കണ്ണൂർ- സ്ഥാനാർഥി നിർണയത്തിൽ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ പരാതി. കണ്ണൂരിലെ കാര്യങ്ങൾ തന്നോടു പോലും ചോദിക്കാതെ ചെയ്തുവെന്നും കെ. സുധാകരൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സന്ദർഭോചിതമായി പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ നേതൃത്വത്തിന് സാധിക്കാതെ പോയതാണ് പ്രശ്‌നങ്ങൾ മുഴുവനും ഉണ്ടാക്കിയത്. കേരളത്തിൽ എമ്പാടും വിഷയങ്ങളുണ്ട്. തെറ്റ് പറ്റിയിട്ടുണ്ട്. എന്നാൽ അതെല്ലാം തിരുത്തി മുന്നോട്ടുപോകാനാകുന്ന സാഹചര്യമാണ് നിലവിൽ കോൺഗ്രസിലുള്ളതെന്നും സുധാകരൻ പറഞ്ഞു.
ഇരിക്കൂരിൽ സജി ജോസഫ് വേണമോ സോണി സെബാസ്റ്റ്യൻ വേണമോ എന്നത് കേന്ദ്ര നേതൃത്വം തീരുമാനിക്കും. അതൊരു തർക്കമാണ്. സ്ഥാനാർഥികളെ കെട്ടിയിറക്കി എന്ന് പറയരുത്. ഓരോരുത്തർക്കും അരവരുടേതായ വ്യക്തിത്വമുണ്ടെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സുധാകരൻ പറഞ്ഞു. പാർട്ടി കീഴ്‌വഴക്കങ്ങളെ മറികടക്കുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്. അങ്ങനെയൊന്നാണ് ഇരിക്കൂരുള്ളതെന്നും സുധാകരൻ വ്യക്തമാക്കി.






