാനിക്കാത്ത ഈ പോരാട്ടം ആപ്പളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണ്‍ പതിപ്പായ ഐ ഫോണ്‍ 10-ന്റെ വിതരണത്തേയും വില്‍പ്പനയേയും ബാധിക്കുമോ എന്ന ആശങ്കയിലാണ് വിപണി ഇപ്പോള്‍.

ഐ ഫോണ്‍ സെവന്‍, സെവന്‍ പ്ലസ്, ഐ ഫോണ്‍ 8, 8 പ്ലസ്, ഐ ഫോണ്‍ 10 എന്നീ മോഡലുകള്‍ക്കെതിരെയാണ് ക്വാല്‍കോമിന്റെ പുതിയ പേറ്റന്റ് ലംഘന ആരോപണം. പേറ്റന്റ് ലംഘിച്ച് തങ്ങളുടെ സാങ്കേതിക വിദ്യ ഉപയോഗിച്ചതിന് ആപ്പിള്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതിയില്‍ ക്വാല്‍കോമിന്റെ ആവശ്യം. തങ്ങളുടെ എതിരാളിയായ ഇന്റലിന്റെ മോഡം ഉപയോഗിക്കുന്ന ഐ ഫോണ്‍ 10മോഡലുകള്‍ക്ക് വിപണിയില്‍ വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ക്വാല്‍കോം യു.എസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷനേയും സമീപിച്ചിട്ടുണ്ട്.

പേറ്റന്റ് വെട്ടിപ്പ് നടത്തുന്ന കമ്പനിക്ക് മികച്ച ഒരു ഉദാഹരമാണ് ആപ്പിള്‍. തങ്ങളുടെ ശക്തമായ സാമ്പത്തിക ശേഷി ഉപയോഗിച്ച് ഈ വെട്ടിപ്പ് തന്ത്രം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രയോഗിക്കുന്ന ആപ്പിള്‍ അവര്‍ തന്നെ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യാ പുതുമകളെ നശിപ്പിക്കുകയാണ്- പരാതിയില്‍ ക്വാല്‍കോം ആരോപിക്കുന്നു.

ലൈസന്‍സ് ഫീ നല്‍കാതെ തങ്ങളുടെ 16 പേറ്റന്റുകളാണ് ഐ ഫോണ്‍, ആപ്പിള്‍ വാച്ച് തുടങ്ങിയ സ്മാര്‍ട് ഉപകരണങ്ങളില്‍  ഉപയോഗിച്ചു വരുന്നതെന്നാണ് ക്വാല്‍കോമിന്റെ ആരോപണം. ഐ ഫോണിലെ പോര്‍ട്രെയ്റ്റ് മോഡ് ഇഫക്ട് നിര്‍മ്മിക്കാന്‍ ഉപയോഗിച്ച് സാങ്കേതിക വിദ്യയും തങ്ങളുടേതാണെന്നാണ് ക്വാല്‍കോമിന്റെ വാദം.

അതേ സമയം തങ്ങളുടെ ബാറ്ററി പ്രവര്‍ത്തന മികവിനുള്ള സാങ്കേതിക വിദ്യ പേറ്റന്റ് ലംഘിച്ച് ക്വാല്‍കോം ഉപയോഗിക്കുന്നുവെന്ന് ആപ്പിളും ആരോപിക്കുന്നു. ഇരു കമ്പനികളും തമ്മിലുള്ള നിയമ യുദ്ധം പുതിയതല്ല. ക്വാല്‍കോം തങ്ങളുടെ ചിപ്പിന് അമിത വിലയാണ് ഈടാക്കുന്നതെന്ന പരാതിയുമായി ജനുവരിയില്‍ ആപ്പിള്‍ കോടതിയെ സമീപിച്ചിരുന്നു. ക്വാല്‍കോമിന്റെ ലൈസന്‍സിംഗ് രീതിയെ വിമര്‍ശിക്കുകയും റോയല്‍റ്റി ഇനത്തില്‍ അമിതമായി പണം ഈടാക്കുന്നതായും ആപ്പിള്‍ ആരോപിച്ചിരുന്നു.

Latest News