Sorry, you need to enable JavaScript to visit this website.

ജന്മഭൂമി പത്രം കാണിച്ചത് സവർണ ഫാസിസ്റ്റ് മുഖം; വ്യാജവാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കും - സി.പി.ഐ

തൃശൂര്‍:- നാട്ടിക നിയോജകമണ്ഡലത്തിലെ എൽ. ഡി. എഫ്  സ്ഥാനാര്‍ത്ഥി  സി.സി മുകുന്ദന്‍ അന്തരിച്ചു എന്ന തരത്തില്‍ ജന്മഭൂമി പത്രത്തിന്റെ ചരമകോളത്തില്‍ ചിത്രം സഹിതം പ്രസിദ്ധീകരിച്ചുവന്ന വാര്‍ത്ത മനുഷ്യത്വവിരുദ്ധവും അപമാനകരവുമാണെന്ന് സി. പി. ഐ ജില്ല നേതൃത്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജന്മഭൂമി പത്രം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ സവര്‍ണ ഫാസിസ്റ്റ് മുഖമാണ് ഈ വ്യാജവാര്‍ത്തയിലൂടെ വെളിപ്പെട്ടിരിക്കുന്നത്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് ഒരു നേതാവ് തെരഞ്ഞെടുക്കപ്പെടുന്നതിലുള്ള അസഹിഷ്ണുതയുടെ ഭാഗമായാണ് ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. വ്യാജവാര്‍ത്ത ചമച്ച ജന്മഭൂമി പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സി. പി. ഐ ജില്ല സെക്രട്ടറി കെ കെ. വത്സരാജ് അറിയിച്ചു.


 ജന്മഭൂമി പത്രം മാത്രം  മുകുന്ദന്റെ ബയോഡാറ്റ ചരമകോളത്തില്‍ പ്രസിദ്ധീകരിച്ചത് പാര്‍ട്ടിയെ മാത്രമല്ല, നാട്ടിക നിയോജക മണ്ഡലത്തിലെ ജനങ്ങളെയാകെ അപമാനിച്ചതിന് തുല്യമാണെന്നും
 നാട്ടികയില്‍ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ പരാജയം മണത്ത ചില ആളുകള്‍ ബോധപൂര്‍വ്വം ചമച്ചതാണോ ഈ വാര്‍ത്തയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വത്സരാജ് പറഞ്ഞു.


വ്യാജവാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കാതെ പ്രസിദ്ധീകരിച്ച ജന്മഭൂമി പത്രത്തിന്റെ അധികാരികള്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തിട്ടുള്ളത്. ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന്  മുകുന്ദന്റെ കുടുംബം വലിയ മാനസിക സമ്മര്‍ദ്ദത്തിലാണ്. ഈ സാഹചര്യത്തില്‍, ജന്മഭൂമി പത്രത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സി. പി. ഐ. നേതാക്കൾ പറഞ്ഞു.

പോലീസ്  അധികാരികള്‍, മനുഷ്യാവകാശ കമ്മീഷന്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷന്‍, കേരള പത്ര പ്രവര്‍ത്തക യൂണിയന്‍, പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ക്കും  പരാതി നൽകും.

Latest News