ധര്‍മടത്ത് ഇരട്ടച്ചങ്കന്‍ തനിച്ച് പോരാടുന്നു 

പാലയാട്, തലശേരി- മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാല് പൊതുയോഗങ്ങളിലും ഏതാനും കുടുംബ സംഗമങ്ങളിലും സംബന്ധിച്ചു. ഈ മാസം പതിനഞ്ച് വരെ കൊടുവള്ളി, അണ്ടലൂര്‍, ചിറക്കുനി എന്നിങ്ങനെ തലശേരിയുടെ പ്രാന്ത പ്രദേശങ്ങളിലെ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രപാരണം നടത്തും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പിണറായി മണ്ഡലത്തിലുണ്ട്. കഴിഞ്ഞ തവണ പിണറായി വിജയിച്ച കണ്ണൂര്‍ ജില്ലയിലെ ധര്‍മടം മണ്ഡലത്തില്‍ തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. 35000 ന് മുകളില്‍ ഭൂരിപക്ഷമുള്ള ഈ സീറ്റ് ചെങ്കോട്ടയാണെന്നതില്‍ എതിരാളികള്‍ക്ക് പോലും മറിച്ച് അഭിപ്രായമുണ്ടാവില്ല. കല്യാശേരി, മട്ടന്നൂര്‍ സീറ്റുകള്‍ പോലെ റെക്കോര്‍ഡ് ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയുള്ള സ്ഥലം. പിണറായിയുടെ സീറ്റില്‍ എതിരാളിയുടെ പോസ്റ്ററുകള്‍ കാണാനേയില്ല. അത് പോട്ടെ, യു.ഡി.എഫ്, ബി.ജെ.പി പാര്‍ട്ടിക്കാര്‍ ചുവരുകള്‍ ബുക്ക് ചെയ്തതും ശ്രദ്ധയില്‍ പെട്ടില്ല. ഫോര്‍വേഡ് ബ്ലോക്കിലെ ദേവരാജന്‍ യു.ഡി.എഫിന് വേണ്ടി മത്സരിക്കുമെന്നാണ് ആദ്യം കേട്ടത്. ഇന്ത്യയിലെ ഏറ്റവും തലയെടുപ്പുള്ള കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയ്‌ക്കെതിരെ ഫോര്‍വേഡ് ബ്ലോക്ക് മത്സരിക്കുന്നതിലെ അനൗചിത്യം കണക്കിലെടുത്ത് പിന്മാറിയതാണെന്നാണ് ശ്രുതി. ഡോ: ഷാമാ മുഹമ്മദിന്റെ പേരും കേട്ടിരുന്നു. ബി.ജെ.പിയുടെ സി.കെ പത്മനാഭന്‍ മത്സരിക്കുമെന്നാണ് സൂചന. ഏതായാലും ഇപ്പോഴത്തെ കാമ്പയിന്‍ ഏകപക്ഷീയമാണെന്നത് വ്യക്തം. ഭരണത്തുടര്‍ച്ചയുണ്ടായാലും ഇല്ലെങ്കിലും ധര്‍മടത്തെ വോട്ടര്‍മാര്‍ ഏതാണ്ട് ഉറപ്പിച്ചത് പോലെയാണ് കാര്യങ്ങള്‍. 
 

Latest News