കണ്ണൂരിൽ കടന്നപ്പള്ളിയെ നേരിടാൻ സതീശൻ പാച്ചേനി

കണ്ണൂർ - ഡി.സി.സി പ്രസിഡന്റായ സതീശൻ പാച്ചേനി തന്നെയാണ് ഇത്തവണയും കടന്നപ്പള്ളി രാമചന്ദ്രനെ നേരിടാൻ കോൺഗ്രസ് കളത്തിലിറക്കിയത്. 
ജില്ലയിലെ സി.പി.എം പാർട്ടി ഗ്രാമങ്ങളിൽ ഒന്നായ പാച്ചേനിയിലെ കർഷകത്തൊഴിലാളികളായ പി.ദാമോദരന്റെയും എം. നാരായണിയുടെയും മൂത്ത മകനായ സതീശൻ പാച്ചേനി ദാരിദ്ര്യവും കഷ്ടപ്പാടുകളും ഏറെ അനുഭവിച്ചാണ് വളർന്നു വന്നത്. എഴുപതുകളുടെ അവസാനം എ.കെ. ആന്റണിയുടെ ആദർശാധിഷ്ഠിത നിലപാടുകളിലെ ആരാധനയിൽ അദ്ദേഹത്തോട് അണിചേർന്ന അനേകായിരങ്ങളിൽ സതീശൻ ഉണ്ടായിരുന്നു. 
പരിയാരം ഗവൺമെന്റ് സ്‌കൂളിൽ കെ.എസ്.യു യൂനിറ്റ് പ്രസിഡന്റ് ആയി ഒന്നാമത്തെ എസ്.എസ്.എൽ.സി ബാച്ചിൽ ഇറങ്ങിയ സതീശന്റെ അടുത്ത പ്രവർത്തന കേന്ദ്രം കണ്ണൂർ ഗവൺമെന്റ് പോളിടെക്‌നിക് ആയിരുന്നു. മെക്കാനിക്കൽ ട്രേഡിൽ വിദ്യാർത്ഥിയായി ഇവിടെയും കെ.എസ്. യുവിനെ നയിച്ചു.
1985 സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ കെഎസ്‌യു നേതൃത്വത്തിൽ 66 ദിവസം നീണ്ടുനിന്ന ഐതിഹാസിക സമരം നടത്തിയപ്പോൾ കണ്ണൂരിൽ അത് നയിച്ചത് സതീശൻ പാച്ചേനി ആയിരുന്നു. കണ്ണൂർ എസ.്എൻ കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്ന സതീശൻ കെ.എസ്.യു തളിപ്പറമ്പ് താലൂക്ക് സെക്രട്ടറിയും തുടർന്ന് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റുമായി.  ബി.എ പൊളിറ്റിക്കൽ സയൻസ് പഠിക്കാൻ പയ്യന്നൂർ കോളേജിൽ ചേർന്ന കാലം,  കെ.സി.വേണുഗോപാൽ കെ.എസ്.യു പ്രസിഡന്റായ കാലമായിരുന്നു. അന്ന് കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗമായി. 1993 ൽ ജെ.ജോസഫ് പ്രസിഡന്റ് ആയ കമ്മിറ്റിയിൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി തുടർന്ന് അടുത്ത കെ.എസ്.യു സംസ്ഥാന പ്രസിഡന്റായി സതീശൻ പാച്ചേനിയെ തെരഞ്ഞെടുത്തു. 
കേരളത്തിൽ ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതു സർക്കാരിനെതിരെ നിരവധി പ്രക്ഷോഭങ്ങൾക്ക് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ആയിരിക്കേ സതീശൻ പാച്ചേനി നേതൃത്വം നൽകി. പാരലൽ കോളേജ് വിദ്യാർഥികളുടെ ബസ് കൺസഷനുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി കെ.എസ്.യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ സതീശൻ പാച്ചേനി അടക്കം 28 കെഎസ്‌യു നേതാക്കൾക്ക് മാരകമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയി. അന്ന് ആശുപത്രിയിൽ എത്തിയാണ് മജിസ്‌ട്രേറ്റ് കെ.എസ്.യു നേതാക്കളെ റിമാൻഡ് ചെയ്യുന്നത്. അട്ടക്കുളങ്ങര സബ് ജയിലിൽ റിമാൻഡ് കാലാവധി കഴിഞ്ഞ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് ശേഷം ഒടിഞ്ഞ പ്ലാസ്റ്ററിട്ട കൈകളും മുറിവുകളുമായി സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം നടത്തി.
