ബി.ജെ.പിയുടെ മുസ്ലിം സ്ഥാനാര്‍ഥി, വിവാദങ്ങളുടെ വി.സി

മലപ്പുറം- മുസ്ലിം ലീഗിന്റെ നോമിനിയായി കാലിക്കറ്റ് സര്‍വകലാശാലയുടെ വി.സിയായി ചുമതലയേറ്റ ഡോ.എം. അബ്ദുള്‍ സലാം നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരൂരിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയാണ്. 2011-2015 ലാണ് സലാം കാലിക്കറ്റ് വൈസ് ചാന്‍സലറായി പ്രവര്‍ത്തിച്ചത്.

മുസ്്‌ലിം ലീഗ് നോമിനിയായി കാലിക്കറ്റ് സര്‍വകലാശാലയുടെ വി.സിയായ അദ്ദേഹം പിന്നീടു യു.ഡി.എഫ് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നിയന്ത്രണങ്ങളില്‍നിന്നു വ്യതിചലിച്ചു. അതോടെ സി.പി.എം, കോണ്‍ഗ്രസ്, ലീഗ് സര്‍വീസ് സംഘടനകള്‍ ഒന്നിച്ചു സമരത്തിനിറങ്ങി. രണ്ടു വര്‍ഷം മുമ്പാണ് അബ്ദുള്‍ സലാം ബി.ജെ.പി അനുകൂലിയായി മാറിയത്.

അദ്ദേഹം കാലിക്കറ്റ് വി.സിയായിരുന്ന കാലത്തു നിരവധി സംഘര്‍ഷ സമരങ്ങള്‍ യൂണിവേഴ്സിറ്റിയില്‍ അരങ്ങേറിയിരുന്നു. ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞതിനായിരുന്നു താന്‍ വി.സിയായിരിക്കെ വിദ്യാര്‍ഥി-സര്‍വീസ് സംഘടനകളുടെ സമരങ്ങളുണ്ടായതെന്നാണ് അബ്ദുള്‍ സലാമിന്റെ നിലപാട്.

നിയമന- ഭൂമി വിവാദങ്ങളും ഇക്കാലത്തുണ്ടായി. അബ്ദുള്‍ സലാമിന്റെ പേരിലുണ്ടായ വിജിലന്‍സ് കേസുകളില്‍ അന്വേഷണം നീണ്ടുപോയി. അക്കാലത്തു ഭാരതീയ വിചാരകേന്ദ്രത്തിന്റെ പരിപാടി യൂണിവേഴ്സിറ്റി സെമിനാര്‍ കോംപ്ലക്സില്‍ നടത്തിയതു വിവാദമായിരുന്നു.

കൊല്ലം ജില്ലക്കാരനായ അദ്ദേഹം പരേതനായ മുഹമ്മദ് ഹനീഫയുടെയും അസ്മ ബീവിയുടെയും മകനാണ്. തിരുവനന്തപുരം കാര്‍ഷിക കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായി വിരമിച്ചു. ഭാര്യ: ഷമീം. മക്കള്‍: ഡോ. അനൂജ, അമൃത.

 

Latest News