Sorry, you need to enable JavaScript to visit this website.

താനൂരിലെ ഖദീജയും മക്കളും എങ്ങോട്ടുപോയി, ക്രൈംബ്രാഞ്ച് അന്വേഷണം അന്തിമഘട്ടത്തിലേക്ക്

മലപ്പുറം- താനൂര്‍ ഓമച്ചപ്പുഴയില്‍ ആറ് വര്‍ഷം മുമ്പ് അമ്മയെയും ഇരട്ടക്കുട്ടികളെയും കാണാതായ കേസില്‍ അന്വേഷണം ക്ലൈമാക്സിലേക്കെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍.
അമ്മയും മക്കളും എങ്ങോട്ടുപോയി, അവര്‍ക്ക് എന്ത് സംഭവിച്ചു തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കാണ് ക്രൈംബ്രാഞ്ച് സംഘം ഉത്തരം തേടിയത്. അതീവരഹസ്യമായി ഓമച്ചപ്പുഴയിലും പരിസരപ്രദേശങ്ങളിലും ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തി. സംശയമുള്ളവരെ നിരീക്ഷണത്തിലാക്കി. നിരവധി ഫോണ്‍കോളുകള്‍ പരിശോധിച്ചു. ഇതിനൊടുവിലാണ് ഖദീജയുടെ ഭര്‍ത്താവിന്റെ ബന്ധു കൂടിയായ ഒരാളിലേക്ക് അന്വേഷണം എത്തിയത്. ഇതിനിടെ പരപ്പനങ്ങാടി കോടതിയില്‍ ക്രൈംബ്രാഞ്ച് സംഘം നുണപരിശോധനക്കായി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്നാണ് ഇവര്‍ കോടതിയെ അറിയിച്ചത്.

കേസുമായി ബന്ധപ്പെട്ട് വളവന്നൂര്‍ സ്വദേശി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹരജി തള്ളിയത്. ഹരജിക്കാരന്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

2014 ഏപ്രില്‍ 27-നാണ് ഓമച്ചപ്പുഴ തറമ്മല്‍ പരേതനായ സൈനുദ്ദീന്റെ ഭാര്യ ഖദീജ(42),  ഇവരുടെ ഇരട്ടക്കുട്ടികളായ ശിഹാബുദ്ദീന്‍(12) , ഷജീന  എന്നിവരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. ഓമച്ചപ്പുഴയിലെ വീട്ടില്‍നിന്നു പെരിന്തല്‍മണ്ണയിലെ സ്വന്തം വീട്ടിലേക്ക് പോയ ഖദീജയെയും മക്കളെയും കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല. സംഭവത്തില്‍ തൊട്ടടുത്ത ദിവസം തന്നെ ബന്ധു താനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വര്‍ഷങ്ങളോളം ലോക്കല്‍ പോലീസ് അന്വേഷണം നടത്തിയിട്ടും പുരോഗതിയുണ്ടായില്ല. തുടര്‍ന്നാണ് മലപ്പുറം ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.


 

 

Latest News