ന്യൂദൽഹി- ജസ്റ്റിസ് ഇന്ദു മൽഹോത്ര വിരമിച്ചതോടെ സുപ്രീം കോടതിയിൽ ഒരു വനിതാ ജഡ്ജി മാത്രമായത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. സുപ്രീം കോർട്ട് യങ് ലോയേഴ്സ് ഫോറത്തിൽ ജസ്റ്റിസ് ഇന്ദു മൽഹോത്രയ്ക്ക് യാത്രയയപ്പ് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ജനതയുടെ ദൈനംദിന ജീവിതത്തിൽ വലിയ സ്വാധീനമുണ്ടാക്കുന്ന ഒരു സ്ഥാപനമെന്ന നിലയ്ക്ക് കാര്യങ്ങൾ കുറെക്കൂടി മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല കേസ് അടക്കം നിരവധി കേസുകൾ കൈകാര്യം ചെയ്ത ബഞ്ചുകളിൽ നിർണായക പ്രാതിനിധ്യം വഹിച്ചതിനു ശേഷമാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര വിരമിച്ചത്. അഭിഭാഷകസ്ഥാനത്തു നിന്ന് നേരിട്ട് സുപ്രീംകോടതിയിലേക്ക് നിയമിക്കപ്പെടുന്ന ആദ്യത്തെ വനിതയെന്ന ബഹുമതിയുണ്ട് ജസ്റ്റിസ് ഇന്ദു മൽഹോത്രയ്ക്ക്. ഇവരുടെ വിരമിക്കലോടെ ഇനി ഒരു വനിതാ ജഡ്ജി മാത്രമാണ് സുപ്രീംകോടതിയിലുള്ളത്. ജസ്റ്റിസ് ഇന്ദിരാ ബാനർജി.
വൈവിധ്യത്തിലധിഷ്ഠിതമായ ജുഡീഷ്യൽ സംവിധാനം ജനങ്ങളുടെ വിശ്വാസം സമ്പാദിക്കുന്നതിന് ഉതകുമെന്ന് ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടി. ഒരു സ്ത്രീയായതു കൊണ്ടല്ല, മറിച്ച് രാജ്യത്തെ ഏറ്റവും മികച്ച അഭിഭാഷകരിലൊരാളായതു കൊണ്ടാണ് ഇന്ദു മൽഹോത്ര ഉയർന്ന പദവിയിലെത്തിയതെന്ന് ചന്ദ്രചൂഢ് പറഞ്ഞു.
അതെസമയം താൻ ജഡ്ജിയായി നിയമിക്കപ്പെട്ടതിനു ശേഷവും തന്റെ ശേഷികളെക്കുറിച്ച് സംശയിച്ചവരുണ്ടായിരുന്നെന്ന് ഇന്ദു മൽഹോത്ര പറഞ്ഞു. സഹപ്രവർത്തകർക്ക് മുൻവിധികളുണ്ടായിരുന്നു. അതിന്റെ ഭാഗമായുള്ള വിവേചനം അനുഭവിക്കേണ്ടി വന്നിരുന്നെന്നും ഇന്ദു മൽഹോത്ര മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഇക്കാരണത്താൽ തന്നെ മറ്റുള്ളവരെക്കാൾ ഇരട്ടി തനിക്ക് കഠിനാധ്വാനം ചെയ്യേണ്ടി വന്നു.






