മലപ്പുറം- നിലമ്പൂരിൽ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നു. ഇന്നു വൈകുന്നേരത്തോടെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം. 92 സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസ് 86 സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടും രൂക്ഷമായ തർക്കത്തെ തുടർന്ന് നിലമ്പൂർ, തവനൂർ ഉൾപ്പെടെ ആറു സീറ്റുകളിലെ പ്രഖ്യാപനം വൈകുകയാണ്. ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശിനെയും സംസ്‌കാരിക സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്തിനെയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തിരുവനന്തപുരത്തേക്ക് ചർച്ചക്ക് വിളിപ്പിച്ചു. ഇന്നു തിരുവനന്തപുരത്താണ് ചർച്ച. ഇക്കുറി തനിക്ക് അർഹതപ്പെട്ട സീറ്റ് വിട്ടുനൽകാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് വി.വി. പ്രകാശ്. 2016-ൽ തന്നെ അവസാന നിമിഷം തഴയുമ്പോൾ 2021-ൽ സീറ്റ് ഉറപ്പു നൽകിയിരുന്നു. ഇതു പാലിക്കണം. വീണ്ടും ഒരിക്കൽ കൂടി അപമാനിതനാകാൻ ഇല്ലെന്ന സൂചനയാണ് പ്രകാശ് നൽകുന്നത്. എന്നാൽ 2016-ലെ തോൽവിക്ക് മറുപടി നൽകാൻ ഒരവസരം കൂടി നൽകണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ആര്യാടൻ ഷൗക്കത്ത്. ഇതിനിടയിൽ ഇവർ തമ്മിലുള്ള തർക്കം മുതലെടുത്ത് കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദിഖിനെ സ്ഥാനാർഥിയാക്കാൻ ഉമ്മൻ ചാണ്ടി നീക്കം ശക്തമാക്കി. എന്നാൽ മണ്ഡലത്തിനു പുറമെ നിന്ന് ഒരു സ്ഥാനാർഥി വേണ്ടെന്ന നിലപാടിലാണ് വി.വി. പ്രകാശ് പക്ഷവും ആര്യാടൻ ഷൗക്കത്ത് പക്ഷവും. കോൺഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിൽ നിലമ്പൂർ, പട്ടാമ്പി, കൽപ്പറ്റ, തവനൂർ. കുണ്ടറ, വട്ടിയൂർകാവ് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ഒഴികെ 86 സീറ്റുകളിലെ സ്ഥാനാർഥികളെ ദൽഹിയിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചു. നിലമ്പൂരിൽ എൽ.ഡി.എഫ് പ്രചാരണം ശക്തമാക്കി. ബി.ജെ.പി സ്ഥാനാർഥിയായി സംസ്ഥാന സമിതി അംഗം ടി.കെ. അശോക് കുമാറിനെയും പ്രഖ്യാപിച്ചു. 2016 ൽ ബി.ഡി.ജെ.എസ് ആണ് നിലമ്പൂരിൽ മത്സരിച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തെ വികസന നേട്ടങ്ങൾ നിരത്തിയാണ് എൽ.ഡി.എഫ് പ്രചാരണം. നിലമ്പൂരിലെ സ്ഥാനാർഥി നിർണയം വൈകുന്നത് യു.ഡി.എഫിന് വെല്ലുവിളിയാകും. നിലമ്പൂരിൽ വി.വി. പ്രകാശ്, ആര്യാടൻ ഷൗക്കത്ത് എന്നിവരിൽ ഒരാൾ സ്ഥാനാർഥിയായാൽ മറുപക്ഷം പ്രതിഷേധവുമായി രംഗത്തു വരുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ഇതിന്റെ ഗൗരവം കണക്കിലെടുത്താണ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇരുവരെയും ചർച്ചക്ക് വിളിച്ചിട്ടുള്ളത്. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിൽ ഏഴിൽ മൂന്നും സംവരണ വാർഡുകളാണ്. ഏറനാടും തിരുവമ്പാടിയും മുസ്്‌ലിം ലീഗിനാണ്. ബാക്കി വരുന്ന രണ്ട് ജനറൽ മണ്ഡലങ്ങളായ കൽപറ്റയിലും നിലമ്പൂരിലും സ്ഥാനാർഥികൾ വൈകുന്നത് രാഹുൽ ഗാന്ധിക്കും ക്ഷീണമാകും.






