Sorry, you need to enable JavaScript to visit this website.

മലപ്പുറം ലോക്‌സഭ മണ്ഡലത്തിലേക്ക് ലീഗിൽനിന്ന് റിബൽ?

തിരൂർ- മലപ്പുറം ലോക്‌സഭ മണ്ഡലത്തിലേക്ക് ലീഗിൽനിന്ന് വിമതരെ തേടി സി.പി.എം. പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ച് വീണ്ടും നിയമസഭയിലേക്ക് മത്സരിച്ചതിന്റെ അസ്വാരസ്യം പരമാവധി മുതലെടുക്കാനാണ് സി.പി.എം നീക്കം. ലീഗിൽ സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ ഇടഞ്ഞുനിൽക്കുന്നവരെ രംഗത്തിറക്കാനാണ് തീരുമാനം. അരലക്ഷം വോട്ടെങ്കിലും വിമത സ്ഥാനാർത്ഥി നേടിയാൽ മലപ്പുറം ലോക്‌സഭ മണ്ഡലത്തിൽനിന്ന് വിജയിക്കാനാകുമെന്നാണ് സി.പി.എം കണക്കുക്കൂട്ടൽ. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി നേടിയ ഭൂരിപക്ഷത്തിന്റെ മൂന്നിലൊന്നു മാത്രമേ ഇക്കുറി സമദാനിക്ക് നേടാൻ കഴിയൂവെന്നാണ് സി.പി.എം കണക്കാക്കുന്നത്. ആ ഭൂരിപക്ഷത്തിൽനിന്ന് അരലക്ഷം വോട്ടുകൾ പിടിച്ചെടുക്കാൻ കഴിഞ്ഞാൽ വിജയിക്കാനാകുമെന്നും പാർട്ടി കണക്കാക്കുന്നു. മുസ്ലിം ലീഗുകാർക്കിടയിൽ സ്വാധീനമുള്ള ഒരാളെ തന്നെ രംഗത്തിറക്കാനുള്ള നീക്കമാണ് സി.പി.എം നടത്തുന്നത്. എസ്. ഡി. പി. ഐ അടക്കമുള്ള ലീഗ് വിരുദ്ധ കക്ഷികള്‍ പരമാവധി വോട്ടുകള്‍ സമാഹരിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്.

അതിനിടെ, ലീഗ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സി.പി ബാവ ഹാജിയെ സി.പി.എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ വീട്ടിലെത്തി സന്ദർശിച്ചു. കഴിഞ്ഞ ദിവസം ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി ജലീലും ബാവ ഹാജിയെ സന്ദർശിച്ചിരുന്നു. തിരൂർ, താനൂർ സീറ്റുകളിലേക്ക് ബാവ ഹാജിയെ പരിഗണിച്ചിരുന്നുവെങ്കിലും അവസാനം കുറുക്കോളി മൊയ്തീനും പി.കെ ഫിറോസിനും നറുക്കുവീഴുകയായിരുന്നു. ഇതിൽ സി.പി ബാവ ഹാജി അസ്വസ്ഥനാണ്. കഴിഞ്ഞ തവണയും ബാവ ഹാജിയെ ലീഗ് പരിഗണിച്ചിരുന്നുവെങ്കിലും അവസാനം ലിസ്റ്റിൽ നിന്ന് പുറത്തുപോകുകയായിരുന്നു. മുഴുവൻ നിയമസഭ മണ്ഡലങ്ങളിലേക്കും സ്ഥാനാർത്ഥികളെ നിശ്ചയിച്ചതിനാൽ ഇക്കുറി ബാവ ഹാജിക്ക് നിയമസഭയിലേക്ക് സീറ്റ് നൽകാൻ ഇടതുമുന്നണിക്ക് പ്രയാസമാകും. അതേസമയം, ലോക്‌സഭയിലേക്ക് ബാവ ഹാജിയെ രംഗത്തിറക്കാനുള്ള ആലോചന നടത്തുന്നുണ്ടെന്നാണ് സി.പി.എം കേന്ദ്രങ്ങൾ നൽകുന്ന സൂചന.
 

Latest News