ഓഹരി ഇൻഡക്‌സുകൾ നേട്ടത്തിലാണങ്കിലും വിദേശ ഫണ്ടുകൾ കരുതലോടെയാണ് ഓരോ ഓഹരിയും തെരഞ്ഞടുക്കുന്നത്. ഹെവിവെയിറ്റ് ഓഹരികളിൽ നിന്ന് മിഡ് ക്യാപ്, സ്‌മോൾ ക്യാപ് വിഭാഗങ്ങളിലേയ്ക്ക് ഫണ്ടുകൾ ചുവടുമാറ്റിയത് കണക്കിലെടുത്താൽ താൽക്കാലികമായി നിഫ്റ്റി സൂചിക 14,600-15,400 റേഞ്ചിൽ തന്നെ തുടരാം. നിഫ്റ്റിയെ ഈ ടാർഗറ്റിൽ പിടിച്ചു നിർത്തി രണ്ടാം നിര ഓഹരികളിൽ വൻ നിക്ഷേപത്തിന് നീക്കം പുരോഗമിക്കുന്നു. പോയവാരം ബോംബെ സെൻസെക്‌സ് 387 പോയന്റും നിഫ്റ്റി 92 പോയന്റും വർധിച്ചു.
വാരാവസാനം അമേരിക്കൻ ഓഹരി വിപണി റെക്കോർഡ് പ്രകടനം കാഴ്ചവെച്ചത് ഇന്ത്യൻ മാർക്കറ്റിനും ആവേശം പകരും. ഡൗജോൺസും എസ് ആന്റ് പി ഇൻഡക്‌സും റെക്കോർഡ് പുതുക്കിയത് കണക്കിലെടുത്താൽ രാജ്യാന്തര ഫണ്ടുകൾ യുഎസ് മാർക്കറ്റിൽ വീണ്ടും സജീവമായെന്ന് കണക്കാക്കാം. ഡോളർ സൂചികയിലെ ഉണർവ് ഫണ്ടുകളുടെ ആത്മവിശ്വാസം വർധിപ്പിച്ചു. എന്നാൽ യൂറോ ഏഷ്യൻ മാർക്കറ്റുകളിൽ അത്തരം ഒരു ഉണർവ് മുൻവാരത്തിൽ ദൃശ്യമായില്ല.
വാരമധ്യം നടക്കുന്ന യുഎസ് ഫെഡ് റിസർവ് യോഗത്തെ ഉറ്റുനോക്കുകയാണ് ആഗോള നിക്ഷേപകർ. പലിശ നിരക്കിൽ മാറ്റത്തിന് ഫെഡ് നീക്കം നടത്തുമെന്ന നിഗമനത്തിലാണ് സാമ്പത്തിക മേഖല. ഫെഡിന്റെ നീക്കങ്ങൾ ഇന്ത്യൻ മാർക്കറ്റിനെ സ്വാധീനിക്കുമെന്നതിനാൽ ഫണ്ടുകൾ പൊസിഷനുകളിൽ ഭേദഗതികൾ വരുത്താം.
ബോംബെ സെൻസെക്‌സ് 50,405 ൽ നിന്ന് 50,318 പോയന്റിലേക്ക് താഴ്‌ന്നെങ്കിലും വാരത്തിന്റെ രണ്ടാം പകുതിയിൽ 51,821 വരെ കയറിയ ശേഷം ക്ലോസിങിൽ 50,792 പോയന്റിലാണ്. ഈ വാരം സെൻസെക്‌സിന് 50,133 ലെ ആദ്യ താങ്ങുണ്ട്. ഇത് നിലനിർത്താനായാൽ 51,636 ലേക്കും തുടർന്ന് 52,480 ലേക്കും ഉയരാനാവശ്യമായ കരുത്ത് ലഭ്യമാവും. അതേസമയം ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ സെൻസെക്‌സ് 49,474 പോയന്റിലേയ്ക്ക് തളരാം.
