ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം  നടിച്ച് പീഡന ടൂര്‍ നടത്തിയ  യുവാവ് അറസ്റ്റില്‍

വിതുര- ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പിടിയില്‍. വിതുര പേരയത്തുപാറ ആഷിക് മന്‍സിലില്‍ മുഹമ്മദ് ആഷിക് (25) നെ ആണ് ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തത്. നാലു മാസങ്ങള്‍ക്ക് മുന്‍പാണ് ഇന്‍സ്റ്റഗ്രാം വഴി ആഷിക് പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു. ഈ വിവരം അറിഞ്ഞ വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കള്‍ ആഷിക്കിന്റെ വീട്ടില്‍ അറിയിക്കുകയും ഇതില്‍ നിന്ന് പിന്‍തിരിപ്പിക്കാനും ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിനിടെ കഴിഞ്ഞ 9ന് പഠിക്കാന്‍ പോയ പെണ്‍കുട്ടിയെ ആഷിക് സ്‌കൂട്ടറില്‍ കയറ്റി പാലോട്ടും അവിടെ നിന്ന് ബസില്‍ നാഗര്‍കോവിലിലും മറ്റ് പല സ്ഥലങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.വിദ്യാര്‍ഥിനിയെ കാണാതായതോടെ മാതാവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ആര്യനാട് എസ്‌ഐ ബി.രമേശന്‍, എഎസ്‌ഐ മാരായ എസ്.വിധുകുമാര്‍, എസ്.ബിജു, എസ്സിപിഒ മാരായ ആര്‍.വിജി, ആര്‍.മഹേശ്വരി, വി.പി.പ്രമീദ എന്നിവരുടെ സംഘമാണ് ആഷികിനെ പിടികൂടിയത്.
 

Latest News