മുഖ്യമന്ത്രി പിണറായി വിജയന് 2,04,048.51 രൂപയുടെ ആസ്തി

കണ്ണൂർ- മുഖ്യമന്ത്രി പിണറായി വിജയന് ബാങ്ക് നിക്ഷേപവും ഓഹരി വിഹിതവും ഉൾപ്പെടെ 2,04,048.51 രൂപയുടെ ആസ്തി. ഭാര്യ കമലയ്ക്ക് വിവിധ സ്ഥാപനങ്ങളിലായി 29,767,17.61 രൂപയും. ധർമ്മടം മണ്ഡലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സമർപ്പിച്ച നാമനിർദേശ പത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങൾ ഉള്ളത്.  പിണറായി വിജയന്റെ കൈവശം 10,000 രൂപയും, തലശ്ശേരി എസ്.ബി.ഐ ബാങ്ക് ശാഖയിൽ 70,648.51 രൂപയും, പിണറായി സർവീസ് സഹകരണ ബാങ്കിൽ 5400 രൂപയും നിക്ഷേപമുണ്ട്. ഇതിന് പുറമെ, കൈരളി ചാനലിൽ 10,000 രൂപ വിലവരുന്ന 1000 ഷെയറും, സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൽ 500 രൂപയുടെ ഒരു ഷെയറുമുണ്ട്. പിണറായി ഇൻഡസ്ട്രിയൽ കോഓപ് ബാങ്കിൽ 100 രൂപ വിലവരുന്ന 1 ഷെയറുമുണ്ട്. ഇതിന് പുറമെ കണ്ണൂർ വിമാനത്താവള കമ്പനി (കിയാൽ) യിൽ 1 ലക്ഷം രൂപയുടെ ഷെയറും ഉണ്ട്. 


കണ്ണൂരിലെ പാതിരിയാട് 7.90 ലക്ഷം രൂപ വിലവരുന്ന 20 സെന്റ് സ്ഥലം സ്വന്തമായി ഉണ്ട്. പിണറായിക്ക് സ്വന്തമായി സ്വർണാഭരണങ്ങൾ ഇല്ല. മുഖ്യമന്ത്രി എന്ന നിലയിൽ ഉള്ള ശമ്പളവും ആനുകൂല്യങ്ങളും മാത്രമാണ് വരുമാനം. നിക്ഷേപവും ഷെയറും ഉൾപ്പെടെ 2,04,048.51 രൂപയുടെ ആസ്തിയാണ് പിണറായിക്കുള്ളത്.
പിണറായി വിജയന്, സ്വന്തമായി വാഹനമില്ല. വ്യക്തിഗത വായ്പയോ, ഇൻഷുറൻസ് പോളിസികളോ ഇല്ല. സ്വന്തം പേരിൽ വീടുണ്ട്. ഈ വീട് പിന്നീട് പുനർ നിർമിച്ചു. 1977 ൽ 2000 രൂപയ്ക്ക് വാങ്ങിയ സ്ഥലത്ത് 1818.33 സ്‌ക്വയർ ഫീറ്റുള്ള വീടാണുണ്ടായിരുന്നത്. പിന്നീട് 1230 സ്‌ക്വയർ ഫീറ്റ് കൂട്ടിച്ചേർത്തു. ഇതിന് പുറമെ 519 സ്‌ക്വയർ ഫീറ്റുള്ള ഔട്ട് ഹൗസ് കൂടി നിർമിച്ചു. ഇപ്പോൾ ഇതിന്റെ ആസ്തി 33.35 ലക്ഷമാണ്. സുപ്രീം കോടതി പരിഗണനയിലുള്ള ലാവ് ലിൻ കേസ് ഉൾപ്പെടെ 3 കേസുകളുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.


പിണറായി വിജയന്റെ ഭാര്യ റിട്ട. അധ്യാപികയായ ടി. കമലയുടെ കൈയ്യിൽ 2000 രൂപയും, നിക്ഷേപങ്ങളും ഓഹരിയും ഉൾപ്പെടെ 29,767, 17.61 രൂപയുമാണുള്ളത്. കമലയ്ക്ക് സ്വന്തമായി വാഹനമില്ല. വീടില്ല. വ്യക്തിഗത വായ്പകളില്ല. തലശ്ശേരി എസ്.ബി.ഐ ബാങ്കിൽ 5,47,803.21 രൂപയും, എസ്.ബി.ഐ എസ്.എം.പി ശാഖയിൽ 32,664.65 രൂപയും, മാടായി കോഓപ് ബാങ്കിൽ 3,58,336 രൂപയും, മൗവ്വഞ്ചേരി കോഓപ് ബാങ്കിൽ 11,98,914 രൂപയുടെയും നിക്ഷേപമുണ്ട്. കൈരളി ചാനലിൽ 20,000 രൂപയുടെ 200 ഷെയറുകളും, കിയാലിൽ 2 ലക്ഷം രൂപയുടെ ഷെയറുകളുമുണ്ട്. 
പിണറായി പോസ്റ്റ് ഓഫീസിൽ 1,44,000 രൂപയും, അടക്കാത്തെരു പോസ്റ്റ് ഓഫീസിൽ 1,45,000 രൂപയും നിക്ഷേപമുണ്ട്. കമലയ്ക്ക് 3,33,000 രൂപ രൂപ വിലവരുന്ന 80 ഗ്രാം സ്വർണവും സ്വന്തമായുണ്ട്. ഒഞ്ചിയം കണ്ണൂക്കരയിൽ 17.5 സെന്റ് ഭൂമി സ്വന്തമായുണ്ട്. 

 

Latest News