നിഫ്റ്റിക്ക് മുൻവാരം സൂചിപ്പിച്ച പ്രതിരോധമായ 15,261 ന് മുകളിൽ ഒരിക്കൽ പോലും ക്ലോസിങിൽ ഇടം കണ്ടെത്താനായില്ല. സൂചിക 14,938 ൽ നിന്ന് 15,336 വരെ കയറിയെങ്കിലും വിൽപന സമ്മർദം മൂലം തളർന്ന് വാരാന്ത്യം നിഫ്റ്റി 15,030 ലാണ്. ഈ വാരം നിഫ്റ്റിക്ക് 14,854 ലെ സപ്പോർട്ട് നിലനിർത്താനായാൽ 15,271 ലക്ഷ്യമാക്കി സൂചിക സഞ്ചരിക്കാം. യുഎസ് മാർക്കറ്റിൽ നിന്നും അനുകൂല വാർത്തകളുണ്ടായാൽ ഇരട്ടി ഊർജവുമായി 15,431 ലെ റെക്കോർഡ് തകർത്ത് വാരാവസാനം 15,512 വരെ മുന്നേറാം.
മുൻനിര ഓഹരികളായ ഇൻഫോസീസ്, റ്റിസിഎസ്, ടാറ്റാ മോട്ടേഴ്‌സ്, എച്ച് സി എൽ, എൽ ആൻറ് റ്റി, എം ആൻറ് എം, എച്ച് ഡി എഫ് സി ബാങ്ക്, എച്ച് ഡി എഫ് സി, എച്ച് യു എൽ, സൺ ഫാർമ്മ തുടങ്ങിയവയുടെ നിരക്ക് നിക്ഷേപ താൽപര്യത്തിൽ ഉയർന്നപ്പോൾ ആർ ഐ എൽ, ഐ റ്റി സി, മാരുതി, ബജാജ് ഓട്ടോ, എസ് ബി ഐ തുടങ്ങിയവയ്ക്ക് തിരിച്ചടിനേരിട്ടു.
വിദേശ ഫണ്ടുകൾ പോയവാരം 2802 കോടി രൂപയുടെ ഓഹരികൾ വാങ്ങി, ഈ മാസം അവർ മൊത്തം 7239 കോടി രൂപ നിക്ഷേപിച്ചു. ആഭ്യന്തര ഫണ്ടുകൾ മാർച്ചിൽ 2575 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഫോറെക്‌സ് രൂപ മികവ് കാണിച്ചു. മുൻവാരത്തിലെ 73.16 ൽ നിന്ന് വിനിമയ നിരക്ക് 45 പൈസ ഉയർന്ന് 72.71 ലാണ്.
ക്രൂഡ് ഓയിൽ വിലക്കയറ്റത്തിനിടയിൽ കയറ്റുമതി നിയന്ത്രിക്കുമെന്ന സൗദി അറേബ്യയുടെ വെളിപ്പെടുത്തൽ ആഗോള സാമ്പത്തിക മേഖലയിൽ ആശങ്ക പരത്തി. ഏഷ്യൻ യൂറോപ്യൻ മാർക്കറ്റുകളിലേക്കുള്ള ക്രൂഡ് കയറ്റുമതി സൗദി നിയന്ത്രിക്കുമെങ്കിലും ഇന്ത്യയെ നിയന്ത്രണ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ആശ്വാസം പകരും. ക്രൂഡ് ബാരലിന് 71.32 വരെ കയറിയ ശേഷം ക്ലോസിങിൽ 69.21 ഡോളറിലാണ്. നിലവിൽ 75.20 ഡോളറിൽ എണ്ണ വിപണിക്ക് പ്രതിരോധമുണ്ട്.
സ്വർണ വില ട്രോയ് ഔൺസിന് 27 ഡോളർ ഉയർന്നു. 1700 ഡോളറിൽ വ്യാപാരം തുടങ്ങിയ സ്വർണം 1727 ലാണ് വാരാന്ത്യം. അമേരിക്ക പലിശ നിരക്കിൽ ഭേദഗതികൾക്ക് നീക്കം നടത്തിയാൽ മഞ്ഞലോഹ വിലയിൽ അത് പ്രതിഫലിക്കും.