എടപ്പാൾ - നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടി നേതൃത്വത്തോട് ഇടഞ്ഞ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ വീട്ടിൽ സി.പി.എം സ്ഥംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെത്തി.
വ്യവസായിയും ലീഗ് ഉപാധ്യക്ഷനുമായ സി.പി. ബാവ ഹാജിയുടെ മാണൂരിലെ വീട്ടിലാണ് വിജയരാഘവനെത്തി ചർച്ച നടത്തിയത്. ഇന്നലെ വൈകീട്ടെത്തിയ വിജയരാഘവൻ ഒരു മണിക്കൂർ സമയം ചർച്ച നടത്തി ഭക്ഷണം കഴിച്ചാണ് പിരിഞ്ഞത്. മന്ത്രി കെ.ടി. ജലീൽ ഇന്നലെ രാവിലെ എത്തി ബാവഹാജിയുമായി ചർച്ച നടത്തിയതിനു പിറകെയാണ് വിജയരാഘവനുമെത്തിയത്. സീറ്റ നിഷേധിച്ചതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം മാണൂരിൽ പ്രകടനം നടത്തിയിരുന്നു. പരസ്യ പ്രതികരണവുമായി നേതൃത്വത്തിനെതിരെ ബാവഹാജി രംഗത്തെത്തിയിരുന്നു.
സി.പി.എമ്മിൽ ചേരുകയാണെന്ന അഭ്യൂഹം നിലനിൽക്കെയാണ് സി.പി.എം നേതാക്കൾ ബാവഹാജിയുടെ വീട്ടിലെത്തിയത്. ബാവ ഹാജിയെ അനുകൂലിക്കുന്ന രണ്ടു പഞ്ചായത്ത് മെമ്പർമാർ രാജിക്കൊരുങ്ങി നേതൃത്വത്തിന് കത്തു കൊടുത്തിട്ടുണ്ട്. മെമ്പർമാർ രാജിവെക്കുകയാണെങ്കിൽ 45 കൊല്ലത്തിനു ശേഷം യു.ഡി.എഫ് തിരിച്ചുപിടിച്ച വട്ടംകുളം പഞ്ചായത്ത് വീണ്ടും ഇടതുപക്ഷത്തിനു ലഭിക്കും.






