Sorry, you need to enable JavaScript to visit this website.

പ്രളയ സഹായ വിതരണത്തില്‍ 14.84 കോടിയുടെ നഷ്ടം

കൊച്ചി- എറണാകുളം ജില്ലയിലെ പ്രളയ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് 14.84 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ജോയിന്റ് ലാന്റ് റവന്യു കമ്മീഷണറുടെ റിപ്പോര്‍ട്ട്. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും ഡോ. എ. കൗശിഗന്‍ ഐ.എ.എസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. \

എന്നാല്‍ സി.പി.എം നേതാക്കളടക്കം അറസ്റ്റിലായ കേസില്‍ ഒരുകോടിയോളം രൂപയുടെ ക്രമക്കേട് മാത്രമാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്.

റവന്യൂ മന്ത്രിയുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് വന്‍ ക്രമക്കേടാണെന്നാണ് പറയുന്നത്. 10,46,75,000 രൂപയുടെ നഷ്ടം ധനസഹായ വിതരണത്തില്‍ സര്‍ക്കാരിന് സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.

ധനസഹായം നല്‍കിയ 2783 അക്കൗണ്ടുകളില്‍ 2724 അക്കൗണ്ടുകളിലേക്ക് രണ്ട് പ്രാവശ്യവും 41 അക്കൗണ്ടുകളിലേക്ക് മൂന്നുപ്രാവശ്യവും 13 അക്കൗണ്ടുകളിലേക്ക് നാല് പ്രാവശ്യവും തുക നല്‍കി. ട്രഷറിയിലെയും കലക്ടറേറ്റിലേയും രേഖകളും ലിസ്റ്റുകള്‍ നല്‍കിയ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററുകളിലേയും രേഖകള്‍ പരിശോധിച്ചപ്പോഴാണ് 14.84 കോടിയുടെ നഷ്ടം കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ ട്രഷറിയില്‍നിന്ന് കിട്ടിയ അക്കൗണ്ട് നമ്പറും തുക നല്‍കിയ അക്കൗണ്ട് നമ്പറുകളും വ്യത്യസ്തമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതേക്കുറിച്ച് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ അടിയന്തരമായ അന്വേഷണത്തിനും കൗശിഗന്‍ ഐ.എ.എസ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ധനസഹായ വിതരണത്തിനുള്ള ലിസ്റ്റിലും ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തല്‍.
തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ എറണാകുളം കലക്ടറേറ്റിലെ സെക്ഷന്‍ ക്ലര്‍ക്ക് വിഷ്ണു പ്രസാദും സി.പി.എമ്മിന്റെ തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും അടക്കം ഏഴ് പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

 

Latest News