ബുള്ളറ്റ് ട്രെയിന്‍ വിമര്‍ശകര്‍ യാത്ര  കാളവണ്ടിയിലാക്കണമെന്ന് മോഡി

ഭറൂച്- അഹമ്മദാബാദില്‍നിന്ന് മുംബൈയിലേക്കുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരിഹാസം. പദ്ധതിയെ വിമര്‍ശിക്കുന്നവര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും മറ്റു എതിരാളികള്‍ക്കും വേണമെങ്കില്‍ കാളവണ്ടികളില്‍ തന്നെ യാത്ര തുടരാമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം. കഴിഞ്ഞ ദിവസം ഗുജറാത്തിലെ ഭറൂച്ചിനടുത്ത അമോദില്‍ തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് മോദി ഇങ്ങനെ പറഞ്ഞത്. ഒരു ലക്ഷം കോടി രൂപയുടെ പദ്ധതിയായ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്തുമെന്നും ജപ്പാനില്‍ നിന്നു ലഭിച്ച വായ്പയുടെ സഹായത്തോടയാണ് ഇതു നടപ്പിലാക്കുന്നതെന്നും മോഡി പറഞ്ഞു. 

യാത്രാ വേഗം വര്‍ധിപ്പിക്കുന്നതിനു പുറമെ നിരവധി തൊഴിലവസരങ്ങളും പദ്ധതി സൃഷ്ടിക്കും. ഈ പദ്ധതി പ്രഖ്യാപനം നടത്തിയ കോണ്‍ഗ്രസിനു ഇതു നടപ്പിലാക്കാനായില്ല. 2012-ല്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങാണ് പദ്ധതി പ്രഖ്യാപിച്ചത്. പക്ഷെ ജപ്പാനുമായി ചര്‍ച്ച നടത്തി വായ്പ തരപ്പെടുത്താന്‍ കഴിഞ്ഞില്ല. ബിജെപി അധികാരത്തിലെത്തിയപ്പോള്‍ സൗജന്യ നിരക്കില്‍ വായ്പ ലഭിക്കുകയും പണി തുടങ്ങുകയും ചെയ്തു. 
ബുള്ളറ്റ് ട്രെയിനിന്റെ എതിരാളികള്‍ക്ക് വേണമെങ്കില്‍ കാളവണ്ടികളിലും യാത്ര ചെയ്യാം. ഞങ്ങള്‍ക്ക് ഞങ്ങളുടെ കഴിവനുസരിച്ച് പ്രവര്‍ത്തിക്കും. നിങ്ങളുടെ കഴിവനുസരിച്ച് നിങ്ങള്‍ക്കും പ്രവര്‍ത്തിക്കാം- കോണ്‍ഗ്രസിനെ പരിഹസിച്ചു കൊണ്ട് മോഡി പറഞ്ഞു.


 

Latest News