ന്യൂദല്‍ഹി- സംവരണം 50 ശതമാനത്തില്‍ അധികമാകാമോയെന്ന വിഷയത്തില്‍ നിലപാടറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേരളത്തിന്റെ ആവശ്യം നിരാകരിച്ചത്.
കേരളത്തില്‍ ഏപ്രില്‍ ആറിന് നിയമസഭ തെരഞ്ഞെടുപ്പാണെന്നും അതിനാല്‍ നിലപാടറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ഭരണഘടന ബെഞ്ചിന് മുമ്പാകെ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. നയപരമായ നിലപാട് എടുക്കേണ്ട വിഷയമാണെന്നും ഗുപ്ത വാദിച്ചു.
എന്നാല്‍ സംവരണം 50 ശതമാനത്തില്‍ അധികമാകരുതെന്ന ഇന്ദിര സാഹിനി കേസിലെ ഒന്‍പത് അംഗ ബെഞ്ചിന്റെ വിധി പുന:പരിശോധിക്കാന്‍ വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിടണമോ എന്ന കാര്യമാണ് ഇപ്പോള്‍ പരിഗണിക്കുന്നതെന്ന് ഭരണഘടന ബെഞ്ച് ചൂണ്ടിക്കാട്ടി. അതില്‍ നിലപാട് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്കും അറിയിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി.
കേരളത്തിന് പുറമെ കേസ് നീട്ടി വെക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യവും സുപ്രീം കോടതി തള്ളി.






