Sorry, you need to enable JavaScript to visit this website.

ലതികയെ വെട്ടിയതിന് പിന്നില്‍ സഭയുടെ അതൃപ്തിയും

കോട്ടയം- ഏറ്റുമാനൂര്‍ ലതിക സുഭാഷിന് നല്‍കാന്‍ ഉന്നത നേതാക്കള്‍ മടിച്ചത് സഭയെ ഭയന്നെന്ന് വിലയിരുത്തല്‍. കോണ്‍ഗ്രസ് വിചാരിച്ചാല്‍ ജോസഫ് ഈ സീറ്റ് കോണ്‍ഗ്രസിന് വച്ചു മാറിയേനേ. എന്നാല്‍ ലതികയെ മത്സരിപ്പിക്കുന്നതിന് അവരാരും താത്പര്യം കാണിച്ചില്ല. കന്യാസ്ത്രീ പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇരയായ കന്യാസ്ത്രി നടത്തിയ ഉപവാസ സമര പന്തലില്‍ ലതിക സുഭാഷ് മഹിളകോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. ഇതില്‍ നീരസം ഉണ്ടായ കത്തോലിക്കാ സഭ ലതികയെ മത്സരിപ്പിക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നത്രെ.  സഭയെ പിണക്കാന്‍ തന്റേടമില്ലാത്ത കോണ്‍ഗ്രസ് നേതൃത്വം ലതികയെ വെട്ടുകയായിരുന്നു.

ജോസഫിന് ഏറ്റുമാനൂര്‍ നല്‍കിയതിനാല്‍ പകരം കാഞ്ഞിരപ്പള്ളിയില്‍ ലതികയെ പരിഗണിക്കുന്നുവെന്ന് കോട്ടയത്തെ നേതാക്കള്‍ ഉറപ്പു നല്‍കിയെങ്കിലും ഐ ഗ്രൂപ്പുകാരനായ ജോസഫ് വാഴയ്ക്കനുവേണ്ടി രമേശ് ആ സീറ്റ് സ്വന്തമാക്കിയപ്പോള്‍ കെ. ബാബുവിന് തൃപ്പൂണിത്തുറ സീറ്റിനായി വാദിച്ച ഉമ്മന്‍ചാണ്ടി ലതികക്കൊരു സീറ്റിനു വേണ്ടി അത്ര താത്പര്യം കാണിച്ചില്ല. കാഞ്ഞിരപ്പള്ളി വാഴയ്ക്കന് കൊടുത്തപ്പോള്‍ ലതികക്ക് ഏറണാകുളത്തെ വൈപ്പിന്‍ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. ഭര്‍ത്താവ് സുഭാഷ് വൈപ്പിന്‍കാരനായതിനാല്‍ വൈപ്പിന്റെ മരുമകളാകാന്‍ അവര്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. സ്ഥാനാര്‍ത്ഥി ലിസ്റ്റ് പുറത്തു വരും വരെ വൈപ്പിനില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയായിരുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനു വരെ സീറ്റുണ്ടെന്നറിഞ്ഞതോടെയാണ് വനിതകളെ അവഗണിച്ചതിലുള്ള പ്രതിഷേധ സൂചകമായി അവര്‍ രാജിവച്ചതും തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചതും.

 

Latest News