ജിദ്ദ - മയക്കുമരുന്ന് വിതരണ കേസ് പ്രതിയായ സൗദി പൗരന് അയ്യായിരം ചാട്ടയടി നല്‍കാനുള്ള വിധി ജിദ്ദ അപ്പീല്‍ കോടതി റദ്ദാക്കി.
പ്രതിക്ക് വിധിച്ച അഞ്ചു വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ പിഴയും ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം വിദേശ യാത്ര നടത്തുന്നതില്‍ നിന്ന് അഞ്ചു വര്‍ഷത്തേക്ക് ഏര്‍പ്പെടുത്തിയ വിലക്കും അപ്പീല്‍ കോടതി സ്ഥിരപ്പെടുത്തിയിട്ടുണ്ട്.
മയക്കുമരുന്ന് വിരുദ്ധ നിയമത്തിന്റെയും സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതിക്ക് നേരത്തെ വിധിച്ച ചാട്ടയടി ശിക്ഷ അപ്പീല്‍ കോടതി റദ്ദാക്കിയത്.
ഇത്തരം കേസുകളിലെ ശിക്ഷകള്‍ തടവിലും പിഴയിലും പരിമിതപ്പെടുത്തണമെന്ന് സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ അടുത്തിടെ നിര്‍ദേശിച്ചിരുന്നു. രാജ്യത്ത് വിതരണം ചെയ്യാന്‍ ശ്രമിച്ച് മൂന്നു കിലോ നിരോധിത മരിജുവാന എത്തിച്ച കേസിലാണ് സൗദി പൗരന് നേരത്തെ കോടതി തടവും പിഴയും ചാട്ടയടിയും വിദേശ യാത്രാ വിലക്കും വിധിച്ചത്.
കേസില്‍ ആകെ നാലു സൗദി പൗരന്മാരായിരുന്നു പ്രതികള്‍. മൂന്നു പേര്‍ക്ക് വധശിക്ഷയും നാലാം പ്രതിക്ക് തടവും വിധിക്കണമെന്നാണ് പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. പ്രതികള്‍ക്ക് വധശിക്ഷകള്‍ വിധിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി നിരാകരിച്ചു.
രണ്ടാം പ്രതിക്ക് മദ്യസേവക്കുള്ള ശിക്ഷയാണ് കോടതി വിധിച്ചത്. മയക്കുമരുന്ന് കൈവശം വെക്കുകയും ഉപയോഗിക്കുകയും ചെയ്തതായി കണ്ടെത്തിയ മൂന്നും നാലും പ്രതികള്‍ക്ക് മദ്യസേവക്കുള്ള ശിക്ഷയും ആറു മാസം തടവും കോടതി വിധിച്ചു.
ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം വിദേശ യാത്ര നടത്തുന്നതില്‍ നിന്ന് ഇരുവര്‍ക്കും രണ്ടു വര്‍ഷത്തേക്ക് കോടതി വിലക്കുമേര്‍പ്പെടുത്തി. വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ മയക്കുമരുന്ന് കൈപ്പറ്റി എന്ന ആരോപണത്തില്‍ നിന്നും മുഖ്യപ്രതിക്ക് ഒത്താശകള്‍ ചെയ്തുകൊടുത്തു എന്ന ആരോപണത്തില്‍ നിന്നും മൂന്നും നാലും പ്രതികളെ കോടതി കുറ്റവിമുക്തരാക്കി.