രാജി നാടകം ഏറ്റില്ല; വെട്ടിലായി കാസർകോട്ട് ഒരു വിഭാഗം ഡി.സി.സി നേതാക്കൾ

കാസർകോട്- കാസർകോട് ജില്ലയിലെ ഒരു വിഭാഗം ഡി സി സി ഭാരവാഹികൾ കഴിഞ്ഞ ദിവസം നടത്തിയ രാജി നാടകം എവിടെയും ഏറ്റില്ല. സ്ഥാനാർത്ഥി നിർണയത്തിൽ ഉറച്ച നിലപാട് സ്വീകരിച്ചു ഹൈക്കമാൻഡ് മുന്നോട്ട് പോകാൻ തീരുമാനിച്ചതോടെ രാജി ഭീഷണി മുഴക്കിയഡി.സി.സി നേതാക്കൾ വെട്ടിലുമായി. ഇവർക്കെതിരായ നടപടി തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ വീട്ടിൽ എത്തുമെന്നാണ് കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചത്. പാർട്ടി അച്ചടക്ക നടപടി എടുക്കുന്നതിൽ ഒരാൾ രാജ് മോഹൻ ഉണ്ണിത്താൻ എം.പിയെ കൈറ്റേം ചെയ്ത സംഭവത്തിൽ ഷോക്കോസ്നോട്ടീസ് കൈപ്പറ്റിയ നേതാവാണെന്ന് പറയുന്നുണ്ട്. ഐശ്വര്യ കേരള യാത്രയുടെ ഉദ്ഘാടന ദിവസം,  അന്തരിച്ച പി.ബി. അബ്ദുറസാഖിന്റെ വീട്ടിൽ വെച്ചായിരുന്നു ഈ സംഭവം. ഉദുമ സീറ്റ് കിട്ടാത്തതിന്റെ പേരിലും തൃക്കരിപ്പൂർ സീറ്റ് ജോസഫ് ഗ്രൂപ്പിന് വിട്ടുനൽകിയതിലും പ്രതിഷേധിച്ചാണ് ഒരു വിഭാഗം കെ.പി.സി.സി, ഡി.സി.സി ഭാരവാഹികൾ മുൻ എം.എ.എ കെ.പി. കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച കാസർകോട്ട് പ്രത്യേകം യോഗം ചേർന്ന് 10 ഡി സി സി ഭാരവാഹികൾ രാജിവെച്ചതായിപ്രഖ്യാപിച്ചത്. ഡി.സി. .സി പ്രസിഡന്റ് ഹക്കീം കുന്നിൽ ഉൾപ്പെടെ രാജിവെച്ചുവെന്നും രാജിക്കത്ത്കെ.പി.സി.സി പ്രസിഡന്റിന്അയച്ചു കൊടുത്തതായും നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. യോഗത്തിന് ശേഷം മാധ്യമങ്ങളുടെ മുമ്പിൽ പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധം അറിയിച്ച കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.പി. .കുഞ്ഞിക്കണ്ണൻ ശനിയാഴ്ച ചെറുവത്തൂരിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി എം.പി. ജോസഫിനെവിജയിപ്പിക്കാൻ ചേർന്ന യു.ഡി. എഫ് യോഗത്തിൽ പങ്കെടുക്കുകയുംകാസർകോട് ജില്ലയിൽ നിന്ന് ഒരാളുടെ രാജിക്കത്തും കിട്ടിയില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിക്കുകയും ചെയ്തതോടെയാണ് ഒരു വിഭാഗം ഭാരവാഹികൾ വെട്ടിലായത്. ചെറുവത്തൂരിലെ യോഗം ഉദ്ഘാടനം ചെയ്തത് കെ.പി. കുഞ്ഞിക്കണ്ണൻ ആയിരുന്നു. ഘടക കക്ഷി എന്ന നിലയിൽ ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കേണ്ടത് കോൺഗ്രസ് പ്രവർത്തകരുടെ ഉത്തരവാദിത്തമാണ് എന്നാണ് അദ്ദേഹം പ്രസംഗിച്ചത്. കെ.പി നിലപാട് മാറ്റിയതോടെ  പ്രതിഷേധക്കാരുടെ ബഹളം ഇല്ലാതായി. ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോൾ ചർച്ച നടത്തിയില്ലെന്നാണ് പരാതി ഉണ്ടായിരുന്നത്. രാജ്മോഹൻ ഉണ്ണിത്താനും കെ.പി. കുഞ്ഞിക്കണ്ണനുംസി.കെ. ശ്രീധരനുംമുമ്പ് മത്സരിക്കാൻ വരുമ്പോൾ ആരും അറിയിച്ചിരുന്നില്ലെന്നും കെ.പിയോട് ചോദിച്ചിരുന്നെങ്കിൽ ഉദുമയിൽ തന്റെ പേരു തന്നെ അദ്ദേഹം പറയുമായിരുന്നു എന്നും ഒരു ഡി.സി.സി ഭാരവാഹി പറഞ്ഞു. കൂടെ നിർത്താൻ ആളില്ലാത്തവരാണ് പ്രതിഷേധം നടത്തിയതെന്നും ആളുണ്ടെങ്കിൽ ഒരു പ്രകടനം നടത്തിയേനേ എന്നും ഒരു യുവനേതാവ്പ്രതികരിച്ചു.


 

Latest News