സതീശൻ പാച്ചേനിയുടെ നിരാഹാര സമരത്തിന്റെ അഞ്ചാം ദിവസം അന്നത്തെ ഗതാഗത മന്ത്രി നീലലോഹിതദാസൻ നാടാർ കെ.എസ്.യു നേതാക്കളെ ചർച്ചയ്ക്ക് വിളിക്കുകയും പാരലൽ കോളേജ് വിദ്യാർത്ഥികളുടെ ചാർജ് വർധിപ്പിച്ച നടപടി പിൻവലിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ അവകാശ സംരക്ഷണത്തിനായി കെ.എസ്.യു നടത്തിയ ചരിത്ര സമരങ്ങളിൽ ഒന്നായി ഇത് മാറി. 
 മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്താതെ പ്രീ ഡിഗ്രി എടുത്തുകളഞ്ഞ് സ്‌കൂളുകളിൽ പ്ലസ് ടു കൊണ്ടുവരുന്നതിനെതിരെ കെഎസ്‌യു നടത്തിയ പ്രക്ഷോഭവും സതീശൻ പാച്ചേനി പ്രസിഡന്റായ കാലത്തായിരുന്നു. ജയിലിൽ  നിരാഹാര സമരം നടത്തി കെ.എസ്.യു നടത്തിയ പ്രതിഷേധവും നടന്നത്. 
96 കെ.എസ്.യു സംസ്ഥാന സെക്രട്ടറിയായിരിക്കേ സതീശൻ പാച്ചേനി നിയമസഭയിലേക്ക് മത്സരിച്ചു. തളിപ്പറമ്പ് മണ്ഡലത്തിൽ ഗുരുനാഥനായ എം.വി ഗോവിന്ദൻ മാസ്റ്റർക്ക് എതിരെ കന്നി പോരാട്ടം. 2001 പാർട്ടി നേതൃത്വം  സതീശൻ പാച്ചേനിയെ മലമ്പുഴയിൽ വി.എസ് അച്യുതാനന്ദനെ നേരിടാനുള്ള ദൗത്യമാണ് ഏൽപിച്ചത്. അവസാന നിമിഷം മാത്രമാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതെങ്കിലും സംസ്ഥാനത്തെ കെഎസ്.യു നേതാക്കളും സഹപ്രവർത്തകരും എല്ലാം മലമ്പുഴയിൽ ക്യാമ്പ് ചെയ്ത് ആ പോരാട്ടം അവിസ്മരണീയമാക്കി. കേവലം 4200 വോട്ടുകൾക്കാണ് മലമ്പുഴയിൽ വി.എസ് ഒരുവിധം ജയിച്ചു കയറിയത്. 2006 ൽ താരമൂല്യത്തിന്റെ പാരമ്യത്തിൽ വി.എസ് എത്തി നിൽക്കുന്ന സമയത്തും സതീശൻ പാച്ചേനിയെ തന്നെ മലമ്പുഴയിൽ വീണ്ടും കോൺഗ്രസ് നിയോഗിച്ചു. പാലക്കാട് നിന്ന് ലോക്‌സഭയിലേക്ക് 2009 ൽ പോരാട്ടത്തിന് സതീശൻ പാച്ചേനിയെ പാർട്ടി പരിഗണിച്ചപ്പോൾ നേരിയ 1820 വോട്ടിന് പിറകിൽ പോയി. തുടർന്ന് 5 വർഷത്തിന് ശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളത്തിലെ അതികായൻ എം.പി.വീരേന്ദ്രകുമാർ ഒരു ലക്ഷത്തിലധികം വോട്ടിനാണ് ആ മണ്ഡലത്തിൽ പരാജയപ്പെട്ടത്. 
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി യു.ഡി.എഫ് പ്രതിസന്ധി നേരിട്ട സമയത്ത് സംഘടനാ പോരായ്മകളും സിറ്റിംഗ് എം.എൽ.എയെ മണ്ഡലം മാറ്റിയതുമായി ബന്ധപ്പെട്ട വിഷയങ്ങളിലും കുരുങ്ങി 1196 വോട്ടിന് നിയമസഭാ മണ്ഡലം നഷ്ടമായി.
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം പണി പൂർത്തിയാക്കി ഉദ്ഘാടനത്തിന് ഒരുക്കി നിർത്തിയിരിക്കുകയാണ് പാച്ചേനി. തളിപ്പറമ്പ അർബൻ സഹകരണ ബാങ്കിൽ ജോലി ചെയ്യുന്ന കെ.വി.റീനയാണ് ഭാര്യ. കോഴിക്കോട് ദേവഗിരി കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന ജവഹറും, ഉറുസിലിൻ സീനിയർ സെക്കണ്ടറി സ്‌കൂളിൽ എസ്.എസ്.എൽ.സിക്ക് പഠിക്കുന്ന സാനിയയുമാണ് മക്കൾ


 

Latest News