Sorry, you need to enable JavaScript to visit this website.

കുഞ്ഞാലിക്കുട്ടിയെ വാണക്കുറ്റി എന്നാണ് ഇപ്പോള്‍ എല്ലാരും   വിളിക്കുന്നത്: ടി.കെ ഹംസ

മലപ്പുറം- എം.പി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയ പി.കെ കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് മുന്‍ എം.പിയും സി.പി.എം നേതാവുമായ ടി.കെ ഹംസ. എല്‍.ഡി.എഫ് മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി വി.പി സാനുവിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കുഞ്ഞാലിക്കുട്ടി വാണം വിട്ടപോലെയാണ് ദല്‍ഹിയിലേക്ക് പോയത്. കത്തിയ വാണത്തിന്റെ കുറ്റി വീണപോലെയാണ് പിന്നെ വീണത്. കുഞ്ഞാലിക്കുട്ടി എന്നാല്‍ വാണക്കുറ്റി എന്നാണ് ഇപ്പോള്‍ പേര്. കത്തിക്കഴിഞ്ഞാല്‍ താഴേക്കുണ്ടല്ലോ ഒരു വീഴല്. അങ്ങനെ വീണിട്ട് പറയാ ഞാനിനി പാര്‍ലമെന്റിലേക്കല്ലട്ടോ, അസംബ്ലിയിലേക്കാണെന്ന്', ടി.കെ ഹംസ പറഞ്ഞു.ആളുകളുടെ ഇഷ്ടത്തിനനുസരിച്ച് കളിക്കാനുള്ളതാണോ പാര്‍ലമെന്ററി രാഷ്ട്രീയമെന്നും അദ്ദേഹം ചോദിച്ചു. മുത്തലാഖ് ബില്ലിന്റെ സമയത്ത് കല്യാണത്തിനായി പാര്‍ലമെന്റില്‍ നിന്നിറങ്ങിപ്പോന്നയാളാണ് കുഞ്ഞാലിക്കുട്ടിയെന്നും ടി.കെ ഹംസ പറഞ്ഞു. താന്‍ ജയിച്ച മഞ്ചേരി ലോക്‌സഭാ മണ്ഡലം ഇല്ലാതാക്കിയവരാണ് കോണ്‍ഗ്രസും ലീഗുമെന്നും അദ്ദേഹം ആരോപിച്ചു. ഇവര്‍ കേരളത്തേയും ഇല്ലാതാക്കുമെന്നും ടി.കെ ഹംസ കൂട്ടിച്ചേര്‍ത്തു. 2004 ല്‍ മഞ്ചേരി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് ടി.കെ ഹംസ ലോക്‌സഭയിലെത്തിയത്. പിന്നീട് മണ്ഡലവിഭജനത്തിലൂടെ മഞ്ചേരി മലപ്പുറം മണ്ഡലമാകുകയായിരുന്നു.
കോണ്‍ഗ്രസ് ഉപ്പുതൊട്ട കലം പോലെ തകര്‍ന്നിരിക്കുകയാണ്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിടത്തെല്ലാം ബഹളമാണ്. പൊട്ടിക്കരച്ചിലും പ്രതിഷേധവുമാണ്. സ്ഥാനാര്‍ത്ഥിയെപ്പോലും നിര്‍ദ്ദേശിക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'ബഹുമാന്യനായ പി.സി ചാക്കോ പറഞ്ഞു ആത്മാഭിമാനമുള്ളവന് കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ സാധിക്കില്ല. 41 കൊല്ലം മുന്‍പ് ടി.കെ ഹംസ പറഞ്ഞ വാചകമാണ് ഇന്ന് പി.സി ചാക്കോ പറഞ്ഞത്. ആത്മാഭിമാനമുള്ളവന് നിങ്ങളുടെ കാല് പിടിച്ചുനില്‍ക്കാന്‍ കഴിയൂല്ല, ഞാന്‍ പോകുകയാണെന്ന് പറഞ്ഞു. അപ്പോള്‍ രണ്ട് കൈയും നീട്ടി സഖാവ് ഇ.എം.എസ് സ്വീകരിച്ചതുകൊണ്ടാണ് ഇവിടെ എത്തിച്ചേര്‍ന്നത്', ടി.കെ ഹംസ പറഞ്ഞു
 

Latest News