ഈ മാസം രണ്ടാഴ്ചക്കിടെ സ്വർണത്തിന് പവന് 840 രൂപയുടെ വിലയിടിവാണ് സംഭവിച്ചത്. വരും ദിവസങ്ങളിലും വില കുറയാനുള്ള സാധ്യത കൂടുതലാണ്. ഇത്തരമൊരു സാഹചര്യത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉചിതമായ സമയമാണിത്്. അതേസമയം, ഹ്രസ്വകാലം നേട്ടം ലക്ഷ്യമിട്ട് സ്വർണം വാങ്ങുന്നവർക്കു കനത്ത നഷ്ടം നേരിടാമെന്ന്് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്‌സിൽ (മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) കഴിഞ്ഞ ഒരു വർഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണം ഇപ്പോൾ തുടരുന്നത്. 10 ഗ്രാമിന് 44,458 രൂപ വില നിലവാരം സ്വർണം എംസിഎക്‌സിൽ കാഴ്ച്ചവെക്കുന്നു. കഴിഞ്ഞവർഷം ഓഗസ്റ്റിൽ 56,200 രൂപയെന്ന സർവകാല റെക്കോർഡ് കൈയടക്കിയതിന് ശേഷമാണ് സ്വർണത്തിന്റെ പിൻവാങ്ങൽ. ഇതുവരെ 12,000 രൂപയോളം സ്വർണം 10 ഗ്രാമിന് ഇടിഞ്ഞു. രാജ്യാന്തര വിപണിയിലെ ചലനങ്ങൾ കണക്കിലെടുത്താണ് ഇന്ത്യയിൽ സ്വർണ വില കുറയുന്നത്. അമേരിക്കയുടെ ട്രഷറി വരുമാനം കൂടുന്നതും കോവിഡ് വാക്‌സിനേഷൻ സജീവമായ പശ്ചാത്തലത്തിൽ ആഗോള സമ്പദ്ഘടനകൾ തിരിച്ചുവരുന്നതുമാണ് സ്വർണത്തിന് ക്ഷീണം ഉണ്ടാക്കുന്നത്. ഡോളർ സൂചികയുടെ കുതിപ്പും പൊന്നിന്റെ തിളക്കത്തിന് മങ്ങലേൽപിക്കുന്നുണ്ട്.
കേരളത്തിൽ ഇന്നലെ സ്വർണ വിലയിൽ മാറ്റമില്ല. പവന് 33,600 രൂപയും ഗ്രാമിന് 4,200 രൂപയുമായി തുടരുന്നു. വെള്ളിയാഴ്ച 33,480 രൂപയായിരുന്നു പവന് വില. ശനിയാഴ്ച പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കൂടി. ഈ മാസം സ്വർണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില നിലവാരം പവന് 33,160 രൂപയാണ് (മാർച്ച് അഞ്ചിന്). ഏറ്റവും ഉയർന്ന വില നിലവാരമാകട്ടെ 34,440 രൂപയും. ഫെബ്രുവരിയിൽ സ്വർണം പവന് 2,640 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ മാസം സ്വർണം കുറിച്ച ഏറ്റവും ഉയർന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു).