തൃശൂരില്‍ സ്ഥാനാര്‍ഥിയായത് പ്രധാനമന്ത്രിയുടെ ആഗ്രഹം, വിജയസാധ്യത കുറവ്

കൊച്ചി- തൃശൂര്‍ മണ്ഡലത്തില്‍ വിജയ സാധ്യത അല്ല, മത്സര സാദ്യതയാണുളളതെന്ന് സുരേഷ് ഗോപി എം.പി. വിജയ സാധ്യത ഒരു മണ്ഡലത്തിലും ആര്‍ക്കും ഉറപ്പിക്കാനാകില്ല. കാരണം ഒരു തെരഞ്ഞെടുപ്പും എളുപ്പമല്ല. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് പോലും എളുപ്പമല്ല. താന്‍ മത്സരിക്കണമെന്നത് പാര്‍ട്ടി താല്‍പര്യമാണ്. ഒരു പാര്‍ട്ടി നേതാവ് എന്ന നിലയില്‍ പാര്‍ട്ടി നിര്‍ദ്ദേശം അനുസരിക്കുന്നു. 'എന്റെ സ്ഥാനാര്‍Lിത്വം പ്രധാനമന്ത്രിയുടെ ആഗ്രഹമാണ്.' അദ്ദേഹം പറഞ്ഞു. കോവിഡ് വാക്സിനേഷന് ശേഷം പ്രചാരണത്തില്‍ സജീവമാകുമെന്നും കൊച്ചിയിലെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജായ ശേഷം സുരേഷ്‌ഗോപി പ്രതികരിച്ചു.

തനിക്ക് മത്സരരംഗത്തേക്ക് വരാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. പക്ഷെ അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തീരുമാനം അനുസരിക്കുന്നു. മത്സരിക്കേണ്ട എന്നുതന്നെയാണ് ഇപ്പോഴും തന്റെ നിലപാട്. പാര്‍ട്ടി നാല് മണ്ഡലങ്ങള്‍ മുന്നോട്ട് വച്ചു. അവരോട് അവര്‍ പറയുന്ന എവിടെയും മത്സരിക്കാം എന്നറിയിച്ചു. പക്ഷെ പ്രധാനമന്ത്രിക്ക് ഞാന്‍ തൃശൂരില്‍ തന്നെ മത്സരിക്കണമെന്നായിരുന്നു ആഗ്രഹം- സുരേഷ് ഗോപി പറഞ്ഞു.

കോവിഡ് വാക്സിന്‍ എടുത്ത ശേഷമേ തൃശൂരിലേക്ക് എത്താനാകൂ. അതുകൊണ്ട് ആദ്യം വാക്സിനെടുക്കാനുളള ആരോഗ്യസ്ഥിതിയിലേക്ക് എത്തേണ്ടതുണ്ട്.-സുരേഷ് ഗോപി അറിയിച്ചു. തന്റെ അമ്മയെ അവസാനമായി കണ്ടപ്പോള്‍ മുടി മുഴുവന്‍ മുറിച്ചിട്ടാണ് കണ്ടത്. അതുകൊണ്ട് ലതികാ സുഭാഷിനെ അങ്ങനെ കണ്ടപ്പോള്‍ വളരെ വിഷമം തോന്നി. ഇനി കേരളത്തില്‍നിന്നുളള ഒരു എം.പിക്കും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണത്തിന് പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സുരേഷ് ഗോപി സ്ഥാനാര്‍ഥി പ്രഖ്യാപനത്തെ കുറിച്ച് പ്രതികരിച്ചത് ആശുപത്രിയില്‍ നിന്നായിരുന്നു.

 

Latest News