കന്നി അങ്കത്തിനായി ജോസ് കെ. മാണി പത്രിക നൽകി

കോട്ടയം - നിയമസഭയിലേക്കുള്ള കന്നി അങ്കത്തിന് ജോസ് കെ. മാണിയും എതിർസ്ഥാനാർഥിയും സിറ്റിംഗ് എം.എൽ.എയുമായ മാണി സി. കാപ്പനും, പൂഞ്ഞാറിൽ പി.സി. ജോർജും ഇന്നലെ കോട്ടയം ജില്ലയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. പത്രിക സമർപ്പണത്തിന് ഇരുവരും തെരഞ്ഞെടുത്തത് ഒരേ ദിനമായിരുന്നുവെന്നത് യാദൃച്ഛികം. തിങ്കളാഴ്ച രാവിലെ. മാണി സി. കാപ്പനും ജോസ് കെ. മാണിയും ബ്ലോക്ക് ഓഫീസിലും പി.സി. ജോർജ് പൂഞ്ഞാറിലുമാണു പത്രിക നൽകിയത്.
അച്ഛാച്ചന്റെ അസാന്നിധ്യത്തിൽ ആദ്യമായാണ് ജോസ് കെ. മാണി പത്രിക സമർപ്പിച്ചത്. കഴിഞ്ഞ രണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പിലും കെ.എം. മാണിയാണ് ജോമോന്റെ പത്രിക പരിശോധിച്ച് കൈമാറിയത്. ജോസ് കെ. മാണി പത്രിക സമർപ്പിക്കാൻ ബ്ലോക്ക് ഓഫീസിലേക്ക് കയറുമ്പോഴാണ് ദൽഹിയിൽനിന്നും ആ സന്ദേശമെത്തിയത്. രാജ്യത്തെ പരമോന്നത കോടതി രണ്ടില ചിഹ്നം തന്റെ പാർട്ടിക്ക് അനുവദിച്ചെന്ന വാർത്ത. ഇത് സത്യത്തിന്റെ വിജയമെന്നായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം.


പൂഞ്ഞാറിലെ ഒൻപതാമത്തെ അങ്കത്തിന് പി.സി. ജോർജ് മകൻ ഷോൺ ജോർജിനൊപ്പമെത്തിയാണ് പത്രിക നൽകിയത്. കേരള ജനപക്ഷം സെക്കുലർ സ്ഥാനാർഥിയായ പി.സി. ജോർജ് ഈരാറ്റുപേട്ട ബ്ലോക്കിൽ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ മുമ്പാകെയാണ് നാമ നിർദേശ പത്രിക സമർപ്പിച്ചത്. ജില്ലാ പഞ്ചായത്ത് അംഗവും മകനുമായ അഡ്വ. ഷോൺ ജോർജ്, കെ.എഫ്. കുര്യൻ, ജോർജ് ജോസഫ് കാക്കനാട്ട് എന്നിവരും ഒപ്പം എത്തി.


പാലായിലെ യു.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പൻ ളാലം ബ്ലോക്ക് ഓഫീസിൽ ബി.ഡി.ഒയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുമായ ഷൈമോൻ ജോസഫ് മുമ്പാകെ നാമനിർദേശ പത്രിക നൽകി. മാണി സി. കാപ്പന്റെ രണ്ടാം അങ്കമാണിത്. ഇടതു മുന്നണി വിട്ടു യു.ഡി.എഫിലേക്ക് കുടിയേറിയ കാപ്പനും, യു.ഡി.എഫിൽനിന്നും ഇടതുപക്ഷത്തേക്ക് എത്തിയ ജോസ് കെ. മാണിയും ഒരേ ദിവസം ഒരേ ഓഫീസിൽ പത്രിക നൽകി.


നിരവധി നാമനിർദേശ പത്രികകൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും കെ.എം. മാണിയെ സമ്പന്തിച്ചിടത്തോളം ഓരോ നാമനിർദേശ പത്രികാസമർപ്പണവും 
ഏറ്റവുമധികം സംഘർഷം അനുഭവിച്ചിരുന്ന മുഹൂർത്തമായിരുന്നുവെന്ന് ജോസ് കെ. മാണി പറഞ്ഞു. അച്ഛാച്ചന്റെ നാമനിർദേശ പത്രികൾക്ക് നൽകിയിരുന്ന പ്രാധാന്യത്തെക്കാൾ കേരള കോൺഗ്രസ് നേതാക്കൾ നൽകിയിരുന്ന പത്രികകൾക്കാണ് അച്ഛാച്ചൻ പ്രാധാന്യം നൽകിയിരുന്നത്. ഓരോ പത്രികയും അച്ഛാച്ചൻ പ്രത്യേകം പരിശോധിക്കും. സസൂക്ഷ്മം വിലയിരുത്തും. പിഴവുകൾ ഉണ്ടോ എന്ന് നൂറാവർത്തി നോക്കും -ജോസ് കെ. മാണി പറഞ്ഞു. കോട്ടയം ലോകസഭാ തെരഞ്ഞടുപ്പിൽ മത്സരിച്ച തോമസ് ചാഴികാടന്റെ പത്രികയാണ് കെ.എം. മാണി അവസാനം നോക്കി നൽകിയത്. എറണാകുളം ലേക്‌ഷോർ ആശുപത്രിയിലെ അവസാന ജീവിത നിമിഷങ്ങളിൽ.

 

Latest News