Sorry, you need to enable JavaScript to visit this website.

സൗദിയില്‍ മിനി ബസ് മറിഞ്ഞ് മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തും

തായിഫ്-  സൗദിയിലെ തായിഫിനടുത്ത് അൽമോയയിൽ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മലയാളി നഴ്സുമാരായ അഖിലയുടെയും സുബിയുടെയും മൃതദേഹങ്ങൾ നാട്ടിലേക്കയച്ചു. അപകടത്തിൽ മരിച്ച ബസ് ഡ്രൈവര്‍ ബീഹാർ സ്വദേശി മുഹമ്മദ് ഖാദിർ അഖീലിൻെറ മൃതദേഹം നേരത്തെ അൽമോയ മഖ്ബറയിൽ ഖബറടക്കിയിരുന്നു.

കഴിഞ്ഞ മാസം 28നായിരുന്നു അപകടം. റിയാദ് അൽ ഖർജിൽനിന്ന് ജിദ്ദയിലേക്ക് വരുന്നതിനിടെ തായിഫില്‍നിന്ന്  200 കിലോമീറ്റർ അകലെ അൽമോയയിൽ വെച്ച് മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ അദാൽ കമ്പനിക്ക് കീഴിൽ നഴ്സുമാരായിരുന്ന കൊല്ലം ആയൂർ സ്വദേശിനി സുബി ഗീവർഗീസ് ബേബി (33), കോട്ടയം വൈക്കം വെച്ചൂർ സ്വദേശിനി അഖില മുരളി (29) എന്നിവരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ട പുലർച്ചെയാണ് നാട്ടിലേക്ക് കൊണ്ടുപോയത്. ഇത്തിഹാദ് വിമാനത്തിൽ അബൂദാബി വഴി ബുധനാഴ്‌ച പുലർച്ചെ 1.20 ന് കൊച്ചിയിലെത്തുന്ന മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും.

ഫെബ്രുവരി മൂന്നിനാണ് ഇവർ റിയാദിൽ എത്തിയിരുന്നത്. അവിടെ നിന്നും ക്വാറൻറീൻ പൂർത്തിയാക്കി ജിദ്ദയിലെ വിവിധ ആശുപത്രികളിൽ ജോലിക്ക് പ്രവേശിക്കാൻ വരുന്നതിനിടയിലായിരുന്നു അപകടം. ഡ്രൈവറടക്കം എട്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നഴ്സുമാരായ പത്തനംതിട്ട അർത്തുങ്കൽ സ്വദേശിനി ആൻസി ജിജി തായിഫ് കിംഗ് ഫൈസൽ ആശുപത്രിയിലും തമിഴ്നാട് സ്വദേശിനികളായ കുമുദ അറുമുഖം, റോമിയാ കുമാർ എന്നിവർ ത്വാഇഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലും ചികിത്സയിലാണ്.  നിസാര പരിക്കേറ്റ കൊല്ലം പുനലൂർ സ്വദേശിനി പ്രിയങ്ക, തമിഴ്നാട് സ്വദേശിനി വജിത റിയാസ് എന്നിവർ നേരത്തെ ആശുപത്രി വിട്ടിരുന്നു.

അൽമോയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളുമായി ബന്ധപ്പെട്ട തുടർ നടപടികൾ തായിഫ്കെ.എം.സി.സി പ്രസിഡൻറും കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫയർ കമ്മിറ്റി അംഗവുമായ നാലകത്ത് മുഹമ്മദ് സാലിഹ്, ജിദ്ദ നവോദയ തായിഫ് കമ്മിറ്റി ഭാരവാഹി മോബിൻ തോമസ്‌, ബ്രദേഴ്സ് തായിഫ് പ്രസിഡൻ്റും കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫെയർ കമ്മിറ്റി അംഗവുമായ പന്തളം ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.

 

Latest News