Sorry, you need to enable JavaScript to visit this website.

ജറൂസലം ഇസ്രായില്‍ തലസ്ഥാനം;  യു.എസിന് മുന്നറിയിപ്പുമായി അറബ് ലീഗ്

കയ്റോ- ജറുസലമിനെ ഇസ്രായില്‍ തലസ്ഥാനമായി അംഗീകരിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ പ്രതിഷേധവും മുന്നറിയിപ്പുമായി അറബ് രാജ്യങ്ങള്‍ രംഗത്ത്. അമേരിക്കയുടെ നീക്കം ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്നാണ് ഞായറാഴ്ച കയ്റോയില്‍ ചേര്‍ന്ന അറബ് ലീഗ് യോഗം വിലയിരുത്തിയത്. ഫലസ്തീന്‍ തങ്ങളുടെ തലസ്ഥാനമായി കാണുന്ന ജറുസലമിനെ ഇസ്രായിലിന്റെ തലസ്ഥാനമായി അംഗീകരിച്ചു കൊണ്ടുള്ള പ്രഖ്യാപനം ബുധനാഴ്ച ട്രംപ് നടത്തുമെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് വിവിധ അറബ് രാജ്യങ്ങള്‍ ഈ നീക്കത്തിനെതിരെ രംഗത്തു വന്നിരുന്നു.

സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഈജിപ്ത്, ജോര്‍ദാന്‍, ലബനോന്‍ തുടങ്ങി ഏഷ്യയിലേയും ആഫ്രിക്കയിലേയും 22 അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗ് ശക്തമായ മുന്നറിയിപ്പുമായാണ് അമേരിക്കന്‍ നീക്കത്തിനെതിരെ നല്‍കിയിരിക്കുന്നത്. ഇതു നടപ്പിലാക്കിയാല്‍ ഫലസ്തീന്‍-ഇസ്രായില്‍ വിഷയത്തില്‍ അമേരിക്ക സ്വീകരിച്ചു പോരുന്ന ചരിത്രപരമായ നിലപാടില്‍ നിന്നുള്ള പിന്മാറ്റമായി അടയാളപ്പെടുമെന്ന് അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ സഈദ് അബു അലി പറഞ്ഞു. വിശുദ്ധ നഗരമായ ജറൂസലം ഇസ്രയേല്‍ അധിനിവേശം നടത്തിയ ഫലസ്തീന്‍ നഗരമാണെന്നാണ് നിലവിലെ അമേരിക്കന്‍ നിലപാട്. ഈ നിലപാടില്‍ നിന്നുള്ള പിന്മാറ്റത്തിനാണ് അമേരിക്ക ഇപ്പോള്‍ മമുതിരുന്നത്.
അതേസമയം ജറൂസലം സംബന്ധിച്ച് തന്റെ നിലപാട് യു.എസ് പ്രസിഡന്റ് ട്രംപ് താന്‍ തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പു തന്നെ പ്രഖ്യാപിച്ചിരുന്നു. ഇസ്രായില്‍ തലസ്ഥാനമായ ടെല്‍ അവീവിലെ യു.എസ് എംബസി ജറുസലമിലേക്ക് മാറ്റുമെന്ന് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പ്രഖ്യാപിച്ചിരുന്നു. ഫലസ്തീന്‍ സ്വതന്ത്രമായാല്‍ തങ്ങളുടെ തലസ്ഥാനമാക്കാന്‍ കാത്തിരിക്കുന്ന നഗരമാണ് ജറുസലം. 

Latest News