തലശ്ശേരി- തലശ്ശേരി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നതോടെ പ്രചാരണ പ്രവർത്തനത്തിനും ചൂടേറി. എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എൻ. ഷംസീർ ദിവസങ്ങളായി പ്രചാരണ പ്രവർത്തനങ്ങൾ തുടരുകയാണ്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ എം.പി. അരവിന്ദാക്ഷൻ രംഗത്ത് വന്നതോടെ ചിത്രം തെളിഞ്ഞു. ഡി.സി.സി ജന.സെക്രട്ടറിയും തലശ്ശേരി നഗരസഭാ മുൻ കൗൺസിലറുമായ എം.പി. അരവിന്ദാക്ഷന്റെ പേരിന് തന്നെയായിരുന്നു നേരത്തെ മുൻതൂക്കം. എന്നാൽ ഐ ഗ്രൂപ്പുകാരനായ അരവിന്ദാക്ഷന്റെ പേര് വെട്ടാൻ ചില ഗ്രൂപ്പ് നേതാക്കൾ ശ്രമം നടത്തിയെങ്കിലും ജനകീയ മുഖമുള്ള അരവിന്ദാക്ഷന് തന്നെ നറുക്ക് വീഴുകയായിരുന്നു. നിയമസഭയിലേക്ക് കന്നിയങ്കത്തിനാണ് ഈ കതിരൂർകാരൻ ഇറങ്ങിയത.്
എ.എൻ. ഷംസീർ ഇന്ന് കാലത്ത് വരണാധികാരിയായ തലശ്ശേരി സബ് കലക്ടർ മുമ്പാകെ പത്രിക സമർപ്പിക്കും. തൊഴിൽശാലകളും രാഷ്ട്രീയ അക്രമ സംഭവങ്ങളിൽ കൊല്ലപ്പെട്ടവരുടെ വീടുകളും സന്ദർശിച്ച് ഷംസീർ പ്രചാരണം കൊഴുപ്പിക്കുകയാണ്. ഞായറാഴ്ചയും മണ്ഡലത്തിലെ വിവിധ ലോക്കൽ കൺവെൻഷനുകളിൽ സ്ഥാനാർത്ഥി പങ്കെടുത്തു. കോടിയേരി സൗത്ത്, കോടിയേരി നോർത്ത്, വടക്കുമ്പാട് ലോക്കൽ കൺവെൻഷനുകളിൽ പങ്കെടുത്ത സ്ഥാനാർത്ഥി കടകളിലും മറ്റും കയറിയിറങ്ങി വോട്ടഭ്യർത്ഥിച്ചു.
കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും മണ്ഡലത്തിന് പുറത്തു നിന്നുള്ള ഇറക്കുമതി സ്ഥാനാർത്ഥികളായിരുന്നു യു.ഡി.എഫിന് . എന്നാൽ ഇത്തവണ അതിന് മാറ്റം വരികയാണ്. തലശ്ശേരി നിയോജക മണ്ഡലത്തിൽ 2006 ൽ നടന്ന പോരാട്ടം സംസ്ഥാന ശ്രദ്ധയാകർഷിച്ചിരുന്നു. കോടിയേരി ബാലകൃഷ്ണനെതിരെ കോൺഗ്രസ് രാജ്‌മോഹൻ ഉണ്ണിത്താനെ ഇറക്കി പ്രചാരണത്തിന് ചൂടും വാശിയും നിലനിർത്തുകയായിരുന്നു. കോടിയേരി ഏറെ ഭയന്ന തെരഞ്ഞെടുപ്പ് രംഗവും ഇത് തന്നെയായിരുന്നു. ഒടുവിൽ 10,055 വോട്ടിന് ഉണ്ണിത്താൻ പരാജയപ്പെടുകയായിരുന്നു. 2011 ൽ മണ്ഡലത്തിന്റെ ഘടനയിലും മാറ്റം വന്നു. ആ വർഷം നടന്ന തെരഞ്ഞെടുപ്പിൽ റിജിൽ മാക്കുറ്റിയെ കോടിയേരി ബാലകൃഷ്ണനും 2016 ൽ എ.എൻ. ഷംസീർ എ.പി. അബ്ദുല്ലക്കുട്ടിയെയും മികച്ച ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തുകയായിരുന്നു.
തലശ്ശേരിയിലെ ഒട്ടനവധി വികസന പ്രവർത്തനങ്ങൾക്ക് കക്ഷി രാഷ്ട്രീയം നോക്കാതെ ചുക്കാൻ പിടിക്കാൻ അരവിന്ദാക്ഷന് സാധിച്ചിരുന്നു. തലായ് തുറമുഖ നിർമാണം ആവശ്യപ്പെട്ട് രൂപവത്കരിച്ച കമ്മിറ്റി ചെയർമാൻ, തലശ്ശേരി-മൈസൂർ റെയിൽവേ കർമ സമിതി ചെയർമാൻ തുടങ്ങി ഒട്ടേറെ വികസന കാഴ്ചപ്പാടുള്ള രംഗത്ത് അരവിന്ദാക്ഷന്റെ മുഖം സുപരിചിതമാണ്. ഞായറാഴ്ച സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞയുടനെ അരവിന്ദാക്ഷൻ ആദ്യകാല കോൺഗ്രസ് നേതാക്കളുടെ വീട്ടിലെത്തി അനുഗ്രഹം വാങ്ങി. ഇന്ന് വൈകിട്ട് തലശ്ശേരിയിൽ സ്ഥാനാർത്ഥിയെ അനുഗമിച്ച് കൂറ്റൻ പ്രകടനത്തിന് യു.ഡി.എഫ് ഒരുക്കം ആരംഭിച്ചു. ഇന്ന് മുതൽ പ്രചാരണം ശക്തമാക്കാനാണ് യു.ഡി.എഫ് തീരുമാനം.
അതിനിടെ എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പി ജില്ലാ പ്രസിഡന്റായ എൻ.ഹരിദാസ് മത്സരിക്കും. തലശ്ശേരി സ്വദേശിയായ ഹരിദാസ് നേരത്തെ തലശ്ശേരി നഗരസഭാ കൗൺസിലറായിരുന്നു. ബി.ജെ.പിയും പ്രചാരണം കൊഴുപ്പിക്കാനാണ് നീക്കം നടത്തുന്നത






