ട്രംപിന് വേവലാതി; സ്വന്തം എഫ്.ബി.ഐയെ തള്ളി

വാഷിംഗ്ടണ്‍- സ്വന്തം അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ വിശ്വാസ്യത ചോദ്യം ചെയ്തുകൊണ്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്വീറ്റ് പരമ്പര. ട്രംപിനെതിരായ ടെക്‌സ്റ്റ് മെസേജുകള്‍ അയച്ചതിന്റെ പേരില്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുന്ന പ്രത്യേക കോണ്‍സല്‍ റോബാര്‍ട്ട് മുവെല്ലറുടെ സംഘത്തില്‍നിന്ന് ഒരു എഫ്.ബി.ഐ ഏജന്റിനെ പിന്‍വലിച്ചുവെന്ന വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു പ്രസിഡന്റ്.
എഫ്.ബി.ഐയോട് കളവു പറഞ്ഞുവെന്നും റഷ്യന്‍ സ്ഥാനപതിയെ കണ്ടിട്ടുണ്ടെന്നും മുന്‍ ദേശീയ ഉപദേഷ്ടാവ് മൈക്കിള്‍ ഫഌന്‍ നടത്തിയ കുറ്റസമ്മതത്തിനു പിന്നാലെ നിരപരാധിത്വം തെളിയിക്കാനുള്ള തീവ്രശ്രമത്തിലാണ് ട്രംപ്. മൈക്കിള്‍ ഫഌന്നിനെ ചോദ്യം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ എഫ്.ബി.ഐ ഡയരക്ടര്‍ ജെയിംസ് കോമിക്ക് നിര്‍ദേശം നല്‍കിയെന്ന ആരോപണം ട്രംപ് ആവര്‍ത്തിച്ചു നിഷേധിച്ചു.
കുറ്റസമ്മതം നടത്തിയതിനോടൊപ്പം റോബര്‍ട്ട് മുവല്ലര്‍ നടത്തുന്ന അന്വേഷണത്തോട് സഹകരിക്കുമെന്നും മൈക്കിള്‍ ഫഌന്‍ വ്യക്തമാക്കിയിട്ടുണ്ട്. കുറ്റസമ്മതത്തിന്റെ ഭാഗം തന്നെയാണ് ഈ സഹകരണം. കഴിഞ്ഞ വര്‍ഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയം ഉറപ്പിക്കാന്‍ റഷ്യ സഹായിച്ചുവെന്ന് കൂടുതല്‍ തെളിഞ്ഞുവരികയാണെന്ന് ഡെമോക്രാറ്റ് നേതാക്കള്‍ പറഞ്ഞു.
അന്വേഷണം പ്രസിഡന്റിനെ വേവലാതിപ്പെടുത്തുകയാണെന്നും ഓരോ തവണ നിഷേധിക്കുമ്പോഴും കൂടുതല്‍ തെളിവുകള്‍ പുറത്തുവരികയാണെന്നും സെനറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റ് അംഗം മാര്‍ക്ക് വെര്‍ണര്‍ ആരോപിച്ചു.
ചരിത്രത്തില്‍ തന്നെ ഏറ്റവും പരിതാപകരമായ അവസ്ഥയിലെത്തിയ എഫ്.ബി.ഐയുടെ പ്രതിഛായ തിരികെ കൊണ്ടുവരണമെന്നാണ് പ്രസിഡന്റ് ട്രംപ് ട്വീറ്റ് പരമ്പരയില്‍ പറഞ്ഞത്. ട്രംപ് തന്നെ കഴിഞ്ഞ മേയില്‍ പുറത്താക്കിയ ജെയിംസ് കൊമെക്ക് ശേഷം ദേശീയ ക്രമസമാധാന ഏജന്‍സിയുടെ പ്രതിഛായ തകര്‍ന്നുവെന്ന് പറഞ്ഞ അദ്ദേഹം എഫ്.ബി.ഐ നേരായ പാതയിലൂടെയല്ല പോകുന്നതെന്നും ആരോപിച്ചു. വീട് ശുചീകരിക്കേണ്ടതുണ്ടെന്ന പുതിയ എഫ്.ബി.ഐ മേധാവി ക്രിസ് റേയുടെ ട്വീറ്റ് പങ്കുവെച്ചിട്ടുമുണ്ട് ട്രംപ്.
ട്രംപ് വിരുദ്ധമെന്ന് കരുതുന്ന മെസേജുകള്‍ അയച്ചതിന്റെ പേരില്‍ റഷ്യന്‍ ബന്ധം അന്വേഷിക്കുന്ന സംഘത്തില്‍നിന്ന് മാസങ്ങള്‍ക്കുമുമ്പാണ് പിന്‍വലിച്ചിരുന്നത്. ഹിലരി ക്ലിന്റണ്‍ ഉപയോഗിച്ച സ്വകാര്യ ഇമെയില്‍ സെര്‍വറിനെ കുറിച്ചുള്ള അന്വേഷണത്തിലും പങ്കാളിത്തം വഹിച്ച പീറ്റര്‍ സ്‌ട്രോസ്‌കിനെയാണ് അന്വേഷണ സംഘത്തില്‍നിന്ന് പുറത്താക്കിയിരുന്നത്.
ആരോപണങ്ങള്‍ ഉയര്‍ന്ന ഉടന്‍ പീറ്ററെ സംഘത്തില്‍നിന്ന് മുവെല്ലര്‍ നീക്കിയെന്നാണ് അദ്ദേഹത്തിന്റെ വക്താവ് പീറ്റര്‍ കാര്‍ ഇന്നലെ പറഞ്ഞത്. ആരോപണങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കിയിരുന്നില്ല.
ഹിലരിയുടെ ഇമെയില്‍ അന്വേഷണത്തില്‍ പങ്കെടുത്ത കളങ്കിതനായ എഫ്.ബി.ഐ ഏജന്റിന്റെ വിശ്വാസ്യത ചോദ്യം ചെയ്തുകൊണ്ടാണ് ട്രംപിന്റെ ട്വീറ്റ്. ട്രംപ് വിരുദ്ധ എഫ്.ബി.ഐ ഏജന്റാണ് ഹിലരി ക്ലിന്റണ്‍ ഇമെയില്‍ അന്വേഷണം നടത്തിയത്- ട്രംപ് ട്വീറ്റ് ചെയ്തു.
അന്വേഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള ചായ് വ് ഉണ്ടായെന്ന ആരോപണങ്ങള്‍ ഒഴിവാക്കാനാണ് പീറ്റര്‍ സ്രോസ്‌കിനെ സംഘത്തില്‍നിന്ന് പിന്‍വലിച്ചത്. അന്വേഷണത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യാന്‍ ട്രംപും അനുകൂലികളും സമയാസമയങ്ങളില്‍ ശ്രമിച്ചിരുന്നു. സംഘത്തിനു നേതൃത്വം നല്‍കുന്ന മുവെല്ലറും ജെയിംസ് കോമിയും തമ്മിലുള്ള അടുത്ത ബന്ധം ചൂണ്ടിക്കാട്ടിയും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
2016 ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ റഷ്യയും ട്രംപിന്റെ കാമ്പയിനു നേതൃത്വം നല്‍കിയവരും സഹകരിച്ചിട്ടുണ്ടോ എന്നു കണ്ടെത്താനാണ് മുവെല്ലറുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നത്.

 

 

Latest News