Sorry, you need to enable JavaScript to visit this website.

കേന്ദ്ര സര്‍ക്കാരിനെതിരെ മേഘാലയ ഗവര്‍ണര്‍, കാര്‍ഷിക നിയമങ്ങള്‍ കര്‍ഷക വിരുദ്ധമെന്ന്‌

ന്യൂദൽഹി- കേന്ദ്ര സർക്കാരിന്റെ കാർഷക നിയമങ്ങളെ തള്ളിപ്പറഞ്ഞ് മേഘാലയ ഗവർണർ സത്യപാൽ മാലിക്ക്. മൂന്ന് നിയമങ്ങളും കർഷകർക്ക് അനുകൂലമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും കർഷകരെ ചൊടിപ്പിക്കാതിരിക്കണമെന്നും മാലിക് പറഞ്ഞു. കേന്ദ്ര സർക്കാർ ശരിയായ താങ്ങുവില പ്രഖ്യാപിക്കുകയാണെങ്കിൽ കർഷകർ പിൻവാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കർഷകനേതാവ് രാകേഷ് ടികായത്തിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടെന്ന് അറിഞ്ഞപ്പോൾ താൻ ഇടപെടുകയും അത് തടയുകയും ചെയ്തെന്ന് മാലിക് അവകാശപ്പെട്ടു. കർഷകർക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് താൻ പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും ആവശ്യപ്പെട്ടെന്നും മാലിക് അറിയിച്ചു.

കർഷകരും സൈനികരും തൃപ്തരല്ലെങ്കിൽ ഇന്ത്യയെപ്പോലൊരു രാജ്യത്തിന് മുമ്പോട്ട് പോകാനാകില്ലെന്നും മാലിക് വ്യക്തമാക്കി. കൂടാതെ കർഷകരെ വെറുംകൈയോടെ തിരിച്ചയയ്ക്കരുതെന്നും അദ്ദേഹം കേന്ദ്രത്തോട് അഭ്യർത്ഥിച്ചു.

കർഷകരുടെ സ്ഥിതി അതീവ ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ ദിവസവും അവർ ദരിദ്രരായിക്കൊണ്ടിരിക്കുകയാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം ഓരോ മൂന്ന് വർഷം കൂടുമ്പോഴും ഉയരും. കർഷകർ ഉണ്ടാക്കുന്നതെല്ലാം വില കുറയുകയും അവർ വാങ്ങുന്നവയുടെയെല്ലാം വില ഉയരുകയും ചെയ്യുകയാണെന്നും മാലിക് ചൂണ്ടിക്കാട്ടി.

സിഖ് സമുദായം പിൻവാങ്ങുന്ന സ്വഭാവക്കാരല്ലെന്നും അവർ ഒരു 300 കൊല്ലം കഴിഞ്ഞാലും കഴിഞ്ഞതൊന്നും മറക്കില്ലെന്നും മാലിക് പറഞ്ഞു. ഇതിനൊരു ഉദാഹരണമായി ഒരു സംഭവകഥയും മാലിക് പറഞ്ഞു. ഓപ്പറേഷൻ ബ്ലൂ സ്റ്റാർ നടന്നതിനു ശേഷം ഇന്ദിരാ ഗാന്ധി മഹാമൃത്യുഞ്ജയ് മന്ത്രജപം നടത്തി. വിശ്വാസമില്ലാത്ത ഇന്ദിര ഇതൊക്കെ നടത്തുന്നത് എന്തിനാണെന്ന് അരുൺ നെഹ്റു ചോദിച്ചു. അപ്പോൾ ഇന്ദിരയുടെ മറുപടി ഇങ്ങനെയായിരുന്നു: "നിനക്കറിയില്ല, ഞാനവരുടെ അകാൽ തഖ്ത് നശിപ്പിച്ചയാളാണ്. എന്നെയവർ വെറുതെ വിടില്ല."

Latest News