ബത്തേരി -നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ യു.ഡി.എഫ് പ്രയോഗിക്കുന്നതു പുലിയെ മടയിൽ ചെന്നു നേരിടുന്ന തന്ത്രമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടൗൺഹാളിൽ യു.ഡി.എഫ്. നിയോജകമണ്ഡലം തെരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നേമം ഗുജറാത്താണെന്നാണ് ബി.ജെ.പി പറയുന്നത്. ആ ഗുജറാത്തിൽ യു.ഡി.എഫിന്റെ കൊടി നാട്ടാനാണ് കെ.മുരളീധരനെ സ്ഥാനാർത്ഥിയാക്കിയത്.
തെരഞ്ഞെടുപ്പിൽ ബി.ജെ.പി-സി.പി.എം ബാന്ധവം പ്രകടമാണ്. ചില മണ്ഡലങ്ങളിൽ ദുർബല സ്ഥാനാർഥികളെ നിർത്തി ബി.ജെ.പിക്കു ജയിക്കാൻ അവസരം ഒരുക്കുകയാണ് ഇടതുമുന്നണി. മലമ്പുഴയിൽ കഴിഞ്ഞതവണ വി.എസ്. അച്യുതാനന്ദനെയാണ് സി. പി.എം. മത്സരിപ്പിച്ചത്. ഇത്തവണ അവിടെ ഇടതു സ്ഥാനാർഥി പ്രമുഖനല്ല. മഞ്ചേശ്വരം അടക്കം മറ്റു ചില മണ്ഡലങ്ങളിലും സമാനസ്ഥിതിയാണ്. ബി.ജെ.പിയെ നേരിടാൻ സി. പി.എം തയാറാകുന്നില്ല.
സംസ്ഥാനത്തു കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണം കർഷകർക്കും തൊഴിലാളികൾക്കും വേണ്ടിയായിരുന്നില്ല. സമ്പന്നരുടെ താത്പര്യമാണ് സർക്കാർ സംരക്ഷിച്ചത്. കാർഷിക മേഖലയിൽ പദ്ധതികൾ പ്രഖ്യാപിച്ചതല്ലാതെ നടപ്പിലാക്കാൻ സർക്കാരിനു കഴിഞ്ഞില്ല. കാർഷികപ്രതിസന്ധിയുടെ തിക്തഫലം സംസ്ഥാന വ്യാപകമായി കർഷകരും തൊഴിലാളികളും അനുഭവിക്കുകയാണ്. വയനാട് പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഒരു രൂപ പോലും ചെലവഴിച്ചില്ല. വയനാടൻ കാപ്പി ലോകോത്തര നിലവാരത്തിലേക്കുയർത്തി ബ്രാൻഡ് ചെയ്തു വിപണിയിൽ എത്തിക്കുമെന്നു പറയാൻ തുടങ്ങിയിട്ടു കാലം കുറേയായി. എൽ.ഡി.എഫ് സർക്കാരിന്റെ ഓരോ അഴിമതിയും പുറത്തുകൊണ്ടുവരാൻ പ്രതിപക്ഷത്തിന് സാധിച്ചു. സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം കാമ്പുള്ളതായിരുന്നുവെന്നു പിന്നീട് തെളിഞ്ഞു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മുഴുവൻ അഴിമതിക്കാരെയും നിയമത്തിനു മുന്നിൽ നിർത്തും.
സംസ്ഥാനത്തു കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇതുപോലെ സ്ഥാനാർഥി നിർണയം. പരിചയസമ്പന്നരും ചെറുപ്പക്കാരും അഭ്യസ്തവിദ്യരുമെല്ലാം സ്ഥാനാർഥി ഗണത്തിലുണ്ട്. കേരളത്തിൽ പാർട്ടി മാറ്റത്തിനു വിധേയമാകുകയാണ്. നാടിന്റെ ഓരോ സ്പന്ദനവും തിരിച്ചറിയുന്നയാളാണ് മണ്ഡലത്തിൽ മൂന്നാം തവണയും ജനവിധി തേടുന്ന ഐ.സി. ബാലകൃഷ്ണനെന്നും ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കെ.കെ.അബ്രഹാം അധ്യക്ഷത വഹിച്ചു.
സ്ഥാനാർഥി ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, യു.ഡി.എഫ് നേതാക്കളായ പി.പി.എ.കരീം, പി.വി. ബാലചന്ദ്രൻ, കെ.എൽ. പൗലോസ്, എൻ.എം. വിജയൻ, പി.പി. അയൂബ്, അബ്ദുൽസലാം, പി.പി. ആലി, എം.എ. അസൈനാർ, പി.വി. ഉണ്ണി, കെ.എം. അബ്രഹാം, സി.പി. വർഗീസ്, ഉമ്മർ കുണ്ടാട്ടിൽ, ജോസഫ് പെരുവേലി, ടി. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
നിയോജകണ്ഡലം തെരഞ്ഞെടുപ്പുകമ്മിറ്റി ഭാരവാഹികളായി ടി.മുഹമ്മദ്(ചെയർമാൻ), കെ.കെ.അബ്രഹാം(ജനറൽ കൺവീനർ), എൻ.എം.വിജയൻ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. മാനന്തവാടി, കൽപറ്റ എന്നിവിടങ്ങളിലും യു.ഡി.എഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പു കൺവൻഷൻ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു.






