ന്യൂദൽഹി- വിമാനയാത്രയിൽ ശരിയായ രീതിയിൽ മാസ്‌ക് ധരിച്ചില്ലെങ്കിൽ വിമാനയാത്ര അനുവദിക്കരുതെന്ന് കേന്ദ്ര സർക്കാർ വിമാനകമ്പനികൾക്ക് നിർദ്ദേശം നൽകി. മാസ്‌ക് ശരിയായി ധരിക്കാൻ നിർദ്ദേശം നൽകിയിട്ടും അനുസരിക്കാത്തവരെ വിമാനത്തിൽനിന്ന് പുറത്താക്കണമെന്നാണ് നിർദ്ദേശം നൽകിയത്. യാത്രയുടെ ഒരു ഘട്ടത്തിലും കോവിഡ് നിർദ്ദേശങ്ങൾ ലംഘിക്കരുതെന്നും കേന്ദ്രം മുന്നറിയിപ്പു നൽകി. നിരന്തരമായി മുന്നറിയിപ്പ് നൽകിയിട്ടും പാലിക്കാത്തവരെ നിയമനടപടിക്ക് വേണ്ടി കൈമാറാമെന്നും നിർദ്ദേശമുണ്ട്. രാജ്യത്ത് ആഭ്യന്തര സർവീസ് വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാർഗനിർദ്ദേശം പുറത്തിറക്കിയത്. മാസ്‌ക് ധരിക്കാൻ വിമുഖത കാണിക്കുന്നവരെ വിമാനത്തിൽനിന്ന് തിരിച്ചിറക്കുകയോ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയോ ചെയ്യാം.